നിസംഗതയോടെ കശ്മിര്‍
ന്യൂഡല്‍ഹി: 2018 ഡിസംബര്‍ മുതല്‍ ഗവര്‍ണര്‍ ഭരണമാണെങ്കിലും കശ്മിരില്‍ നിയമസഭാ തെരഞ്ഞെടുപ്പില്ല. നടക്കുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പ് മാത്രം. ആകെയുള്ള ആറു സീറ്റുകളില്‍ അഞ്ചു ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ്. പ്രചാരണങ്ങളില്ല, ബഹളങ്ങളില്ല, ഡല്‍ഹിയിലിരുന്ന് നിയന്ത്രിക്കുന്ന ഗവര്‍ണര്‍ ഭരണത്തിനു കീഴില്‍ സൈന്യത്തിന്റെ കടുത്ത സുരക്ഷയിലുള്ള തെരഞ്ഞെടുപ്പില്‍ നാട്ടുകാര്‍ക്ക് താല്‍പര്യവുമില്ല. ബാരാമുല്ല, ജമ്മു, പൂഞ്ച് എന്നീ മണ്ഡലങ്ങളില്‍ ആദ്യഘട്ടത്തില്‍ ഏപ്രില്‍ 11നാണ് വോട്ടെടുപ്പ്. ശ്രീനഗറിലും ഉദ്ദംപൂര്‍-ദോഡയിലും ഏപ്രില്‍ 18ന് വോട്ടെടുപ്പ് നടക്കും. അനന്തനാഗില്‍ ഒരു മണ്ഡലത്തില്‍ മാത്രം മൂന്നു ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. ഏപ്രില്‍ 23ന് മണ്ഡലത്തിലെ അനന്തനാഗ് ജില്ലയിലും 29ന് കുല്‍ഗാം ജില്ലയിലും മെയ് ആറിന് പുല്‍വാമ, ഷോപ്പിയാന്‍ ജില്ലകളിലും തെരഞ്ഞെുപ്പ് നടക്കും. ലഡാക്ക് മണ്ഡലത്തില്‍ മെയ് ആറിന് അഞ്ചാം ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ്.
2014ലെ തെരഞ്ഞെടുപ്പില്‍ മൂന്നു സീറ്റ് പി.ഡി.പിയും മൂന്നു സീറ്റ് ബി.ജെ.പിയുമാണ് നേടിയത്. നാഷനല്‍ കോണ്‍ഫറന്‍സിന് സീറ്റൊന്നും കിട്ടിയില്ല. ലഡാക്കും ജമ്മുവും ഉദ്ദംപൂരുമാണ് ബി.ജെ.പി ജയിച്ചത്. ബാക്കി സീറ്റുകള്‍ അന്ന് പി.ഡി.പി നേടിയെങ്കിലും ശ്രീനഗറില്‍ 2017ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ നാഷനല്‍ കോണ്‍ഫറന്‍സിന്റെ ഫാറൂഖ് അബ്ദുല്ല വിജയിച്ചു. ശ്രീനഗറില്‍ നിന്ന് ഇത്തവണയും ഫാറൂഖ് അബ്ദുല്ല മത്സരിക്കുന്നുണ്ട്. അനന്തനാഗില്‍ നിന്ന് മഹ്ബുബ മുഫ്തിയും ജനവിധി തേടുന്നു. ബി.ജെ.പി തോറ്റ മൂന്നു സീറ്റിലും രണ്ടു ശതമാനത്തില്‍ താഴെ വോട്ടാണ് പാര്‍ട്ടിക്ക് കഴിഞ്ഞ തവണ കിട്ടിയത്. തെരഞ്ഞെടുപ്പിന് കൂടുതല്‍ സുരക്ഷാ സൈനികരെ വിന്യസിക്കാന്‍ ആഴ്ചയില്‍ രണ്ടുദിവസം ജമ്മു-ശ്രീനഗര്‍ ഹൈവേയില്‍ സിവിലിയന്‍മാര്‍ക്ക് പ്രവേശനം നിഷേധിച്ചത് തെരഞ്ഞെടുപ്പുണ്ടാക്കിയ ദുരിതമായാണ് കശ്മിരികള്‍ കാണുന്നത്. നാട്ടുകാര്‍ക്കുള്ള ഒരെയൊരു കരയാത്രാമാര്‍ഗമാണ് ജമ്മു-ശ്രീനഗര്‍ ഹൈവേ.
400 കമ്പനി അര്‍ധ സൈനികരെയാണ് തെരഞ്ഞെടുപ്പിനായി അധികമായി വിന്യസിക്കുന്നത്. സ്ഥാനാര്‍ഥികള്‍ക്ക് പ്രത്യേക സുരക്ഷയുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ബോഡിഗാര്‍ഡുകള്‍ വേറെയും. ഇതു കൂടാതെ കോണ്‍ഗ്രസിലും പി.ഡി.പിയിലുമായുള്ള 700 രാഷ്ട്രീയ നേതാക്കള്‍ക്കും സുരക്ഷ വേണം. താഴ്‌വരയില്‍ ആളില്ലെങ്കിലും ബി.ജെ.പി പത്രങ്ങള്‍ക്ക് ഫുള്‍പേജ് പരസ്യം നല്‍കുന്നുണ്ട്. കശ്മിരേതര സംസ്ഥാനങ്ങളില്‍ പ്രചരിപ്പിക്കുന്ന ഭരണഘടനയിലെ 370ഓ 35എയോ എടുത്തു കളയുന്നതിനെ കുറിച്ചൊരു പരാമര്‍ശം പോലുമില്ല. തൊഴിലും വികസനവും മാത്രമാണ് സംസാരിക്കുന്നത്. ആളുകള്‍ കുറവാണെങ്കിലും എല്ലാ പാര്‍ട്ടികളും തെരഞ്ഞെടുപ്പ് റാലികളൊക്കെ സംഘടിപ്പിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."