മണ്ഡല്‍ കമ്മീഷന്‍ റിപോര്‍ട്ട് നടപ്പാക്കാന്‍ പ്രേരിപ്പിച്ചത് വി.പി സിങ്ങിന് കരുത്തുപകരാന്‍: ലാലു
ന്യൂഡല്‍ഹി: 1989ല്‍ നാഷനല്‍ ഫ്രണ്ട് സര്‍ക്കാര്‍ രൂപീകരിച്ച ശേഷം പ്രധാനമന്ത്രി പി.പി സിങ്ങിനും ഉപപ്രധാനമന്ത്രി ദേവിലാലിനുമിടയില്‍ അസ്വാരസ്യങ്ങളുണ്ടായപ്പോള്‍ വി.പി സിങ്ങിന് കരുത്തുപകരാനാണ് മണ്ഡല്‍ കമ്മീഷന്‍ റിപോര്‍ട്ട് നടപ്പാക്കാന്‍ താന്‍ പ്രേരിപ്പിച്ചതെന്ന് ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്.
നളിന്‍ വര്‍മയുമായി ചേര്‍ന്ന് രചിച്ച 'ഗോപാല്‍ഗഞ്ച് മുതല്‍ റയ്‌സിന വരെ, എന്റെ രാഷ്ട്രീയ യാത്ര' എന്ന ഓര്‍മപുസ്തകത്തിലാണ് ലാലു ഇക്കാര്യം വെളിപ്പെടുത്തുന്നത്.
രണ്ടുപേരും പതിവായി പരസ്പരവിരുദ്ധമായ പ്രസ്താവനകള്‍ ഇറക്കിക്കൊണ്ടിരുന്നു. അത് സര്‍ക്കാരിന്റെ നിലനില്‍പിനെ ബാധിക്കുന്ന സ്ഥിതി വന്നു. ഇങ്ങനെ പോയാല്‍ സര്‍ക്കാര്‍ താഴെ വീഴുമെന്ന് ബോധ്യമായതോടെയാണ് താന്‍ ഇടപെട്ടത്. വി.പി സിങ്ങിന്റെ ഭരണം താഴെ വീഴാതിരിക്കാനായി അദ്ദേഹത്തെ ചെന്നുകണ്ട താന്‍ ദേവിലാലിനെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു.
എന്നാല്‍ ജാട്ടുകളുടെയും പിന്നാക്ക വിഭാഗങ്ങളുടെയും പിന്തുണയുള്ള ദേവിലാലിനെ പുറത്താക്കിയാല്‍ താന്‍ പിന്നാക്കവിരുദ്ധനും പാവങ്ങളോട് താല്‍പര്യമില്ലാത്ത നേതാവുമാണെന്ന് അദ്ദേഹം രാജ്യമാകെ പ്രചരിപ്പിക്കും എന്നായിരുന്നു വി.പി സിങ്ങിന്റെ മറുപടി. അതോടെയാണ് പിന്നാക്കക്കാര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ 27 ശതമാനം സംവരണം ആവശ്യപ്പെടുന്ന മണ്ഡല്‍ കമ്മീഷന്‍ റിപോര്‍ട്ട് ഉടന്‍ നടപ്പാക്കാന്‍ ശ്രമം തുടങ്ങിയത്- ലാലു പറയുന്നു.
ബിഹാര്‍ മുഖ്യമന്ത്രി നിധീഷ് കുമാറിനോടുള്ള ഇഷ്ടവും അകല്‍ച്ചയുമെല്ലാം പുസ്തകത്തിലുണ്ട്. സ്‌കൂള്‍ പഠനകാലത്ത് ഡോക്ടറാകാനായിരുന്നു താല്‍പര്യമെങ്കിലും ബയോളജി പ്രാക്ടിക്കല്‍ ക്ലാസില്‍ തവളകളെ കീറിമുറിക്കാനുണ്ടെന്ന് മനസ്സിലായതോടെ ആ താല്‍പര്യം ഉപേക്ഷിക്കുകയായിരുന്നെന്നും ലാലു അനുസ്മരിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."