ജനാധിപത്യം കാത്തുസൂക്ഷിക്കുന്ന വിധി
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്ലാ മണ്ഡലങ്ങളിലും അഞ്ചു ശതമാനം വോട്ടുകള്‍ വിവിപാറ്റ് വഴി എണ്ണണമെന്നു സുപ്രിംകോടതി മുഖ്യതെരഞ്ഞെടുപ്പു കമ്മിഷനു നിര്‍ദേശം നല്‍കിയിരിക്കുകയാണ്. അതായത് ഓരോ മണ്ഡലത്തിലും അഞ്ചുവീതം ബൂത്തുകളിലെ വോട്ടുകള്‍ വിവിപാറ്റ് എണ്ണണമെന്നാണു സുപ്രിംകോടതി നിര്‍ദേശിച്ചിരിക്കുന്നത്. 21 പ്രതിപക്ഷ കക്ഷി നേതാക്കള്‍ 50 ശതമാനം വിവിപാറ്റ് വോട്ടുകള്‍ എണ്ണണമെന്നാവശ്യപ്പെട്ടു സുപ്രിംകോടതിയില്‍ നല്‍കിയ ഹരജിയെ തുടര്‍ന്നാണ് ഇത്തരമൊരു വിധിപ്രസ്താവം.
ഒരുശതമാനം വിവിപാറ്റ് വോട്ടെണ്ണണമെങ്കില്‍ ഒരു മണിക്കൂര്‍ സമയം അധികം വേണ്ടിവരുമെന്നും അതിനാല്‍ അമ്പതു ശതമാനം വിവിപാറ്റ് വോട്ടുകള്‍ എണ്ണുന്നതു പ്രായോഗികമല്ലെന്നും ഫലപ്രഖ്യാപനം വൈകുമെന്നും തെരഞ്ഞെടുപ്പു കമ്മിഷന്‍ വാദിച്ചപ്പോള്‍ എന്താണു പ്രായോഗിക വിഷമമെന്നു സുപ്രിംകോടതി തിരിച്ചു ചോദിക്കുകയായിരുന്നു. ഫലപ്രഖ്യാപനം വൈകിയാലും സാരമില്ലെന്നും വിവിപാറ്റ് വോട്ടെണ്ണല്‍ ജനാധിപത്യ മാര്‍ഗത്തിലൂടെയുള്ള തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത നിലനിര്‍ത്താന്‍ ആവശ്യമാണെന്നുമുള്ള പ്രതിപക്ഷ നേതാക്കളുടെ സത്യവാങ്മൂലം കോടതി പരിഗണിച്ചുവെന്നു വേണം കരുതാന്‍.
അമ്പതു ശതമാനം വിവിപാറ്റ് വോട്ടെണ്ണണമെന്ന ആവശ്യം പരിഗണിച്ചില്ലെങ്കിലും പ്രതിപക്ഷത്തെ ആദരിക്കുന്നുവെന്നു പറഞ്ഞ ചീഫ് ജസ്റ്റിസ് അഞ്ചു ശതമാനം എണ്ണാന്‍ വിധിക്കുകയായിരുന്നു. 21 പ്രതിപക്ഷ കക്ഷി നേതാക്കള്‍ ഒരുമിച്ചു കോടതിയെ സമീപിച്ചതു പരിഗണിച്ചു തന്നെയായിരിക്കണം കോടതി ഇത്തരമൊരു തീര്‍പ്പിലെത്തിയിട്ടുണ്ടാവുക.
വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യത ചോര്‍ന്നതു തന്നെയാണു പ്രതിപക്ഷത്തെ ഇത്തരമൊരു നിയമനടപടിക്കു പ്രേരിപ്പിച്ചിട്ടുണ്ടാവുക. സമീപകാല നിയമസഭാ തെരഞ്ഞെടുപ്പുകളും ഉപതെരഞ്ഞെടുപ്പു ഫലങ്ങളും ഇതിനുദാഹരണങ്ങളാണ്. തെരഞ്ഞെടുപ്പു പ്രക്രിയയും ഫലപ്രഖ്യാപനങ്ങളും എല്ലാവരെയും തൃപ്തിപ്പെടുത്തുന്നതായിരിക്കണമെന്നും പ്രതിപക്ഷത്തിന്റെ ആവശ്യത്തിനുനേരേ കണ്ണടയ്ക്കാന്‍ പറ്റില്ലെന്നും വിധിന്യായത്തില്‍ പറയുന്നുണ്ട്. വോട്ടെണ്ണുന്നതിനു പ്രത്യേകസംഘത്തെ നിയമിച്ചാലെന്താണു കുഴപ്പമെന്നും കോടതി ആരാഞ്ഞിരിക്കുകയാണ്.
ബി.ജെ.പി അധികാരത്തില്‍ വന്ന ശേഷം നടന്ന അഞ്ചു നിയമസഭാ തെരഞ്ഞെടുപ്പുകളിലെയും ഫലം പുറത്തുവന്നപ്പോഴാണു വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം വരുത്തുന്നുണ്ടെന്ന ആരോപണം വ്യാപകമായി ഉയര്‍ന്നത്. ആര്‍ക്കു വോട്ട് ചെയ്താലും താമരചിഹ്നത്തില്‍ വീഴുന്നുവെന്ന ആക്ഷേപത്തിനു യുക്തിസഹമായ മറുപടി നല്‍കാന്‍ ബി.ജെ.പി സര്‍ക്കാരിനോ മുഖ്യതെരഞ്ഞെടുപ്പു കമ്മിഷനോ കഴിഞ്ഞില്ല.
ഇന്ത്യന്‍ വോട്ടിങ് മെഷീനുകള്‍ കുറ്റമറ്റതാണെന്ന ന്യായത്തില്‍ മുഖ്യതെരഞ്ഞെടുപ്പു കമ്മിഷന്‍ ഉറച്ചുനിന്നു. ആരോപണം ശക്തിയാര്‍ജിച്ചപ്പോഴാണു വിവിപാറ്റ് (വോട്ടര്‍ വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍) നടപ്പാക്കാന്‍ മുഖ്യതെരഞ്ഞെടുപ്പു കമ്മിഷന്‍ തീരുമാനിച്ചത്. ബാലറ്റ് യൂനിറ്റിലെ ബട്ടണമര്‍ത്തിയാല്‍ വോട്ടു ചെയ്യുന്നതോടൊപ്പം വിവിപാറ്റ് യന്ത്രത്തിനുള്ളില്‍ രസീത് കാണും. അതില്‍ ആര്‍ക്ക് വോട്ട് നല്‍കിയോ ആ സ്ഥാനാര്‍ഥിയുടെ പേര്, ക്രമനമ്പര്‍, ചിഹ്നം എന്നിവയുണ്ടാകും. യന്ത്രത്തില്‍ 7 സെക്കന്റ് മാത്രം ദൃശ്യമാകുന്ന രസീത് പിന്നീട് വിവിപാറ്റ് യന്ത്രത്തിനുള്ളിലെ പെട്ടിയിലേക്ക് വീഴും.
ഇവ 50 ശതമാനം എണ്ണണമെന്നായിരുന്നു പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ സുപ്രിംകോടതിയോട് ആവശ്യപ്പെട്ടത്. 2010ല്‍ രാഷ്ട്രീയകക്ഷികളുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നു വിവിപാറ്റ് സംവിധാനം ഏര്‍പ്പെടുത്താന്‍ മുഖ്യതെരഞ്ഞെടുപ്പു കമ്മിഷന്‍ തീരുമാനിക്കുകയായിരുന്നു. ബി.ജെ.പി വോട്ടിങ് യന്ത്രങ്ങളില്‍ വ്യാപകമായ കൃത്രിമം കാണിക്കുന്നുവെന്ന പരാതി ചര്‍ച്ചയാകുമ്പോള്‍ ജനാധിപത്യ പ്രക്രിയയുടെ ഭാഗമായ തെരഞ്ഞെടുപ്പും വോട്ടെണ്ണലും വിശ്വാസ്യത നിലനിര്‍ത്തുന്നതിനും സുതാര്യവുമാകുന്നതിനും അനിവാര്യമാണ്.
വോട്ടിങ് യന്ത്രങ്ങളില്‍ എങ്ങനെ കൃത്രിമം കാണിക്കാമെന്നു ഡല്‍ഹി നിയമസഭയില്‍ ആംആദ്മി പാര്‍ട്ടി നേതാവ് സൗരഭ് ഭരദ്വാജ് ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ പ്രവര്‍ത്തനം സഭയില്‍ മോക്‌പോളിങ് നടത്തി 2017 മെയ് മാസത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. സ്ഥാനാര്‍ഥികളില്‍ ആരു ജയിക്കണമെന്നു നിര്‍ണയിക്കുന്ന രഹസ്യകോഡുകള്‍ വോട്ടിങ് യന്ത്രങ്ങളില്‍ സജ്ജീകരിക്കാനാകുന്നവിധം അദ്ദേഹം സഭയില്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി.
2017 ലെ ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം കാണിച്ചാണു വിജയിച്ചതെന്ന ആരോപണത്തിനു പിന്നാലെയാണു സൗരഭ് ഭരദ്വാജ് കൃത്രിമം കാണിക്കുന്നവിധം പ്രദര്‍ശിപ്പിച്ചത്. ആര്‍ക്ക് വോട്ട് ചെയ്താലും താമരചിഹ്നത്തില്‍ വോട്ട് പതിയുന്നത് അന്നദ്ദേഹം ഡല്‍ഹി നിയമസഭയില്‍ പ്രദര്‍ശിപ്പിച്ചു. വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം കാണിക്കാന്‍ അതിന്റെ മദര്‍ബോഡില്‍ മാറ്റംവരുത്തി 90 സെക്കന്റുകൊണ്ട് വോട്ടുകള്‍ താമരയില്‍ പതിയുന്നവിധം അന്നദ്ദേഹം പ്രദര്‍ശിപ്പിച്ചു. എന്‍ജിനിയിറിങ് ബിരുദധാരിയായ സൗരഭ് ഭരദ്വാജ് ഇതു വിദ്യാര്‍ഥികള്‍ക്കു പോലും ചെയ്യാനാകുമെന്നും സമര്‍ഥിക്കുകയുണ്ടായി.
2009ല്‍ ഇലക്ട്രോണിക് യന്ത്രങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്ത് ഡല്‍ഹി ഹൈക്കോടതിയില്‍ ഹരജി ഫയല്‍ ചെയ്തിരുന്നു. കേസ് 2012ല്‍ ഹൈക്കോടതി തീര്‍പ്പാക്കിയെങ്കിലും വിവിപാറ്റ് സംവിധാനം വികസിപ്പിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. 34,000 വിവിപാറ്റ് യന്ത്രങ്ങളാണ് ഹൈദരാബാദ് ഇലക്ട്രോണിക് കോര്‍പ്പറേഷനില്‍ നിന്നു വരുത്തിയത്.
ഇങ്ങനെ വാങ്ങിയ യന്ത്രങ്ങള്‍ വെറും അലങ്കാരത്തിനുള്ളതല്ലെന്നും വോട്ടിങ്ങില്‍ സാങ്കേതിക സുരക്ഷിതത്വം നല്‍കുന്ന വിവിപാറ്റ് സംവിധാനത്തിന്റെ ലക്ഷ്യം നേടണമെങ്കില്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്നുള്ള പ്രതിപക്ഷത്തിന്റെ വാദമാണ് സുപ്രിംകോടതി സ്വീകരിച്ചത്. ഓരോ മണ്ഡലത്തിലെയും അഞ്ചു ബൂത്തുകളിലെ വിവിപാറ്റ് വോട്ടുകള്‍ എണ്ണണമെന്നും അതിനുപുറമേ സ്ഥാനാര്‍ഥികള്‍ ആവശ്യപ്പെടുന്ന മണ്ഡലങ്ങളില്‍ വേണ്ടിവന്നാല്‍ അതും എണ്ണണമെന്നും വിധിപറഞ്ഞതിലൂടെ പ്രതിപക്ഷത്തിന്റെ ആവശ്യമാണു സുപ്രിംകോടതി അംഗീകരിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."