പള്ളിപ്പുറത്ത് മോഷണവും പിടിച്ചുപറിയും വ്യാപകമായി; ജനങ്ങള്‍ ഭീതിയില്‍
പൂച്ചാക്കല്‍: പള്ളിപ്പുറത്ത് പട്ടാപ്പകല്‍ വീണ്ടും മോഷണം. നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍നിന്നു പണവും പലചരക്ക് കടയില്‍ നിന്നും സാധനങ്ങളും മോഷ്ടിച്ചു.
പള്ളിപ്പുറം കൃഷിഭവന് സമീപം നിര്‍മാണത്തിലുള്ള വീടിന്റെ കരാറുകാരന്‍ നാലാം വാര്‍ഡ് പടിഞ്ഞാറെ തമ്പുരാങ്കല്‍ അഭിലാഷിന്റെ 2050 രൂപയും 6000 രൂപ വിലയുള്ള മൊബൈല്‍ഫോണുമാണ് നഷ്ടപ്പെട്ടത്. ഇന്നലെ വൈകിട്ട് മൂന്നരയോടെയായുരുന്നു സംഭവം. വീടിന്റെ ഒന്നാംനിലയില്‍ അഭിലാഷും രണ്ടു തൊഴിലാളികളും ജോലി ചെയ്യുന്നതിനിടെ താഴത്തെ നിലയിലെ മുറിയില്‍ അഭിലാഷ് ഷര്‍ട്ടില്‍ സൂക്ഷിച്ചിരുന്ന പണവും മൊബൈല്‍ഫോണുമാണ് നഷ്ടപ്പെട്ടത്.
അപരിചിതനായ ആളെ കണ്ട് അഭിലാഷെത്തിയപ്പോഴേക്കും മോഷ്ടാവ് ഓടി റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ചേര്‍ത്തല പൊലീസില്‍ പരാതി നല്‍കി. അതിനിടെ പള്ളിപ്പുറം ജംഗ്ഷനിലെ പലചരക്ക് വ്യാപാരി രാമകൃഷ്ണന്റെ കടയിലും മോഷണം നടന്നു. മോഷ്ടാക്കളെ കടക്കാരും നാട്ടുകാരും ചേര്‍ന്ന് പിടികൂടി പൊലീസിന് കൈമാറി. ഇവര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. എന്നാല്‍ അവരല്ല തന്റെ പണം മോഷ്ടിച്ചതെന്ന് അഭിലാഷ് തിരിച്ചറിഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്ച്ച വൈകിട്ട് സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് പോയ അധ്യാപിക പള്ളിപ്പുറം വട്ടത്തറ തങ്കമ്മ ആന്റണിയുടെ താലിമാല പൊട്ടിച്ചു കടന്ന സംഭവമുണ്ടായി. ഇതില്‍ രണ്ടുപേരെ ചേര്‍ത്തല പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യുകയാണ്. അതിനു മുന്‍പ് പള്ളിപ്പുറം കാര്‍ഗില്‍ ജംഗ്ഷനില്‍ ഭാഗ്യക്കുറി വ്യാപാരി തൈക്കാട്ടുശേരി പഞ്ചായത്ത് ഒന്നാം വാര്‍ഡ് കൃഷ്ണവിലാസത്തില്‍ ദാമോദരന്‍നായരെ കബളിപ്പിച്ച് 20 ലോട്ടറി ടിക്കറ്റുകള്‍ തട്ടിയെടുത്തിരുന്നു. പള്ളിപ്പുറത്ത് പട്ടാപ്പകല്‍ തുടര്‍ച്ചയായുണ്ടാകുന്ന മോഷണങ്ങളില്‍ ജനം ഭീതിയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."