നിര്‍മാണത്തിലെ അപാകത: പുതിയ വീടുകള്‍ ആദിവാസികള്‍ ഉപയോഗിക്കുന്നില്ല
പാലക്കാട്: കൊടുംകാടിനകത്തു ആദിവാസികള്‍ക്കു അശാസ്ത്രീയമായ രീതിയില്‍ നിര്‍മിച്ചു നല്‍കിയ വീടുകള്‍ ആദിവാസികള്‍ ഉപയോഗിക്കുന്നില്ല. ഇപ്പോഴും അവര്‍ പഴയ കുടിലുകളില്‍ തന്നെയാണ് താമസം. ഐ.എ.വൈ പദ്ധതിപ്രകാരം 2012- 13 വര്‍ഷത്തിലാണ് നെമ്മാറ വനം ഡിവിഷന്റെ കീഴില്‍ വരുന്ന തേക്കടി മുപ്പത് ഏക്കര്‍ കോളനിയില്‍ പട്ടിക വര്‍ഗ വകുപ്പിന്റെ ഫണ്ടുപയോഗിച് 43 വീടുകള്‍ വനംവകുപ്പ് പണിതത്. ഇനിയും വീടില്ലാത്ത നൂറോളം കുടുംബങ്ങള്‍ ഇവിടെയുണ്ട്.
14-15 ല്‍ പണിപൂര്‍ത്തീകരിച്ചു ആദിവാസികള്‍ക്ക് കൈമാറിയെങ്കിലും ഇതിനകത്തു സുരക്ഷിതത്ത്വം ഇല്ലെന്ന് പറഞ്ഞാണ് ആദിവാസികള്‍ ഈ വീടുകളില്‍ താമസിക്കാന്‍ തയ്യാറാവാത്തത്. വളരെ നല്ല രീതിയില്‍ വീടുകള്‍ പണിതിട്ടുണ്ടെങ്കിലും മേല്‍ ചുവരും, മേല്‍ക്കൂരയും നിര്‍മാണത്തിലെ അപാകത മൂലം വലിയ വിടവുള്ളതിനാല്‍ ഇതിനകത്തു കുരങ്ങുകളും, മറ്റു മൃഗങ്ങളും വീടിനകത്തേക്കു കയറി ശല്യം ചെയ്യുന്നതിനാലാണ് ഇതിനകത്തു താമസിക്കാത്തതെന്ന് ഇവിടത്തെ ആദിവാസി കുടുംബങ്ങള്‍ പറയുന്നു.
ഭക്ഷണം പാചകം ചെയ്തു വീടിനകത്തു സൂക്ഷിച്ചാല്‍ പകല്‍ സമയത്തു കുരങ്ങന്മാര്‍ നുഴഞ്ഞിറങ്ങി അകത്തു കടന്ന് ഭക്ഷണം മുഴുവന്‍ തിന്നു തീര്‍ക്കും. അതുകൊണ്ട് പഴയ കുടിലുകളിലെ അടുക്കളകളില്‍ ഭക്ഷണം സുരക്ഷിതമായി വെക്കാന്‍ കഴിയുന്നുണ്ട്. ഇപ്പോള്‍ പ്രായമായവര്‍ മാത്രം രാത്രി അന്തിയുറങ്ങാന്‍ വീട്ടിലെത്തും.
പഴയ കുടിലില്‍ തന്നെയാണ് മറ്റുള്ളവര്‍ കഴിയുന്നത്. ഭവനിര്‍മാണത്തിലെ ചെറിയ പിഴവു മൂലം നല്ല വീടായിട്ടും താമസിക്കാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. പുതിയ വീടുകള്‍ നിര്‍മിച്ച പ്രദേശത്തു കുടിവെള്ളത്തിനും ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്.
പറമ്പിക്കുളം വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന തേക്കടി, മുപ്പതേക്കര്‍ എന്നി പ്രദേശങ്ങളില്‍ ആനയും, കടുവയും, പുലിയുമുള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ പകല്‍ സമയത്തും നടമാടുന്നുണ്ടെന്ന് ഇവിടത്തുകാര്‍ പറയുന്നു. ഈ സാഹചര്യത്തില്‍ പുതിയ വീടിനകത്ത് ഭയമില്ലാതെ കഴിയാന്‍ പറ്റില്ലെന്നും അവര്‍ പറയുന്നു. പുതിയ വീടുകളുടെ നിര്‍മാണത്തിലെ അപാകത പരിഹരിച്ചാല്‍ മാത്രമേ അതിനകത്തു കയറി താമസിക്കുകയുള്ളുവെന്നും അല്ലാത്തപക്ഷം പഴയ കുടിലുകളില്‍ തന്നെ കഴിയുമെന്നും ആദിവാസികുടുംബങ്ങള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."