മുഖ്യമന്ത്രിയും ശിവശങ്കറും നടത്തിയ ഇടപാടുകള്‍ വീണ്ടും ചര്‍ച്ചയാകുന്നു
തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസിലെ പ്രതികളുമായി അടുത്ത ബന്ധമുള്ള മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ.ടി സെക്രട്ടറിയുമായ എം. ശിവശങ്കറിന്റെ മേല്‍ നോട്ടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വിവാദ ഇടപാടുകള്‍ വീണ്ടും ചര്‍ച്ചയാകുന്നു.
മുഖ്യമന്ത്രിയുടെ ഓഫിസ് ഒപ്പിട്ട വിവാദ കരാറുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് പുറത്തുകൊണ്ടുവന്നത്. പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ ശിവശങ്കറിന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ ഒപ്പിട്ട ഈ കരാറുകളിലെല്ലാം പ്രതിപക്ഷ നേതാവ് ദുരൂഹതയും അഴിമതിയും ആരോപിച്ചിരുന്നു.
കിഫ്ബിയുടെ സഹായത്തോടെ നടപ്പാക്കുന്ന 4,500 കോടിയുടെ കെ.എസ്.ഇ.ബി ട്രാന്‍സ്ഗ്രിഡ് പദ്ധതിയില്‍ പ്രതിപക്ഷ നേതാവ് 1,000 കോടിയുടെ അഴിമതി ആരോപിച്ചപ്പോള്‍ പ്രതിസ്ഥാനത്ത് ശിവശങ്കര്‍ ആയിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആളുകളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിന് അമേരിക്കന്‍ വിവാദ കമ്പനിയായ സ്പ്രിംഗ്‌ളറുമായി ഉണ്ടാക്കിയ കരാറിനെതിരേയും ചെന്നിത്തല രംഗത്തുവന്നപ്പോള്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഐ.ടി. സെക്രട്ടറിക്കാണ് മുഖ്യമന്ത്രി നല്‍കിയത്.
കരാറിനെതിരേ പ്രതിപക്ഷ നേതാവ് ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ വ്യവസ്ഥകളില്‍ പല മാറ്റങ്ങളും സര്‍ക്കാരിന് വരുത്തേണ്ടിവന്നു. ബിവറേജസ് ഔട്ട്‌ലറ്റുകളില്‍ മദ്യം വാങ്ങുന്നതിന് ഓണ്‍ലൈന്‍ ടോക്കണ്‍ നല്‍കുന്നതിന് കൊണ്ടുവന്ന ബെവ് ക്യൂ ആപ്പിന്റെ നിര്‍മാണം സംബന്ധിച്ച വിവാദത്തിന്റെ ഒരറ്റത്തും ശിവശങ്കര്‍ ഉണ്ടായിരുന്നു.
4,500 കോടിയുടെ ഇ മൊബിലിറ്റി പദ്ധതിയില്‍ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ എന്ന ഇംഗ്ലീഷ് കമ്പനിക്ക് കണ്‍സള്‍ട്ടന്‍സി കരാര്‍ കൊടുത്തതും ഈ കമ്പനിക്ക് സെക്രട്ടറിയേറ്റില്‍ ഓഫിസ് തുറക്കാനുള്ള നീക്കം നടക്കുന്നത് പുറത്തുവിട്ടതും പ്രതിപക്ഷ നേതാവായിരുന്നു. ചെന്നിത്തലയുടെ ഈ ആരോപണത്തിലും മുഖ്യമന്ത്രിയും ശിവശങ്കറുമായിരുന്നു പ്രധാന പ്രതികള്‍. ഐ.ടി വകുപ്പിലെ അനധികൃത നിയമനങ്ങള്‍കൂടി പുറത്തുവരികയും ശിവശങ്കര്‍ കൂടുതല്‍ കുരുക്കിലേക്ക് നീങ്ങുകയും ചെയ്തതോടെ പ്രതിപക്ഷ നേതാവ് പുറത്തുകൊണ്ടുവന്ന അഴിമതി ആരോപണങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും ചൂടുപിടിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."