ചില അന്ത്യാഭിലാഷങ്ങള്‍
മഴപെയ്യുന്ന ഒരു സായാഹ്നം. മുല്ലാ നാസറുദ്ദീനും കൂട്ടുകാരും ഒരു വീട്ടില്‍ ഒത്തുകൂടി കാപ്പി കുടിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ പലപല വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്നുമുണ്ട്. അപ്പോഴാണ്, മരണം എന്ന വിഷയം ഒരാള്‍ എടുത്തിട്ടത്.
'നോക്കൂ. നിങ്ങള്‍ മരിച്ചു എന്ന് സങ്കല്‍പ്പിക്കൂ. മരിച്ചയുടനെ വെള്ളത്തുണി പുതപ്പിച്ച് കട്ടിലില്‍ കിടത്തിയിരിക്കുകയാണ്. ചുറ്റും വീട്ടുകാരും അയല്‍വാസികളും ബന്ധുക്കളുമൊക്കെയുണ്ട്. നിങ്ങളെക്കുറിച്ച് ഓരോന്ന് വിവരിച്ചുകൊണ്ട് വിലപിക്കുകയാണവര്‍. മഹത്വങ്ങള്‍ ഓരോന്നും എണ്ണിപ്പറയുന്നുണ്ട്. നിങ്ങള്‍ക്ക് അവ കേള്‍ക്കാന്‍ സാധിയ്ക്കുന്നുണ്ട് എന്നും വെറുതേ സങ്കല്‍പ്പിക്കൂ. എങ്കില്‍, ആ സന്ദര്‍ഭത്തില്‍ മറ്റുള്ളവര്‍ നിങ്ങളെക്കുറിച്ച് പറഞ്ഞു കേള്‍ക്കാന്‍ നിങ്ങള്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന വാക്കുകള്‍ എന്താവും? എന്താവും നിങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ആഹ്ലാദം നല്‍കുക?'
'നല്ലൊരു വിഷയമാണല്ലോ!' എല്ലാവരും കാര്യമായി ആലോചിച്ചു തുടങ്ങി. ആ സാഹചര്യത്തില്‍ തനിക്ക് ഏറ്റവുമേറെ സന്തോഷം തരുന്ന വാക്കുകള്‍!! അതെന്തായിരിയ്ക്കും?
ഒരാള്‍ പറഞ്ഞു:'നമ്മുടെ കാലത്ത് ജീവിച്ചിരുന്ന ഏറ്റവും മികച്ച വൈദ്യനായിരുന്നു ഈ മരിച്ചുകിടക്കുന്ന മനുഷ്യന്‍. എന്തൊരു സിദ്ധിയായിരുന്നു! എന്തു നല്ല കൈപ്പുണ്യം! മൂപ്പരൊന്നു നോക്കിയാല്‍ മതി. രോഗം മാറും. കൂടാതെ കുടുംബത്തെ സ്‌നേഹിക്കുന്ന നല്ലൊരു മനുഷ്യനും! ഇങ്ങിനെ കേള്‍ക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.'
മയ്യിത്തായിക്കിടക്കുന്ന വേളയില്‍ കേള്‍ക്കാനിഷ്ടപ്പെടുന്ന ഈ വാക്കുകള്‍ പറഞ്ഞ് അയാള്‍ സ്വയം മതിപ്പോടെ തലയുയര്‍ത്തിപ്പിടിച്ചു!!
തുടര്‍ന്ന് രണ്ടാമന്‍ പറയുകയായി. എന്നെപ്പറ്റി പറയുന്നത് ഇപ്രകാരമായിരിക്കട്ടെ: 'നല്ലൊരു ഭര്‍ത്താവായിരുന്നു ഈ മനുഷ്യന്‍. തന്റെ ഭാര്യയെ അകമഴിഞ്ഞു സ്‌നേഹിച്ചു. തന്നെയല്ല മികച്ചൊരു അധ്യാപകനും. നാളത്തെ തലമുറയെ മികച്ച രീതിയില്‍ വാര്‍ത്തെടുക്കുന്നതില്‍ അസാമാന്യ ശ്രദ്ധവച്ചിരുന്ന ശ്രേഷ്ഠനായ ഗുരുനാഥന്‍. ഇങ്ങിനെ പറയുന്നത് കേള്‍ക്കാനാണ് എനിക്ക് സന്തോഷം!'
അതിന്റെ ഓര്‍മയില്‍ അയാളുടെ കണ്ണുകളില്‍ പ്രകാശം മിന്നി.മൂന്നാമന്റെ ഊഴമായി. അയാള്‍ തെളിഞ്ഞ മുഖത്തോടെ പറയുകയായി. 'എന്തൊരു കരുണാമയനായ മനുഷ്യനായിരുന്നു അദ്ദേഹം. കഷ്ടപ്പെടുന്നവരെ സഹായിക്കാന്‍ മനസുള്ള നല്ലൊരു വ്യക്തി. പക്ഷെ സഹായിക്കുന്ന കാര്യമാവട്ടെ പറഞ്ഞു നടക്കുകയുമില്ല. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ധര്‍മം അനുഷ്ഠിച്ച മനുഷ്യന്‍... ഇങ്ങിനെ കേള്‍ക്കാനാണ് എനിക്കിഷ്ടം'. മൂന്നാമന്റെ മോഹം ഇങ്ങിനെ പോയി.
പിന്നെയും രണ്ട് മൂന്ന് പേര്‍ കൂടി ആത്മപ്രശംസാപരമായ ഇത്തരം മോഹങ്ങള്‍ പറഞ്ഞു കഴിഞ്ഞ ശേഷമാണ് നമ്മുടെ മുല്ലാ നാസറുദ്ദീന്‍ മോഹം പങ്കുവെച്ചത്. 'മരിച്ചുകഴിഞ്ഞ് എന്നെ കട്ടിലില്‍ കിടത്തിയപ്പോള്‍ ഒരാള്‍ പറയുകയാണ്. നോക്കൂ, മുല്ലായുടെ ശരീരം അനങ്ങുന്നുണ്ടല്ലോ. അയാള്‍ അതാ എഴുന്നേല്‍ക്കുകയാണ്. ഇല്ല. മുല്ല മരിച്ചിട്ടില്ല.... ഇങ്ങനെ കേള്‍ക്കുന്നതാണ് എനിക്കിഷ്ടം!!'
മുല്ലായുടെ ആഗ്രഹം കേട്ട് ചങ്ങാതിമാര്‍ അതിശയത്തോടെ നില്‍പ്പായി!! മരിയ്ക്കാന്‍ ആഗ്രഹമില്ലാത്ത ആര്‍ക്കും ഇതില്‍പ്പരം ആനന്ദദായകമായ സ്വപ്നം എന്തുണ്ട്!! കൃത്യമായ ഭാവന! സുന്ദരമായ സങ്കല്‍പ്പം.
പ്രത്യുല്‍പ്പന്നമതിത്വം എന്നൊരു മലയാള പദമുണ്ട്. കേട്ടിട്ടുണ്ടോ?
അതത് സന്ദര്‍ഭാനുസൃതം ഏറ്റവും ഉചിതമായ രീതിയില്‍ പ്രവര്‍ത്തിക്കാനും സംസാരിക്കാനുമുള്ള കഴിവ് എന്നാണര്‍ത്ഥം.അക്കാര്യം ഈ മുല്ലാക്കഥ നമ്മെ ഓര്‍മിപ്പിക്കുന്നു. വിദ്യാര്‍ഥികളും യുവജനങ്ങളും ശ്രദ്ധിക്കേണ്ടുന്ന ചില കാര്യങ്ങള്‍ ഇതിലുണ്ട്. പ്രത്യുല്‍പ്പന്നമതിത്വം ആവശ്യമായ എത്രയോ സന്ദര്‍ഭങ്ങള്‍ അവര്‍ ഭാവിജീവിതത്തില്‍ നേരിടേണ്ടതുണ്ടല്ലോ.അപരിചിതമായ അന്തരീക്ഷത്തില്‍, കുലീനമായ ഓഫിസ് ഹാളില്‍ വിദഗ്ധരുടെ മുന്നില്‍ ഇന്റര്‍വ്യൂവിനിരിക്കുമ്പോള്‍, ഒരിക്കലും നാം പ്രതീക്ഷിച്ചിട്ടില്ലാത്ത ചോദ്യങ്ങള്‍ നേരിടേണ്ടിവരും. പറയുന്ന ഉത്തരങ്ങളില്‍നിന്ന് നിങ്ങളുടെ അടിസ്ഥാന സ്വഭാവത്തിന്റെ, കാഴ്ചപ്പാടിന്റെ അംശങ്ങള്‍ സ്വാഭാവികമായി പുറത്തുവരും. സ്വത്വം തെളിഞ്ഞുവരും. വ്യക്തിത്വ പരിശോധനയാണ് ഇന്ന് മിക്ക അഭിമുഖങ്ങളും. അല്ലാതെ അമേരിക്കന്‍ തലസ്ഥാനത്തിന്റെയോ പെന്‍സിലിന്‍ കണ്ടുപിടിച്ചയാളിന്റേയോ പേരെന്തെന്ന് അറിയുമോയെന്ന് പരിശോധിക്കലല്ല. (അതിനൊക്കെയുള്ള എഴുത്തുപരീക്ഷകള്‍ വേറെ നടത്തിയിട്ടുണ്ടാവും).സിവില്‍ സര്‍വിസിലേക്കും ഉന്നത സൈനിക ജോലികള്‍ക്കും മറ്റുമുള്ള റിക്രൂട്‌മെന്റ് മുതല്‍ സ്വകാര്യകമ്പനികളിലെ പദവികളിലേക്കുള്ള അഭിമുഖങ്ങള്‍ വരെ ഈ ലക്ഷ്യത്തോടെയാണ് നടത്തുന്നത്.
ഇത്തരം വിഷയങ്ങള്‍ നേരത്തെ വായിച്ചറിഞ്ഞിട്ടുള്ളവര്‍ക്കും മുന്‍കാല ചോദ്യങ്ങള്‍ പരിചയിച്ചവര്‍ക്കും, വിദ്യാഭ്യാസ കാലത്തുതന്നെ സമാന സാഹചര്യങ്ങളെ അഭിമുഖീകരിച്ച് പരിചയിച്ചവര്‍ക്കും ഇന്റര്‍വ്യൂ കൂളായി നേരിടാനാവും. അല്ലാത്തവര്‍ ചിലപ്പോള്‍ കുഴങ്ങിപ്പോയേക്കും.പഴയ ചോദ്യങ്ങള്‍ പരിശീലിയ്ക്കുക. വ്യത്യസ്തമായി ചിന്തിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."