ജലന്ധര്‍ ബിഷപ്പിന്റെ പീഡനം: സ്ഥിരീകരിച്ച് ഡോക്ടറുടെ മൊഴി
കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കന്യാസ്ത്രീയുടെ പരാതി സ്ഥിരീകരിച്ച് വൈദ്യപരിശോധന നടത്തിയ ഡോക്ടറുടെ മൊഴിയും. അന്വേഷണസംഘത്തിന് മുന്‍പാകെ നല്കിയ മൊഴിയിലാണ് കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ടതായി വൈദ്യപരിശോധനയില്‍ വ്യക്തമായതെന്ന് ഡോക്ടര്‍ മൊഴി നല്കി. ഇതോടെ കേസന്വേഷവുമായി ബന്ധപ്പെട്ട മൊഴികളുടെ രേഖപ്പെടുത്തലും, ശാസ്ത്രീയപരിശോധനകളും പൂര്‍ത്തിയായി. വ്യക്തമായ തെളിവുകള്‍ ഉറപ്പു വരുത്തി ബിഷപ്പിനെ അറസ്റ്റുചെയ്യാനാണ് അന്വേഷണസംഘം ലക്ഷ്യമിടുന്നത്.
ഇരുസംസ്ഥാനങ്ങളുമായി ബന്ധപ്പെട്ടുള്ള വിഷയമായതിനാല്‍ എസ്.പിയുമായി വിശദമായി ചര്‍ച്ച ചെയ്ത ശേഷമായിരിക്കും തുടര്‍നടപടികളെന്ന് വൈക്കം ഡിവൈ.എസ്.പി അറിയിച്ചു. ബിഷപ്പിനെ ചോദ്യംചെയ്യുന്നതിനായി ജലന്ധറിലേക്ക് പോകും. എന്നാല്‍ അറസ്റ്റ് എപ്പോഴുണ്ടാകുമെന്ന് ഈ ഘട്ടത്തില്‍ പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കന്യാസ്ത്രീ കോടതിയില്‍ നല്കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. മജിസ്ട്രേറ്റ് മുന്‍പാകെ നല്കിയ 114 പേജുള്ള രഹസ്യമൊഴിയില്‍ കന്യാസ്ത്രീ ഉറച്ചു നില്‍ക്കുന്നുണ്ട്.
കുറവിലങ്ങാട് നാടുക്കുന്നിലെ മഠത്തില്‍വച്ച് ബിഷപ്പ് ഫ്രാങ്കോ 13 തവണ പീഡിപ്പിച്ചെന്നായിരുന്നു കന്യാസ്ത്രീയുടെ പരാതി. പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് അന്വേഷണസംഘത്തിന് ആദ്യം നല്കിയ മൊഴിയിലുള്ളത്. ഇതില്‍ വ്യക്തത വരുത്തുന്നതിനായി കന്യാസ്ത്രീയില്‍നിന്ന് അന്വേഷണസംഘം വീണ്ടും മൊഴിയെടുത്തു. ഇന്നലെ വൈകീട്ട് മൂന്നിന് കുറവിലങ്ങാട്ടെ മഠത്തിലെത്തി നടത്തിയ മൊഴിയെടുപ്പ് നാലരമണിക്കൂര്‍ നീണ്ടു.
രഹസ്യമൊഴിയില്‍ കന്യാസ്ത്രീ ഉറച്ചുനിന്നതായി അന്വേഷണ സംഘം പറഞ്ഞു. വൈദ്യപരിശോധന നടത്തിയ ഡോക്ടറും പീഡനം സ്ഥിരീകരിച്ചതോടെയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റുചെയ്യാനുള്ള അന്വേഷണസംഘത്തിന്റെ നീക്കം. കര്‍ദിനാള്‍, പാലാ ബിഷപ്പ്, കുറവിലങ്ങാട് പള്ളി വികാരി എന്നിവരില്‍ നിന്ന് വൈകാതെ അന്വേഷണ സംഘം മൊഴിയെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."