സഊദിയിൽ കൂട്ട താമസത്തിനു വിലക്ക് വരുന്നു; വ്യവസ്ഥകളും നിയമ ലംഘന ശിക്ഷകളും പ്രഖ്യാപിച്ചു
റിയാദ്: സഊദിയിൽ ആളുകൾ കൂട്ടമായി താമസിക്കുന്നതിന് വിലക്ക് വരുന്നു. ഇരുപതിലധികം ആളുകൾ ഒരുമിച്ച് താമസിക്കുന്നത് നിയമ ലംഘനമായി കണക്കാക്കുന്ന തരത്തിലാണ് പുതിയ വിലക്ക്. ലേബർ കമ്മിറ്റികൾ പുറപ്പെടുവിച്ച ആരോഗ്യ ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ ഇരുപതിലധികം ആളുകൾക്ക് നഗരപ്രദേശങ്ങളിലോ പുറത്തോ ഒരേ കെട്ടിടങ്ങളിൽ താമസിക്കാൻ കഴിയില്ലെന്ന് സഊദി നിയന്ത്രണ, അഴിമതി വിരുദ്ധ അതോറിറ്റി (നസാഹ) വ്യക്തമാക്കി. കൊറോണ വൈറസുമായി ബന്ധപ്പെട്ട നടപടികൾ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ഇത്തരം താമസ കേന്ദ്രങ്ങൾ നിരീക്ഷിക്കുന്നതിനും പരിശോധിക്കുന്നതിനും കമ്മിറ്റികൾ രൂപീകരിക്കാൻ മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെടുകയും ചെയ്‌തിട്ടുണ്ട്.
ആരോഗ്യ, വ്യവസ്ഥകൾ പൂർണമല്ലാതെ ഇരുപതും അതിൽ കൂടുതലും ആളുകളെ കെട്ടിടങ്ങൾക്കകത്തും പുറത്തും താമസിപ്പിക്കുന്നത് വ്യവസ്ഥകൾ വിലക്കുന്നു. കൊറോണ വൈറസ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ ആരോഗ്യനിയമങ്ങൾ കർശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് സഊദി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ആരോഗ്യ, വാണിജ്യ, മാനവശേഷി, വ്യവസായ മന്ത്രിമാരുമായി സഹകരിച്ച് മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയ വ്യവസ്ഥകൾ വ്യവസ്ഥകൾ പൂർണമല്ലാതെ ഇരുപതും അതിൽ കൂടുതലും ആളുകൾ കെട്ടിടങ്ങളിൽ കഴിയുന്നത് തടയുന്ന തരത്തിലാണ് പുതിയ നീക്കങ്ങൾ.
വ്യക്തികൾ കൂട്ടത്തോടെ കഴിയുന്ന താമസ സ്ഥലങ്ങളിൽ പരിശോധനകൾ നടത്തി നിയമ ലംഘനം കണ്ടത്തുകയും ശിക്ഷാ നടപടികൾക്ക് ശിപാർശ ചെയ്യുകയും ആവശ്യമെങ്കിൽ കേന്ദ്രങ്ങൾ അടപ്പിക്കാനും ആഭ്യന്തര, ആരോഗ്യ, മാനവശേഷി, പാർപ്പിടകാര്യ മന്ത്രാലയ പ്രതിനിധികളെ ഉൾപ്പെടുത്തി പ്രവിശ്യകളിൽ സ്ഥിരം സമിതികൾ രൂപീകരിക്കാനും നിർദേശമുണ്ട്. വ്യവസ്ഥകൾ ലംഘിക്കുന്നവർക്ക് മുപ്പതു ദിവസത്തിൽ കവിയാത്ത തടവും പത്തു ലക്ഷം റിയാലിൽ കൂടാത്ത പിഴയും ശിക്ഷ ലഭിക്കും. പകർച്ചവ്യാധി വ്യാപനം, പ്രകൃതി ദുരന്തങ്ങൾ, ഭീകരാക്രമണങ്ങൾ, യുദ്ധങ്ങൾ പോലെയുള്ള പ്രതിസന്ധി കാലങ്ങളിൽ വ്യവസ്ഥകൾ ലംഘിക്കുന്നവർക്ക് ആറു മാസം വരെ തടവും പത്തു ലക്ഷം റിയാൽ വരെ പിഴയും ലഭിക്കും തുടങ്ങിയ വ്യവസ്ഥകളാണ് പ്രഖ്യാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."