ഒടുവില്‍ പിടിവാശി ഉപേക്ഷിച്ചു; പൊതുസ്ഥലത്ത് മാസ്ക് ധരിച്ച് ട്രംപ്
വാഷിങ്ടണ്‍: മാസ്ക് ധരിക്കില്ലെന്ന നയം മാറ്റി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വാള്‍ട്ടര്‍ റീഡ് നാഷണല്‍ മിലിട്ടറി മെഡിക്കല്‍ സെന്റര്‍ സന്ദര്‍ശനത്തിനിടെ മാസ്ക് ധരിച്ചാണ് ട്രംപ് പ്രത്യക്ഷപ്പെട്ടത്. ശനിയാഴ്ച്ച സെന്ററില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ ആരോഗ്യപ്രവര്‍ത്തകരേയും പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെയും സന്ദര്‍ശിക്കാനെത്തിയതായിരുന്നു ട്രംപ്.
'ഞാന്‍ ഒരിക്കലും മാസ്കിനെതിരായിട്ടില്ല, പക്ഷേ അത് ഉപയോഗിക്കാന്‍ സമയവും സ്ഥലവുമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു,' ട്രംപ് വൈറ്റ് ഹൗസില്‍ നിന്ന് പുറത്തുപോകുമ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പ്രസിഡന്‍ഷ്യല്‍ സീലുള്ള കറുത്ത മാസ്ക് ധരിച്ചാണ് ട്രംപ് ആശുപത്രിയിലെത്തിയത്.
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാസ്ക് ധരിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ അടക്കം ആവര്‍ത്തിച്ച് നിര്‍ദേശിക്കുന്നുണ്ടെങ്കിലും ട്രംപ് അതിന് തയ്യാറായിരുന്നില്ല. പൊതുചടങ്ങുകളിലടക്കം മാസ്ക് ധരിക്കാതെയെത്തുന്ന ട്രംപിന്റെ നടപടി വിമര്‍ശനങ്ങള്‍ക്കും വഴിവച്ചിരുന്നു.
കൊവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച രാജ്യങ്ങളിലൊന്നാണ് അമേരിക്ക. ഇന്നലെമാത്രം ഇവിടെ 59,000ത്തോളം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."