ഗൃഹനാഥന്റെ മരണം: പൊലിസിനെതിരേ കുടുംബം
കൊട്ടാരക്കര: ഓയൂര്‍ ആക്കല്‍ ലക്ഷ്മീഭവനില്‍ സോമന്‍പിള്ള(55)യുടെ മരണം പൊലിസ് മര്‍ദനത്തിലേറ്റ പരുക്കു മൂലമെന്ന് ആരോപണം. 2015ല്‍ വീടിനു സമീപം തീവയ്പുണ്ടായ കേസില്‍ സാക്ഷിയായിരുന്നു സോമന്‍പിള്ളയും ഭാര്യ ലളിതയും.
കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഇവരെ കഴിഞ്ഞ 28നു കൊട്ടാരക്കരയിലെ ഓഫിസിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ഇവിടെ ചോദ്യം ചെയ്യുന്നതിനിടെ കേസിലെ പ്രതികളുടെ മുന്നില്‍ വച്ച് സോമന്‍പിള്ളയെ മര്‍ദിച്ചെന്നു കാട്ടി ഇവര്‍ റൂറല്‍ എസ്.പിക്ക് പരാതി നല്കി. കൂടാതെ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ഇവര്‍ പരാതി നല്‍കിയിരുന്നു.
നെഞ്ചുവേദനയെ തുടര്‍ന്ന് 28നു രാത്രിയില്‍ സോമന്‍പിള്ള താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. മുന്‍പ് ഹൃദയ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു ഇദ്ദേഹം. പൊലിസ് ഉദ്യോഗസ്ഥര്ക്കെതിരേ പരാതി നല്‍കിയതിന്റെ പേരില്‍ പൊലിസുകാര്‍ ഭീഷണിപ്പെടുത്തിയതായും ഫോണ്‍കോളുകള്‍ ലഭിച്ചിരുന്നതായും ബന്ധുക്കള്‍ പറയുന്നു.
നെഞ്ചിനുണ്ടായ വേദന കൂടിവരികയും കഴിഞ്ഞദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രയില്‍ പ്രവേശിപ്പിച്ച സോമന്‍പിള്ള വൈകിട്ടോടെ മരിക്കുകയും ചെയ്തു. പൊലിസ് മര്‍ദനത്തിലേറ്റ പരുക്കും പൊലിസില്‍ നിന്നുള്ള മാനസിക പീഡനവുമാണ് മരണ കാരണമെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊട്ടാരക്കര താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് റൂറല്‍ എസ്.പി ബി. അശോകന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."