കോഴിക്കോട് സൗത്ത് ബീച്ചിലെ കൊലപാതകം: രണ്ടുപേര്‍ അറസ്റ്റില്‍
കോഴിക്കോട്: സൗത്ത് ബീച്ചില്‍ രണ്ടുവര്‍ഷം മുന്‍പ് കഞ്ചാവ് വില്പനക്കാരന് കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ടു പേരെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു.
കൊടുവള്ളി വാവാട് സ്വദേശി സിറാജുദ്ദീന് (27), അത്തോളി സ്വദേശി അമീര്‍ അലി എന്നിവരെയാണ് ക്രൈംബ്രാഞ്ച് എസ്.ഐ അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. 2018 ഫെബ്രുവരില്‍ സൗത്ത് ബീച്ച് പരിസരത്ത് അസീസ് (കുതിര അസു -50) എന്നയാള്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് അറസ്റ്റ്. നേരത്തെ ടൗണ്‍ പൊലിസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. സംഭവത്തിന് ശേഷം കോഴിക്കോട് നിന്ന് മുങ്ങി കാസര്‍കോട് മഞ്ചേശ്വരത്ത് നിര്‍മാണ തൊഴിലാളിയായി കഴിയുകയായിരുന്നു സിറാജുദ്ദീന്. നഗരത്തിലെ വിവിധ പൊലിസ് സ്റ്റേഷനുകളിലായി 13 ഓളം കേസുകളിലെ പ്രതിയാണ് സിറാജുദ്ദീന്. കഞ്ചാവ് ഇടപാട് സംബന്ധിച്ചുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കോണ്‍ക്രീറ്റ് കട്ട കൊണ്ട് തലക്കും കഴുത്തിലും ഇടിച്ചാണ് അസീസിനെ കൊലപ്പെടുത്തിയതെന്ന് ഇയാള്‍ സമ്മതിച്ചിട്ടുണ്ട്.
കാസര്‍കോട്ടേക്ക് മുങ്ങിയ സിറാജുദ്ദീന് പറവൂര്‍ സ്വദേശിയായ മുഹമ്മദ് എന്നയാളുടെ പേരില്‍ സിംകാര്‍ഡ് എടുത്താണ് ഫോണ്‍ ഉപയോഗിച്ചിരുന്നത്. പൊലിസ് മഞ്ചേശ്വരത്തെത്തിയാണ് സിറാജുദ്ദീനെ വലയിലാക്കിയത്. ഇയാളില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ചാണ് അമീര്‍ അലിയെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."