കരിപ്പൂരില്‍ വിമാനത്തിന്റെ എന്‍ജിനും ചക്രവും തകര്‍ന്ന സംഭവം: പ്രാഥമിക റിപ്പോര്‍ട്ട് കൈമാറി
കൊണ്ടോട്ടി: കരിപ്പൂരില്‍ എയര്‍ഇന്ത്യ വിമാനത്തിന്റെ എന്‍ജിനും ചക്രവും തകര്‍ന്ന സംഭവത്തില്‍ എയര്‍ ഇന്ത്യയും എയര്‍പോര്‍ട്ട് അതോറിറ്റിയും ഉന്നതാധികാരികള്‍ക്ക് പ്രാഥമിക റിപ്പോര്‍ട്ട് കൈമാറി. വിമാനത്തിന്റെ അപകടത്തിന് കാരണവും വ്യാപ്തിയും വിശദീകരിച്ചുള്ള റിപ്പോര്‍ട്ടാണ് കൈമാറിയത്. ഇത് സംബന്ധിച്ച് വ്യോമയാന മന്ത്രാലയവും റിപ്പോര്‍ട്ട് ആവശ്യപ്പെടും.
രണ്ട് വര്‍ഷത്തിന് ശേഷമാണ് കരിപ്പൂരില്‍ വിമാനങ്ങളുടെ തകരാറും അപകടവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പക്ഷിമൃഗാദികളുടെ ശല്യംമൂലമുണ്ടാകുന്ന അപകടങ്ങളാണ് ഇവയിലേറെയും.പിന്നീട് പക്ഷികളെ തുരത്താന്‍ വെടിപൊട്ടിച്ച് നടപടികള്‍ സ്വീകരിക്കുകയും സമീപത്തെ കുറ്റിക്കാടുകള്‍ വെട്ടിത്തെളിക്കുകയും ചെയ്തു. നിലവില്‍ കാലപ്പഴക്കമുള്ള വിമാനങ്ങള്‍ക്കാണ് എന്ജിന് തകരാര്‍ ഏറെ കാണപ്പെടുന്നത്. ഇത്തരത്തിലുള്ള വിമാനമാണോ കരിപ്പൂര്‍-ദുബൈ സെക്ടറില്‍ സര്‍വിസ് നടത്തുന്നതെന്നും പരിശോധിക്കുന്നുണ്ട്.
കരിപ്പൂരില്‍ നിന്ന് 186 യാത്രക്കാരുമായി പറന്നുയരാന്‍ റണ്‍വേയിലേക്ക് നീങ്ങിയ എയര്‍ ഇന്ത്യയുടെ 937 വിമാനമാണ് അപകടത്തില്‍ നിന്ന് ഇന്നലെ തലനാരിഴക്ക് രക്ഷപ്പെട്ടത്. വിമാനം റണ്‍വേയിലൂടെ 600 മീറ്റര്‍ നീങ്ങി അമിത വേഗതയില്‍ കുതിക്കാനുള്ള തയാറെടുപ്പിനിടെയാണ് ഇടതു ഭാഗത്തെ എന്ജിന് തകരാറിലായത്.
വിമാനത്തിന്റെ എന്ജിനുള്ളില് നിന്ന് സ്പെയര്‍പാട്സുകള്‍ റണ്‍വേയില്‍ ചിതറിത്തെറിച്ചു. ആടിയുലഞ്ഞ വിമാനം റണ്‍വേയുടെ വശത്തെ ലൈറ്റിലൂടെ കയറിയിറങ്ങിയതിനാല്‍ ചക്രവും തകരുകയായിരുന്നു.
എയര്‍ ഇന്ത്യ വിമാനങ്ങളുടെ കാലപ്പഴക്കവും എന്ജിന് തകരാറിനടക്കം കാരണമാകുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."