മെസ്സി ക്ലാസ്സിക്കോ
മാഡ്രിഡ്: സാന്റിയാഗോ ബെര്‍ണാബുവില്‍ റയല്‍ മാഡ്രിഡും ബാഴ്‌സലോണയും തമ്മിലുള്ള പ്രധാന അന്തരം ലയണല്‍ മെസ്സിയെന്ന ആധുനിക ഫുട്‌ബോള്‍ ഇതിഹാസത്തിന്റെ ബാഴ്‌സയിലെ സാന്നിധ്യമാണെന്ന് ഒരിക്കല്‍ കൂടി വെളിവാക്കപ്പെട്ടു. അടിക്ക് തിരിച്ചടി എന്ന നിലയില്‍ സീസണിലെ രണ്ടാമത്തേയും അവസാനത്തേയും എല്‍ ക്ലാസ്സിക്കോ പോരാട്ടവും സമനിലയിലേക്ക് നീങ്ങുമെന്ന പ്രതീതിയുണര്‍ത്തിയ ഘട്ടത്തില്‍ മെസ്സി നിര്‍ണായക ഗോള്‍ നേടി മത്സരത്തിന്റെ ഗതി ബാഴ്‌സയുടെ വിജയത്തിലേക്ക് തിരിച്ചു വച്ചു.
ബാഴ്‌സയുടെ തട്ടകമായ നൗ കാംപില്‍ നടന്ന സീസണിലെ ആദ്യ എല്‍ ക്ലാസ്സിക്കോ 1-1ന് സമനിലയായെങ്കില്‍ രണ്ടാമത്തെ പോരാട്ടത്തില്‍ ബാഴ്‌സലോണ 3-2ന്റെ വിജയം സ്വന്തമാക്കി. ഒപ്പം പോയിന്റ് പട്ടികയില്‍ വീണ്ടും ഒന്നാം സ്ഥാനത്തേക്ക് കയറിയ ബാഴ്‌സ കിരീട പ്രതീക്ഷകള്‍ സജീവമാക്കി നിര്‍ത്തുകയും ചെയ്തു. 33 മത്സരങ്ങളില്‍ നിന്ന് ബാഴ്‌സലോണയ്ക്ക് 75 പോയിന്റ്. ഒരു മത്സരം കുറച്ചു കളിച്ച റയല്‍ 32 പോരാട്ടത്തില്‍ നിന്ന് 75 പോയിന്റുമായി രണ്ടാമത്. ഗോള്‍ ശരാശരിയിലാണ് ബാഴ്‌സലോണ ഇപ്പോള്‍ മുന്നിലുള്ളത്. ബാഴ്‌സയ്ക്ക് 62ഉം റയലിന് 48 ഗോള്‍ ശരാശരിയുണ്ട്. റയലിനെ സംബന്ധിച്ച് ഒരു മത്സരം കുറച്ചു കളിച്ചതിന്റെ ആനുകൂല്യമുണ്ട്.
ഇരട്ട ഗോളുകളുമായി ബാഴ്‌സലോണയ്ക്കായി തന്റെ 500ാം ഗോള്‍ തികച്ച് മെസ്സി വെട്ടിത്തിളങ്ങിയതായിരുന്നു സാന്റിയാഗോ ബെര്‍ണാബുവിലെ എല്‍ ക്ലാസ്സിക്കോയുടെ ഹൈ ലൈറ്റ്. ഒപ്പം കഴിഞ്ഞ മൂന്ന് വര്‍ഷമായി റയലിനെതിരേ ഗോള്‍ നേടാന്‍ സാധിക്കാത്തതിന്റെ ക്ഷീണവും അര്‍ജന്റൈന്‍ നായകന്‍ തീര്‍ത്തു. കളിയിലെ ആദ്യ ഗോളും അവസാന ഗോളും മെസ്സിയുടെ വകയായിരുന്നു. ബാഴ്‌സലോണയ്ക്കായി 577ാം മത്സരം കളിക്കാനിറങ്ങിയാണ് മെസ്സി കറ്റാലന്‍മാര്‍ക്കായി 500ാം ഗോള്‍ തികച്ചത്. നിലവില്‍ സ്പാനിഷ് ലാ ലിഗയില്‍ ഗോള്‍ വേട്ടയിലും മെസ്സി ഒന്നാം സ്ഥാനത്തുണ്ട്. 29 കളികളില്‍ നിന്ന് 31 ഗോളുകളാണ് ഈ സീസണില്‍ മെസ്സി വലയിലാക്കിയത്.
നെയ്മറുടെ അഭാവത്തില്‍ പതിവ് ശൈലി വിട്ട് ബാഴ്‌സലോണ 4-3-1-2 എന്ന രീതിയിലും പിന്നീട് പരമ്പരാഗത ശൈലിയായ 4-4-2ലേക്കും മാറി മാറി കളിച്ചപ്പോള്‍ റയല്‍ 4-3-3 ശൈലി തന്നെ പരീക്ഷിച്ചു. പതിവ് എല്‍ ക്ലാസ്സിക്കോ പോലെ തന്നെ പരുക്കന്‍ അടവുകളും മികച്ച മുന്നേറ്റങ്ങളും കണ്ട മത്സരം അവസാന നിമിഷത്തേക്ക് കടന്നപ്പോള്‍ റയല്‍ നായകന്‍ സെര്‍ജിയോ റാമോസ് ചുവപ്പ് കാര്‍ഡ് കണ്ട് മൈതാനം വിട്ടതോടെ റയലിന് പത്ത് പേരായി ചുരുങ്ങി മത്സരം അവസാനിപ്പിക്കേണ്ടി വന്നു.
കളി തുടങ്ങി 28ാം മിനുട്ടില്‍ തന്നെ റയല്‍ മാഡ്രിഡ് കാസമിറോയിലൂടെ ലീഡെടുത്തു. ബോക്‌സിന്റെ വലത് കോര്‍ണറില്‍ നിന്ന് മാഴ്‌സലോയുടെ പാസ്. ഈ പന്ത് ഗോളിലേക്ക് തിരിച്ചു വിടാനുള്ള സെര്‍ജിയോ റാമോസിന്റെ ശ്രമം പരാജയപ്പെടുന്നു. റീ ബൗണ്ടില്‍ പന്ത് ലഭിച്ചത് കാസമിറോയുടെ കാലില്‍. താരത്തിന്റെ ക്ലോസ് റെയ്ഞ്ച് ഷോട്ട് നേരെ വലയിലേക്ക്.
പക്ഷേ റയലിന്റെ സന്തോഷത്തിന് അല്‍പായുസ്സേയുണ്ടായിരുന്നുള്ളു. 33ാം മിനുട്ടില്‍ തന്നെ ബാഴ്‌സലോണ തിരിച്ചടിച്ചു. കാര്‍വജാലിനെ വെട്ടിച്ച് റാക്കിറ്റിചിന്റെ സുന്ദരന്‍ പാസ് സ്വീകരിച്ച് മെസ്സി നടത്തിയ ഗോള്‍ ശ്രമം കൃത്യമായി വലയിലെത്തിയപ്പോള്‍ റയല്‍ ഗോളി കെയ്‌ലര്‍ നവാസ് നിസഹായനായിരുന്നു. ഇരു പക്ഷത്തേയും ഗോള്‍ കീപ്പര്‍മാരുടെ പ്രകടനവും ശ്രദ്ധേയമായിരുന്നു. ഗോളെന്നുറച്ച പല ഷോട്ടുകളും ഇരുവരും നിഷ്ഫലമാക്കി.
കളിയുടെ രണ്ടാം പകുതിയുടെ തുടക്കത്തിലും ഗോള്‍ ശ്രമങ്ങള്‍ ഇരു ടീമുകളും നടത്തിയെങ്കിലും ഒന്നും വിജയം കണ്ടില്ല. 73ാം മിനുട്ടില്‍ സമനില പൊട്ടിച്ച് റാക്കിറ്റിചിന്റെ ഗോള്‍ ബാഴ്‌സയ്ക്ക് ലീഡൊരുക്കി. താരത്തിന്റെ കരുത്തുറ്റ ഷോട്ട് നവാസിന് ഒരു പഴുതും അനുവദിക്കാതെ വലയിലായി. 77ാം മിനുട്ടില്‍ പന്തുമായി മുന്നേറുകയായിരുന്ന മെസ്സിയെ വീഴ്ത്തിയതിന് റയല്‍ നായകന്‍ റാമോസിന് ചുവപ്പ് കാര്‍ഡ്. നായകന്‍ പുറത്തായതോടെ റയല്‍ പത്ത് പേരായി ചുരുങ്ങി. എന്നാല്‍ 82ാം മിനുട്ടില്‍ കരിം ബെന്‍സമയെ പിന്‍വലിച്ച് ജെയിംസ് റോഡ്രിഗസിനെ ഇറക്കാനുള്ള സിനദിന്‍ സിദാന്റെ തീരുമാനം വിജയം കണ്ടു. ഇറങ്ങി മൂന്നാം മിനുട്ടില്‍ തന്നെ വല ചലിപ്പിച്ച് റോഡ്രിഗസ് റയലിന് നിര്‍ണായക സമനില ഗോള്‍ സമ്മാനിച്ചു. ഉജ്ജ്വല ഫോമില്‍ കളിക്കുന്ന മാഴ്‌സലോ നല്‍കിയ ലോ ക്രോസില്‍ നിന്ന് ക്ലോസ് റെയ്ഞ്ച് ഷോട്ടിലൂടെ റോഡ്രിഗസ് ബാഴ്‌സയുടെ വല കുലുക്കി റയലിനെ ഒപ്പമെത്തിക്കുകയായിരുന്നു. കളി നിശ്ചിത സമയം തീര്‍ത്ത് രണ്ട് മിനുട്ട് ഇഞ്ച്വറി ടൈമിലേക്ക് കടന്നു.
അവസാന നിമിഷം അവിശ്വസനീയ തിരിച്ചു വരവ് നടത്തി ബാഴ്‌സലോണ വിജയം സ്വന്തമാക്കുന്ന കാഴ്ചയായിരുന്നു ഈ രണ്ട് മിനുട്ടിനിടെ കണ്ടത്. ജോര്‍ദി ആല്‍ബയുടെ ക്രോസില്‍ നിന്ന് മെസ്സി ഉജ്ജ്വലമായ ഗോളിലൂടെ ബാഴ്‌സയ്ക്ക് തകര്‍പ്പന്‍ ജയം സമ്മാനിച്ചു. ആ ഗോള്‍ വലയില്‍ കയറുമ്പോള്‍ മത്സരം അവസാനിക്കാന്‍ 12 സെക്കന്‍ഡുകളേ ബാക്കിയുണ്ടായിരുന്നുള്ളു. ജേഴ്‌സി ഊരി തന്റെ ആവേശം പ്രകടിപ്പിച്ച മെസ്സിക്ക് റഫറി മഞ്ഞ കാര്‍ഡ് സമ്മാനിച്ചതിന് തൊട്ടുപിന്നാലെ ഫൈനല്‍ വിസിലും മുഴങ്ങി.
ലിവര്‍പൂളിനെ അട്ടിമറിച്ചു
ലണ്ടന്‍: വമ്പന്‍മാരെ വീഴ്ത്തുന്ന ലിവര്‍പൂള്‍ ദുര്‍ബലര്‍ക്കെതിരേ വീണ്ടും തോല്‍വി സമ്മതിച്ചു. ക്രിസ്റ്റല്‍ പാലസ് ലിവര്‍പൂളിനെ അവരുടെ തട്ടകമായ ആന്‍ഫീല്‍ഡില്‍ അട്ടിമറിച്ചു. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ തോല്‍വി വഴങ്ങിയത്. കുട്ടീഞ്ഞോയുടെ ഗോളില്‍ മുന്നില്‍ കടന്ന ലിവര്‍പൂളിനെ രണ്ടു ഗോളുകള്‍ തിരിച്ചടിച്ച് ക്രിസ്റ്റല്‍ വീഴ്ത്തുകയായിരുന്നു.
എതിരില്ലാതെ യുവന്റസ്
മിലാന്‍: ബാഴ്‌സലോണയെ പ്രതിരോധ ഫുട്‌ബോള്‍ കളിച്ച് വീഴ്ത്തി ചാംപ്യന്‍സ് ലീഗിന്റെ സെമിയിലേക്ക് മുന്നേറിയ യുവന്റസ് ഇറ്റാലിയന്‍ സീരി എയില്‍ വിജയം തുടരുന്നു. മറുപടിയില്ലാത്ത നാലു ഗോളുകള്‍ക്ക് ജെനോവയെ പരാജയപ്പെടുത്തി അവര്‍ വിജയവും കിരീട പ്രതീക്ഷകളും സജീവമാക്കി നിര്‍ത്തി. ഡൈബാല, മാന്‍സുകിച്, ബൊനൂസി എന്നിവര്‍ യുവന്റസിനായി വല ചലിപ്പിച്ചു. ഒരു ഗോള്‍ സെല്‍ഫിലൂടെ ദാനമായും ലഭിച്ചു.
മൊണാക്കോ മുന്നേറുന്നു
പാരിസ്: ഫ്രഞ്ച് ലീഗ് വണില്‍ മൊണാക്കോയുടെ മുന്നേറ്റം തുടരുന്നു. ഒളിംപിക്ക് ലിയോണിനെതിരായ മത്സരത്തില്‍ 2-1ന് വിജയിച്ച മൊണാക്കോ പോയിന്റ് പട്ടികയിലെ ലീഡ് നിലനിര്‍ത്തി. നായകന്‍ റഡാമല്‍ ഫാല്‍ക്കാവോ, യുവ വിസ്മയം എംപാപ്പെ എന്നിവരുടെ ഗോളുകളാണ് മൊണാക്കോയ്ക്ക് വിജയമൊരുക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."