തേക്കടിക്കാര്‍ക്ക് സ്വന്തം കോളനിയില്‍ എത്തണമെങ്കില്‍ തമിഴ്‌നാട്ടിലെ ഉദ്യോഗസ്ഥരുടെ കനിവ് വേണം
പാലക്കാട്: കേരളത്തിലാണ് പറമ്പികുളവും, തേക്കടിയും. തേക്കടി കഴിഞ്ഞാണ് മുപ്പതേക്കറിലെത്താന്‍. പൊള്ളാച്ചി ആനമല സേത്തുമടയില്‍നിന്ന് 16 കിലോമീറ്റര്‍ കൊടുംകാട്ടിലൂടെ സഞ്ചരിച്ചാലേ തേക്കടിയിലെത്തുകയുള്ളു.
ഇതില്‍ ആറു കിലോമീറ്റര്‍ ആനമല കടുവ സങ്കേതത്തിനകത്തു കൂടിയും. അതിനാല്‍ സ്വകാര്യ വാഹനങ്ങള്‍ തേക്കടിയിലെത്താന്‍ തമിഴ്‌നാട് വനം വകുപ്പിന്റെ മുന്‍കൂര്‍ അനുമതി വാങ്ങിക്കണം.
ഭക്ഷണ സാധനങ്ങളും, വീട് നിര്‍മിക്കാനുള്ള സാമഗ്രികളും ഇവിടേക്ക് എത്തിക്കാന്‍ തമിഴ്‌നാട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് 5000 മുതല്‍ 25000 വരെ കൈക്കൂലി നല്‍കണം.
ഒരുലോഡ് എം.സാന്‍ഡ് പൊള്ളാച്ചിയില്‍നിന്ന് കടത്താന്‍ മാത്രം 5000 രൂപ ഉദ്യോഗസ്ഥര്‍ക്ക് മാമൂല്‍ കൊടുക്കണം. ഈ അവസ്ഥയില്‍ സര്‍ക്കാര്‍ വീടുകള്‍ക്ക് അനുവദിക്കുന്ന തുകയില്‍ നല്ലൊരു ഭാഗം ആദിവാസി കുടുംബങ്ങള്‍ക്ക് മാമൂലിന് മാത്രം മാറ്റിവെക്കണം. കല്ലും മണലും, കമ്പിയും എല്ലാം പുറത്തുനിന്ന് കൊണ്ടുവരണം. കാടിനകത്തുനിന്ന് മണല്‍ എടുത്ത് ഉപയോഗിക്കാന്‍ അവര്‍ക്ക് അവകാശമില്ല.
സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് മാമൂല്‍ നല്‍കാതെ തേക്കടിയില്‍ എത്താം. അത്യാവശ്യം രോഗികളെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും ഒരു സൗകര്യവും തേക്കടിയില്‍ ഇല്ല.
ഇപ്പോള്‍ അന്‍പത് ആദിവാസി കുടുംബങ്ങള്‍ക്ക് കൂടി കൊല്ലങ്കോട് ബ്ലോക്ക് ഓഫിസില്‍നിന്ന് വീട് നിര്‍മിക്കാന്‍ ഫണ്ട് അനുവദിച്ചിട്ടുണ്ട്. ഇതിനുള്ള സാമഗ്രികള്‍ എത്തിക്കാനാണ് ഇവര്‍ക്ക് പ്രയാസം നേരിടുന്നത്.
അതിനാല്‍ സാധനങ്ങള്‍ കടത്തിക്കൊണ്ടു പോവാന്‍ വാഹനസൗകര്യം കൂടി ഏര്‍പെടുത്തണമെന്നാണ് ഇവിടത്തുകാര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."