ബ്രിട്ടനില്‍ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു
ലണ്ടന്‍: പ്രധാനമന്ത്രിയുടെ ബ്രക്‌സിറ്റ് നയതന്ത്രത്തെ തുടര്‍ന്ന് മന്ത്രിമാര്‍ രാജിവച്ച് പ്രതിസന്ധിയിലായ തെരേസ മേ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. ബ്രിട്ടനിലെ ബ്രക്‌സിറ്റ് മന്ത്രി ഡേവിസ് ഡേവിഡ്, വിദേശകാര്യ മന്ത്രി ബോറിസ് ജോണ്‍സണ്‍ എന്നിവര്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് ബ്രിട്ടനില്‍ മന്ത്രിസഭ പുനഃസംഘടിപ്പിത്. പ്രധാനമന്ത്രി തെരേസ മേയുടെ ബ്രക്‌സിറ്റ് തന്ത്രത്തെചൊല്ലിയുള്ള അഭിപ്രായ ഭിന്നത മൂര്‍ച്ഛിച്ചായിരുന്നു മന്ത്രിമാരുടെ രാജി. ഇരുവരുടെയും രാജി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയതോടെ മന്ത്രിസഭ പുനസംഘടിപ്പിക്കാന്‍ മേ നിര്‍ബന്ധിതയാകുകയായിരുന്നു.
ബോറിസ് ജോണ്‍സണ്‍ രാജിവച്ച ഒഴിവില്‍ ജെറമി ഹണ്ട് ആണ് പുതിയ വിദേശകാര്യ മന്ത്രി. നിലവില്‍ ആരോഗ്യ മന്ത്രിയാണ് ജെറമി ഹണ്ട്. സാംസ്‌കാരിക വകുപ്പ് മന്ത്രിയായ മാറ്റ് ഹാന്‍കോക്കിനെ പുതിയ ആരോഗ്യമന്ത്രിയായും നിയമിച്ചിട്ടുണ്ട്. അറ്റോര്‍ണി ജനറല്‍ ജെറമി റൈറ്റാണ് പുതിയ സാംസ്‌കാരിക മന്ത്രി. പാര്‍ലമെന്റിലെ പുതുമുഖമായ ജെഫ്‌റി കോക്‌സിനെ അറ്റോര്‍ണി ജനറലായും നിയമിച്ചു. നിലവില്‍ ഭവനകാര്യ മന്ത്രിയായിരുന്ന ഡൊമിനിക് റാബാണ് പുതിയ ബ്രക്‌സിറ്റ് മന്ത്രി. രാജിവച്ച മന്ത്രിമാരുടെ ഇതുവരെയുള്ള സേവനങ്ങള്‍ക്ക് നന്ദി പറഞ്ഞാണ് പ്രധാനമന്ത്രി മൂന്നുപേരുടെയും രാജി സ്വീകരിച്ചത്.
തെരേസ മേ പുതിയ ബ്രക്‌സിറ്റ് പദ്ധതികള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായായിരുന്നു ഇരുവരുടെയും രാജി. ഇതുസംബന്ധി ച്ച് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തുന്നതിന് അര മണിക്കൂര്‍ മുന്‍പായിരുന്നു ജോണ്‍ണ്‍ രാജി വെച്ചത്. മേയുടെ പുതിയ ബ്രക്‌സിറ്റ് പദ്ധതികള്‍ക്കെതിരേ നിരവധി കണ്‍സര്‍വേറ്റീവ് എം.പിമാര്‍ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയായിരുന്നു മന്ത്രിമാരുടെ രാജി. യൂറോപ്യന്‍ യൂനിയനില്‍നിന്നുള്ള പിന്‍മാറ്റത്തില്‍ ആവശ്യത്തിലേറെ വിട്ടുവീഴ്ച ചെയ്യുന്ന നിലപാടാണ് പ്രധാനമന്ത്രിയുടേതെന്നാണ് ആരോപണം. ബ്രിട്ടന്റെ ഏറ്റവും വലിയ കയറ്റുമതി വിപണിയായ യൂറോപ്പ് നഷ്ടമാകാതിരിക്കാന്‍ യൂറോപ്യന്‍ യൂനിയന്റെ കര്‍ശനമായ നിബന്ധനകള്‍ക്ക് പ്രധാനമന്ത്രി വഴങ്ങിക്കൊടുക്കുവെന്നാണ് പ്രധാന പരാതി.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നാളെ രാജ്യം സന്ദര്‍ശിക്കാനിരിക്കെയാണ് ബ്രിട്ടനില്‍ നാടകീയ സംഭവ വികാസങ്ങള്‍ ഉടലെടുത്തത്. 2019 മാര്‍ച്ച് 29നാണ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയന്‍ വിടുക. ഇതിനു മുന്‍പായി ഇരുകൂട്ടരും പരസ്പരമുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി ഉടമ്പടി ഒപ്പുവെക്കണം. ഇതിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കവെയാണ് മന്ത്രിമാരുടെ രാജിയെന്നതും ശ്രദ്ധേയമാണ്. മന്ത്രിസഭ പുനസംഘടിപ്പിച്ചെങ്കിലും അഴിമതിയും ലൈംഗിക അപവാദങ്ങളും മൂലം ഒട്ടേറെ മന്ത്രിമാരെ നഷ്ടമായ തെരേസ മേ സര്‍ക്കാരിന് ഡേവിസിന്റെയും ജോണ്‍സന്റെയും രാജി കൂടുതല്‍ വിഷമവൃത്തത്തിലാക്കിയിട്ടുണ്ട്. മന്ത്രിമാരുടെ രാജിയുണ്ടാക്കിയ പ്രതിസന്ധി തല്‍ക്കാലത്തേക്ക് പരിഹരിച്ചെങ്കിലും തെരേസ മേ സര്‍ക്കാരിന്റെ ഭാവി ഭീഷണിയിലാണ് എന്ന തരത്തിലാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ പ്രാദേശിക പാര്‍ട്ടിയായ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിയുടെ (ഡി.യു.പി) പിന്തുണയോടെയാണ് നിലവില്‍ മേ സര്‍ക്കാരിന്റെ ഭരണം.
രാജിവച്ച മന്ത്രിമാര്‍ക്ക് പുറമെ ഏതാനും ബ്രക്‌സിറ്റ് വാദികള്‍ കൂടി പുറത്ത് പോയാല്‍ സര്‍ക്കാരിന് ഭൂരിപക്ഷം തികയാതാകും. ആ സാഹചര്യത്തില്‍ പ്രതിപക്ഷം അവിശ്വാസം കൊണ്ടുന്നാല്‍ മന്തിസഭ വീഴുന്ന സാഹചര്യമാണ് നിലവിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."