ഹരിയാനയിലും പഞ്ചാബിലും ആം ആദ്മിയുമായി സഖ്യത്തിനില്ലെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: കോണ്‍ഗ്രസും ആം ആദ്മിയും തമ്മില്‍ ഡല്‍ഹിയില്‍ ധാരണയുണ്ടാക്കുന്നതു സംബന്ധിച്ച ഊഹാപോഹങ്ങള്‍ക്കിടെ ഹരിയാനയിലും പഞ്ചാബിലും അരവിന്ദ് കെജ്രിവാളിന്റെ പാര്‍ട്ടിയുമായി ഒരു തരത്തിലുള്ള സഖ്യവുമുണ്ടാക്കില്ലെന്ന് കോണ്‍ഗ്രസ്. രണ്ടു സംസ്ഥാനങ്ങളിലെയും സ്ഥാനാര്‍ഥികളെ ഉടന്‍ പ്രഖ്യാപിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് സുര്‍ജെവാല പറഞ്ഞു.
ഹരിയാനയിലെ ഗുഡ്ഗാവ്, ഫരീദാബാദ്, കര്‍ണാല്‍ എന്നീ സീറ്റുകള്‍ നല്കിയാല് മാത്രമേ കോണ്‍ഗ്രസുമായി ഡല്‍ഹിയില്‍ സഖ്യമുണ്ടാക്കൂവെന്ന് കെജ്രിവാള് പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്. എന്നാല്‍ ഹരിയാനയില്‍ ആം ആദ്മി നീക്കുപോക്കിനു തയാറല്ലെങ്കില്‍ സഖ്യചര്‍ച്ച എവിടെയുമെത്തില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.
അതേസമയം തലസ്ഥാനത്ത് സഖ്യമുണ്ടാക്കുന്ന കാര്യത്തില്‍ ഉടന്‍ അന്തിമ തീരുമാനത്തിലെത്തുമെന്നും സുര്‍ജെവാല പറഞ്ഞു. ശനിയാഴ്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇക്കാര്യത്തില്‍ ഡല്‍ഹിയിലെ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. കോണ്‍ഗ്രസ് ഡല്‍ഹി ഘടകം അധ്യക്ഷയും മുന്‍ മുഖ്യമന്ത്രിയുമായ ഷീലാ ദീക്ഷിത്, എ.ഐ.സി.സി ജന. സെക്രട്ടറി പി.സി ചാക്കോ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."