എസ്.ഡി.പി.ഐയോടുള്ള നിലപാടില്‍ മാറ്റമില്ല: മുനീര്‍
ആലപ്പുഴ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ ആവശ്യമില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍. വെല്‍ഫെയര്‍ പാര്‍ട്ടിയോട് പിന്തുണ ആവശ്യപ്പെട്ടിട്ടില്ലെന്നും ആലപ്പുഴ പ്രസ് ക്ലബ് സംഘടിപ്പിച്ച ജനസമക്ഷം പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.
എത്രയോ കാലമായി ജമാഅത്തെ ഇസ്‌ലാമി ഇടതുപക്ഷത്തിനു പിന്തുണ നല്‍കുന്നുണ്ട്. മുസ്്‌ലിം ലീഗിനെ വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണയ്ക്കുന്നുവെങ്കില്‍ അതവരുടെ നിലപാട് മാത്രമാണ്. തീവ്ര നിലപാടുള്ള എസ്.ഡി.പി.ഐയെ മുളയിലേ നുള്ളിക്കളയേണ്ടതായിരുന്നുവെന്ന ലീഗിന്റെ നിലപാടില്‍ മാറ്റമില്ല. തീവ്ര സംഘടനയായ സിമിയുടെ രൂപാന്തരം മാത്രമാണ് എസ്.ഡി.പി.ഐ. ഒരു ഹോട്ടലില്‍ വച്ച് കൈപിടിച്ചു കുലുക്കിയാല്‍ കൊഴിഞ്ഞു പോകുന്നതല്ല ലീഗിന്റെ ആദര്‍ശമെന്നും ഇതുസംബന്ധിച്ചുള്ള ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ ഫാസിസത്തിന്റെ പ്രതീകമാണ് നരേന്ദ്ര മോദി. ഭരണഘടനയുടെ അന്തഃസത്തയെ തന്നെ ചോദ്യം ചെയ്തുകൊണ്ടാണ് മോദി അഞ്ചു വര്‍ഷവും ഭരിച്ചത്. വിശ്വാസവും സംസാരവും മാത്രമല്ല ചിന്ത പോലും ചോദ്യം ചെയ്യപ്പെടുന്ന ഇടപെടലുകളായിരുന്നു ഈ കാലയളവില്‍. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ രാജ്യത്തു പെരുകിയിട്ടും പ്രധാനമന്ത്രിയുടെ ഒരു പ്രതികരണം പോലും ഇല്ലായിരുന്നുവെന്നത് ഓര്‍ക്കേണ്ടതാണ്. ദേശീയ രാഷ്ട്രീയത്തില്‍ പ്രാധാന്യമില്ലാത്ത ഇടതുപക്ഷം എങ്ങനെ ഫാസിസത്തെ ഇല്ലായ്മ ചെയ്യുമെന്ന് മുനീര്‍ ചോദിച്ചു. ലക്ഷ്യബോധത്തോടു കൂടിയ പ്രകടനപത്രികയാണ് കോണ്‍ഗ്രസ് നേതൃത്വം അവതരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."