ജപ്പാന് പ്രളയം: മരണസംഖ്യ 156 ആയി
ടോകിയോ: ജപ്പാനില്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 156 ആയി. രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമാണ് ദുരന്തത്തിനിടയാക്കിയത്. വ്യാഴാഴ്ചയുണ്ടായ ശക്തമായ പേമാരിയില്‍ നൂറോളം വീടുകള്‍ തകര്‍ന്നു. ജനവാസകേന്ദ്രങ്ങള്‍ പലതും വെള്ളത്തിനടിയിലാണ്.
ദുരന്തത്തിന്റെ പൂര്‍ണമായ വ്യാപ്തി ഇനിയും തിട്ടപ്പെടുത്തിയിട്ടില്ല. കാണാതായവരുടെ കണക്ക് പോലും ലഭ്യമല്ല. മരണസംഖ്യ ഉയര്‍ന്നതിനെ തുടര്‍ന്ന് ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെ വിദേശയാത്രയുള്‍പ്പടെ മാറ്റിവച്ചിരുന്നു. പേമാരി നാശംവിതച്ച ഒകയാമയില്‍ പ്രധാനമന്ത്രി ഇന്ന് സന്ദര്‍ശനം നടത്തും. ജനജീവിതം സാധാരണ നിലയിലാക്കാന്‍ സേനയും സന്നദ്ധസംഘടനകളും പരിശ്രമത്തിലാണ്. 75,000 പൊലിസ് ഉദ്യോഗസ്ഥര്‍, ദുരന്തനിവാരണ സേന, ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമാണ്.
ഹിരോഷിമ, മോട്ടോയാമ തുടങ്ങിയ സ്ഥലങ്ങളിലാണ് മഴ കൂടുതല്‍ നാശംവിതച്ചത്. ഇവിടങ്ങളില്‍ ആയിരക്കണക്കിനാളുകള്‍ ഇപ്പോഴും ദുരിതാശ്വാസ കേന്ദ്രങ്ങളിലാണ്. ഏതാനും സ്ഥലങ്ങളില്‍ പ്രാദേശിക ഭരണകൂടങ്ങള്‍ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് കുടിവെള്ളമുള്‍പ്പടെയുള്ള സേവനങ്ങള്‍ എത്തിച്ചു നല്‍കുന്നുണ്ട്. 20 മില്യണ്‍ ഡോളറിന്റെ കരുതല്‍ധനം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
വ്യാഴാഴ്ച ആരംഭിച്ച കനത്ത മഴയുടെ ശക്തി കുറഞ്ഞതു രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു സഹായകമായിട്ടുണ്ട്. അതേസമയം മഴക്ക് ശമനമുണ്ടെങ്കിലും വെള്ളപ്പൊക്കഭീതി അകന്നിട്ടില്ല. തുടര്‍ച്ചയായുണ്ടാകുന്ന മണ്ണിടിച്ചില്‍മൂലം ഗതാഗതവും താറുമാറായിരിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ദുരന്തം ഏറെ നാശംവിതച്ച ഹിരോഷിമ മേഖലയില്‍ മാത്രം 44 പേര് മരിച്ചതായാണു വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."