ശാരദാ ചിട്ടി തട്ടിപ്പുകേസ്: മുന്‍കൊല്‍ക്കത്ത കമ്മിഷനര്‍ രാജിവ് കുമാറിന് നോട്ടിസ്
ന്യൂഡല്‍ഹി: ശാരദാ ചിട്ടിതട്ടിപ്പ് കേസില്‍ കൊല്‍ക്കത്ത മുന്‍പൊലിസ് കമ്മിഷനറെ അറസ്റ്റ് ചെയ്യാനുള്ള അനുമതി വേണമെന്ന സി.ബി. ഐ ഹരജിയില്‍ സുപ്രിം കോടതി രാജിവ് കുമാറിന് നോട്ടിസ് അയച്ചു. നാലാഴ്ചയ്ക്കുള്ളില്‍ നിലപാട് അറിയിക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടിസ്. അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള കോടതിയുടെ മുന്‍ ഉത്തരവ് റദ്ദാക്കിക്കൊണ്ട് അറസ്റ്റിനും കസ്റ്റഡിയില്‍വച്ചു ചോദ്യം ചെയ്യുന്നതിനുമുള്ള അനുമതി നല്‍കണമെന്നാണ് സി.ബി.ഐ ആവശ്യപ്പെട്ടിരിക്കുന്നത്.
ശാരദ ചിട്ടിഫണ്ട് കേസ് അന്വേഷിച്ചിരുന്ന ബംഗാള്‍ പൊലിസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായിരുന്ന രാജീവ് കുമാര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും നേരത്തെ ലഭിച്ച തെളിവുകള്‍ അദ്ദേഹം നശിപ്പിച്ചെന്നും അപേക്ഷയില്‍ വ്യക്തമാക്കുന്നുണ്ട്.
ഫെബ്രുവരിയില്‍, രാജിവ് കുമാറിനെ സി.ബി.ഐ സംഘം ചോദ്യം ചെയ്യാനായി കൊല്‍ക്കത്തയില്‍ എത്തിയപ്പോള്‍ ബംഗാള്‍ പൊലിസ്, സി.ബി.ഐ ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് ഇത് കേന്ദ്രസര്‍ക്കാരും ബംഗാള്‍ സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിന് വഴിവയ്ക്കുകയും ചെയ്തു.
പിന്നീട് വിഷയം സുപ്രിം കോടതിയിലെത്തിയെങ്കിലും സി.ബി.ഐ അന്വേഷണവുമായി രാജീവ് കുമാര്‍ സഹകരിക്കണമെന്നായിരുന്നു കോടതിയുടെ ഉത്തരവ്. കമ്മിഷനര്‍ സി.ബി.ഐക്കു മുന്നില്‍ ഹാജരാകണം. എന്നാല്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്നുമായിരുന്നു ഉത്തരവ്. ഇതിനിടയില്‍ മേഘാലയയിലെ ഷില്ലോങില്‍ രാജിവ് കുമാറിനെ ചോദ്യം ചെയ്തിരുന്നു.
എന്നാല്‍, പലതവണയായി നടത്തിയ ചോദ്യംചെയ്യലില്‍ രാജീവ് കുമാര്‍ സഹകരിച്ചില്ലെന്നാണ് സി.ബി.ഐ വ്യക്തമാക്കുന്നത്. രാജീവ്കുമാറുമായി സംസാരിക്കുമ്പോള്‍ അദ്ദേഹം പലതും മറച്ചുവെക്കുന്നതായും സത്യം തുറന്നുപറയുന്നില്ലെന്നും സി.ബി.ഐ സുപ്രിം കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ പറയുന്നു.
നേരത്തെ ശാരദ ചിട്ടി ഫണ്ട് കേസ് അന്വേഷിച്ചിരുന്ന സംഘം നിര്‍ണായകമായ ഇലക്ട്രോണിക്ക് തെളിവുകളടക്കം ശേഖരിച്ചില്ലെന്നും പ്രതികള്‍ക്കെതിരേ ശരിയായ അന്വേഷണം നടത്തിയില്ലെന്നും സി.ബി.ഐ പറയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."