യു.പിയെ ഇളക്കിമറിച്ച് എസ്.പി-ബി.എസ്.പി റാലി
ന്യൂഡല്‍ഹി: ബി.ജെ.പിക്കെതിരേ പടയൊരുക്കത്തിന്റെ കാഹളം മുഴക്കി ഉത്തര്‍പ്രദേശില്‍ എസ്.പി-ബി.എസ്.പി-ആര്‍.എല്‍.ഡി മഹാസഖ്യത്തിന്റെ കൂറ്റന്‍ റാലി. റാലിയെ അഭിസംബോധനം ചെയ്ത ബി.എസ്.പി അധ്യക്ഷ മായാവതി കോണ്‍ഗ്രസിനും ബി.ജെ.പിക്കുമെതിരേ ആഞ്ഞടിച്ചു.
ബി.ജെ.പിയുടെ മേം ഭീ ചൗക്കിദാര്‍ കാംപയിനിനെതിരേയും പാവങ്ങള്‍ക്ക് 72,000 രൂപ വീതം വാഗ്ദാനം നല്‍കുന്ന കോണ്‍ഗ്രസിന്റെ ന്യായ് പദ്ധതിക്കെതിരേയും സംസാരിച്ച മായാവതി യു.പിയില്‍നിന്ന് ബി.ജെ.പിയെ തൂത്തെറിയാന്‍ മഹാസഖ്യത്തിനു മാത്രമേ കഴിയൂവെന്ന് പ്രസ്താവിച്ചു.
'ഞാനുറപ്പ് പറയുന്നു, പ്രത്യേകിച്ച് മുസ്‌ലിം സമുദായത്തോട്, യു.പിയില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താനുള്ള ശേഷി കോണ്‍ഗ്രസിനില്ല. അതവര്‍ക്കറിയാം. തങ്ങള്‍ ജയിച്ചില്ലെങ്കിലും മഹാസഖ്യം ജയിക്കരുതെന്നതാണ് അവരുടെ നിലപാട്.' ദയൂബന്തില്‍ എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവിനെയും ആര്‍.ജെ.ഡി പ്രസിഡന്റ് അജിത് സിങ്ങിനെയും സാക്ഷിനിര്‍ത്തി മായാവതി പ്രഖ്യാപിച്ചപ്പോള്‍ സദസ് ഇളകിമറിഞ്ഞു.
വെറുപ്പിന്റെ രാഷ്ട്രീയം കാരണം ബി.ജെ.പി ഈ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്നുറപ്പാണ്. ദാരിദ്ര്യനിര്‍മാര്‍ജനത്തില്‍ കോണ്‍ഗ്രസിന്റെ ന്യായ് പദ്ധതി സ്ഥിരതയുള്ള ഒരു പരിഹാരമാകില്ലെന്നും മായാവതി അഭിപ്രായപ്പെട്ടു.
പലതവണ അവസരം ലഭിച്ചിട്ടും കോണ്‍ഗ്രസ് മിക്ക സംസ്ഥാനങ്ങളില്‍ നിന്നും പുറത്താക്കപ്പെട്ടു. ബി.ജെ.പി സി.ബി.ഐ-എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് തുടങ്ങിയ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണ്.
അവര്‍ക്ക് ഇനിയുമൊരു അവസരം നല്‍കിക്കൂടാ. പിന്നാക്ക വിഭാഗങ്ങള്‍ക്ക് അര്‍ഹതപ്പെട്ട സംവരണം ലഭിച്ചിട്ടില്ല. അവര്‍ ചൂഷണത്തിനിരയാവുകയാണ്. ന്യൂനപക്ഷങ്ങളും ഏറെ ബുദ്ധിമുട്ടുന്നു.
അഴിമതിയുടെ കാര്യത്തിലാണെങ്കില്‍ കോണ്‍ഗ്രസിനെ ബോഫോഴ്‌സും ബി.ജെ.പിയെ റാഫേല്‍ ഇടപാടും കുടുക്കി. മഹാസഖ്യം അധികാരത്തില്‍ വന്നാല്‍ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുമെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും നയനിലപാടുകളില്‍ വലിയ അന്തരമില്ലെന്ന് എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ് പറഞ്ഞു. നരേന്ദ്രമോദി അച്ഛാദിന്‍ ഉണ്ടാക്കിയത് അദ്ദേഹത്തിനു മാത്രമാണെന്ന് ആര്‍.ജെ.ഡി അധ്യക്ഷന്‍ അജിത് സിങ് ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."