എം.കെ രാഘവന്റെ മൊഴിയെടുത്തു
കോഴിക്കോട്: കോഴ വിവാദത്തിലെ പരാതികളുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവന് എം.പിയുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. സി.പി.എമ്മും ചില മാഫിയകളും ചേര്‍ന്ന് ഗൂഢാലോചന നടത്തി താന്‍ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് അഞ്ചുകോടി ആവശ്യപ്പെട്ടെന്ന് വ്യാജവാര്‍ത്ത സംപ്രേഷണം ചെയ്തെന്ന രാഘവന്റെ പരാതിയിലും രാഘവന് തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന എല്‍.ഡി.എഫിന്റെ പരാതിയിലുമാണ് മൊഴിയെടുത്തത്.
ഇന്നലെ രാവിലെ ഏഴോടെയാണ് അന്വേഷണ ഉദ്യോഗസ്ഥരായ ഡെപ്യൂട്ടി പൊലിസ് കമ്മിഷനര്‍ എ.ജെ ജമാലുദ്ദീന്‍, അസി. ഡി.സി.പി പി. വാഹിദ് എന്നിവര്‍ അടങ്ങുന്ന നാലംഗ സംഘം രാഘവന്റെ കോഴിക്കോട് സിവില്‍ സ്റ്റേഷനു സമീപത്തെ വീട്ടിലെത്തി മൊഴിയെടുത്തത്. രാഘവന് സിറ്റി പൊലിസ് കമ്മിഷനര്‍ക്ക് നല്കിയ പരാതിയില്‍ ജമാലുദ്ദിനും എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിഷനു നല്കിയ പരാതിയില്‍ ഡി.ജി.പിയുടെ നിര്‍ദേശപ്രകാരം വാഹിദുമാണ് മൊഴിയെടുത്തത്.
താന്‍ പറയാത്ത കാര്യങ്ങള്‍ കൃത്രിമമായി ശബ്ദം ഡബ് ചെയ്ത് എഡിറ്റ് ചെയ്താണ് സംപ്രേഷണം ചെയ്തതെന്ന് രാഘവന് മൊഴി നല്കി. പറഞ്ഞകാര്യങ്ങളൊന്നും സംപ്രേഷണം ചെയ്തിട്ടുമില്ല. ചാനല്‍ അധികൃതരില്‍ നിന്ന് ഒറിജിനല്‍ വിഡിയോ പരിശോധിച്ചാല്‍ കൂടുതല്‍ വ്യക്തത വരും. ഒളി കാമറ ഓപറേഷന്റെ ഭാഗമായി സംപ്രേഷണം ചെയ്ത വിഡിയോകളുടെ ഒറിജിനല്‍ ഹാജരാക്കാന്‍ ടിവി 9 ചാനല്‍ അധികൃതരോട് അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യമെങ്കില്‍ ചാനല്‍ അധികൃതരേയും മറ്റും കേസില്‍ പ്രതിയാക്കും.
എല്ലാ കാര്യങ്ങളും അന്വേഷണസംഘത്തോട് പറഞ്ഞിട്ടുണ്ടെന്ന് മൊഴി നല്കിയ ശേഷം രാഘവന് പറഞ്ഞു. നീതിന്യായ കോടതിയും ജനകീയ കോടതിയും ബാക്കി കാര്യങ്ങള്‍ തീരുമാനിക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."