നിരത്തില്‍ മരണക്കെണിയൊരുക്കി ടിപ്പറുകള്‍
മുക്കം: കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മലയോര മേഖലയില്‍ നടന്നത് നാല് ടിപ്പര്‍ അപകടങ്ങള്‍. ഇത്രയും അപകടങ്ങളിലായി രണ്ട് പേര് മരിക്കുകയും മൂന്നുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ ഒരാളുടെ പരുക്ക് ഗുരുതരമാണ്. ഞായറാഴ്ച തിരുവമ്പാടി പഞ്ചായത്ത് ഓഫിസിന് സമീപം ടിപ്പറിന് പിന്നില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചിരുന്നു. ഇതിന്റെ ഞെട്ടല്‍ മാറും മുന്‍പ് അന്ന് രാത്രി 10 ന് കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ പുഷ്പഗിരിയില്‍ ടിപ്പറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് ഡ്രൈവര്‍ക്ക് ജീവന് നഷ്ടമായി.
ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇന്നലെ മേഖലയില്‍ രണ്ട് ടിപ്പര്‍ അപകടങ്ങള്‍ കൂടി നടന്നത്. മുക്കം നഗരസഭയിലെ മുത്തേരിയില്‍ ഉച്ചയ്ക്ക് 12 മണിയോടെ ടിപ്പറും കാറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരമായി പരുക്കേല്‍ക്കുകയും കൊടിയത്തൂര്‍ പഞ്ചായത്തിലെ തോട്ടുമുക്കം- മൈസൂര്‍പറ്റ റോഡില്‍ ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ ടിപ്പറും ബസും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
അമിതവേഗതയും അശ്രദ്ധയുമാണ് മിക്ക അപകടങ്ങള്‍ക്കും കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. റോഡുകള്‍ കുരുതിക്കളമാക്കുന്ന ടിപ്പറുകള്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാകണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."