വി.പി.കെ അബ്ദുല്ല ഹാജി: വാണിജ്യരംഗത്ത് മേല്‍വിലാസം എഴുതിച്ചേര്‍ത്ത വ്യക്തി
ഫറോക്ക്: വാണിജ്യരംഗത്തെ അതികായനെയാണു വി.പി.കെ അബ്ദുല്ല ഹാജിയുടെ വിയോഗത്തിലൂടെ നഷ്ടമായത്. സ്വന്തം പ്രയത്‌നത്തിലൂടെ ബിസിനസ് രംഗത്തു തന്റെതായ മേല്‍വിലാസം എഴുതി ചേര്‍ത്താണ് ഇദ്ദേഹം വിടപറഞ്ഞത്.
വി.പി.കെ മോട്ടോഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് (അമാന ടൊയോട്ട) ചെയര്‍മാനായ ഇദ്ദേഹം വാഹന വില്‍പന രംഗത്തു രാജ്യത്തിനകത്തും പുറത്തും പ്രശസ്തി നേടി. കേരളത്തിന്റെ പ്രധാന വാണിജ്യ കേന്ദ്രങ്ങളിലെല്ലാം ഇദ്ദേഹത്തിന്റേതായ ബിസിനസ് സംരംഭങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
40 വര്‍ഷം ഖത്തറില്‍ ബിസിനസ് നടത്തിവന്ന പ്രമുഖ പ്രവാസി മലയാളിയായിരുന്നു. വാഹന നിര്‍മാണ രംഗത്തെ വമ്പന്മാരായ ടൊയോട്ട കമ്പനിയുടെ ഏജന്‍സിയേറ്റെടുത്താണ് അദ്ദേഹം വാണിജ്യ രംഗത്തേക്കു പ്രവേശിക്കുന്നത്. 1995ല്‍ ഖത്തര്‍ ഐഡിയല്‍ സിറ്റിസണ്‍ അംഗീകാരം നല്‍കി ആദരിച്ചു.
ഖത്തറിലെ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ സ്ഥാപിക്കുന്നതിലൂടെ അദ്ദേഹം സാമൂഹ്യ സേവന രംഗത്തും ശ്രദ്ധേയനായി. സോഷ്യല്‍ അഡ്വാന്‍സ്‌മെന്റ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ (സാഫി) സ്ഥാപിക്കുന്നതില്‍ വലിയ പങ്കുവഹിച്ചു. 2004ല്‍ നെഹ്‌റു പീസ് ഫൗണ്ടേഷന്റെ നെഹ്‌റു അവാര്‍ഡും ഇദ്ദേഹത്തെ തേടിയെത്തി.
അസുഖബാധിതനായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ഇന്നലെ രാവിലെ എട്ടരയോടെയാണ് മരണം. മരണവാര്‍ത്തയറിഞ്ഞ് സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ വാണിജ്യ രംഗത്തെ നിരവധി പേര്‍ വസതിയിലേക്കെത്തി. രാത്രി ഒന്‍പതിന് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഫാറൂഖ് കോളജ് അണ്ടിക്കാടന്‍കുഴി ജുമാമസ്ജിദില്‍ മൃതദേഹം ഖബറടക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."