ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പ് എലിസീയിലേക്ക് മാക്രോണോ, മരിനോ?
പാരിസ്: മുഖ്യധാരാ പാര്‍ട്ടികളെ പാര്‍ശ്വവല്‍ക്കരിച്ച് ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ച മിതവാദി ഇമ്മാനുവല്‍ മാക്രോണിന് നേട്ടം. അന്തിമ ഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ 23.75 ശതമാനം വോട്ട് നേടി മാക്രോണ്‍ ഒന്നാമതും 21.5 ശതമാനം വോട്ടോടെ വലതുപക്ഷ വാദിയായ മരിന്‍ ലെ പെന്‍ രണ്ടാമതുമെത്തി.
ഒരു സ്ഥാനാര്‍ഥിയും കേവല ഭൂരിപക്ഷമായ 50 ശതമാനം കടക്കാത്തതിനാല്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് മെയ് ഏഴിന് നടക്കും. ഇതില്‍ മാക്രോണും മരിയ ലെ പെന്നുമാണ് ഏറ്റുമുട്ടുക. രണ്ടാം ഘട്ട തെരഞ്ഞെടുപ്പില്‍ ജയിക്കുന്നവരാണ് ഫ്രഞ്ച് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ എലീസി കൊട്ടാരത്തിലേക്കെത്തുക.
വലതുപക്ഷ അനുകൂല സ്ഥാനാര്‍ഥി ഫ്രാന്‍സ്വെ ഫില്ലോണ്‍ 19.8 ശതമാനം വോട്ട് നേടി മൂന്നാമതും ഇടതുപക്ഷ അനുകൂല സ്ഥാനാര്‍ഥി ജീന്‍ മലെന്‍കോണ്‍ 18.8 ശതമാനം വോട്ടോടെ നാലാമതും എത്തി.
നിലവിലുള്ള പ്രസിഡന്റ് ഫ്രാന്‍സ്വെ ഹൊളാന്തിന്റെ മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്ന മാക്രോണ്‍ രാജിവച്ച് പാര്‍ട്ടിവിട്ട് സ്വതന്ത്രനായി മത്സരിക്കുകയായിരുന്നു. സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് ഏഴു ശതമാനം വോട്ടുപോലും ലഭിക്കാതെ തെരഞ്ഞെടുപ്പില്‍ നിന്ന് പുറത്തായി. ഫ്രാന്‍സിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നത്.
യൂറോപ്യന്‍ യൂനിയനില്‍നിന്ന് പുറത്തുപോകുന്ന ഫ്രെക്‌സിറ്റ് നടത്തുമെന്നായിരുന്നു വലതുപക്ഷക്കാരിയായ മരിന്‍ ലെ പെന്നിന്റെ പ്രചാരണം. അഭയാര്‍ഥികളെയും വിദേശികളെയും പുറത്താക്കുമെന്നും മുസ്‌ലിം പള്ളികള്‍ പൂട്ടണമെന്നും അവര്‍ വാദിച്ചിരുന്നു. പെന്നിന് പരാജയം നേരിട്ടതോടെ യൂറോയുടെ മൂല്യവും രണ്ടു ശതമാനം ഉയര്‍ന്നു. മാക്രോണ്‍ വാഗ്ദാനം ചെയ്ത തൊഴില്‍ പദ്ധതികളും പൊതുനിക്ഷേപവുമാണ് യൂറോപ്യന്‍ സാമ്പത്തിക രംഗത്തിന് ഉണര്‍വായത്.
മുന്‍ ധനമന്ത്രിയായ മാക്രോണിലാണ് ബിസിനസ് മേഖലയും യുവാക്കളും തൊഴില്‍ രഹിതരും ന്യൂനപക്ഷങ്ങളും വിശ്വാസമര്‍പ്പിക്കുന്നത് എന്ന് തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം. ആകെ വോട്ടെടുപ്പില്‍ നേരിയ ശതമാനത്തിന്റെ മുന്‍തൂക്കമാണുള്ളതെങ്കിലും മുഖ്യധാരാ പാര്‍ട്ടികളെ മാറ്റി നിര്‍ത്തിയുള്ള പോരാട്ടമാണ് തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കിയത്.
പുതിയ സര്‍വേകള്‍ പ്രകാരം മാക്രോണ്‍ പ്രസിഡന്റാകുമെന്നാണ് പ്രവചനം. മാക്രോണിന് 64 ശതമാനം പേരുടെയും മരിയക്ക് 36 ശതമാനം പേരുടെയും പിന്തുണ ലഭിക്കുമെന്നാണ് സര്‍വേകളെന്ന് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
60 വര്‍ഷത്തെ ഫ്രഞ്ച് രാഷ്ട്രീയത്തില്‍ ഇതാദ്യമായാണ് ചെറു കക്ഷികള്‍ മുഖ്യധാരയിലേക്കെത്തുന്നത്. ഈ വര്‍ഷം ഫ്രഞ്ച് തെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് പോളിങ് നടന്നിരുന്നു. 89.7 ശതമാനം പേരാണ് ഇത്തവണ സമ്മതിദാന അവകാശം വിനിയോഗിച്ചത്.
അതിനിടെ, തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ പാരിസില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. പൊലിസിനു നേരെയും വ്യാപക ആക്രമണം നടന്നു. പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ പൊലിസ് ലാത്തിവീശുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."