HOME
DETAILS
MAL
അയ്യന്തോള്‍ ഫ്ളാറ്റിലെ കൊലപാതകം പ്രതികള്‍ക്ക് ജീവപര്യന്തം
backup
July 14 2020 | 02:07 AM
തൃശൂര്‍: അയ്യന്തോള്‍ പഞ്ചിക്കലിലെ ഫ്ളാറ്റില്‍വച്ച് ഷൊര്‍ണൂര്‍ സ്വദേശി സതീശനെ കൊലപ്പെടുത്തിയ കേസില്‍ മൂന്നു പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ. ഒന്നാം പ്രതി കൃഷ്ണപ്രസാദ്, രണ്ടാം പ്രതി കോണ്‍ഗ്രസ് പുതുക്കാട് മണ്ഡലം പ്രസിഡന്റായിരുന്ന റഷീദ്, കാമുകിയും മൂന്നാം പ്രതിയുമായ ശാശ്വതി എന്നിവരെയാണ് തൃശൂര്‍ ഒന്നാം അഡിഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.ആര് മധുകുമാര്‍ ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. കൃഷ്ണപ്രസാദ് 25,000 രൂപയും റഷീദ് ആറു ലക്ഷം രൂപയും ശാശ്വതി മൂന്നു ലക്ഷം രൂപയും മൂന്നു മാസത്തിനകം പിഴ അടയ്ക്കണം. ഈ തുക മരിച്ച സതീശന്റെ കുടുംബത്തിനു നഷ്ടപരിഹാരമായി നല്‍കണം. പിഴ അടച്ചില്ലെങ്കില്‍ സ്വത്തുക്കള്‍ ജപ്തി ചെയ്ത് തുക ഈടാക്കും.
പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചെന്ന കുറ്റത്തിനു നാലാം പ്രതി രതീഷിനെ ഒന്നര വര്‍ഷവും എട്ടാം പ്രതി സുധീഷിനെ ഒരു വര്‍ഷവും കഠിനതടവിനു ശിക്ഷിച്ചു. ഇരുവരും രണ്ടായിരം രൂപവീതം പിഴയടക്കണം. അടച്ചില്ലെങ്കില്‍ ഒരു മാസംകൂടി തടവുശിക്ഷ അനുഭവിക്കേണ്ടിവരും. പ്രതി ചേര്‍ത്തിരുന്ന കെ.പി.സി.സി മുന്‍ സെക്രട്ടറി എം.ആര് രാമദാസ് അടക്കം മൂന്നുപേരെ കോടതി വെറുതെ വിട്ടു.
പ്രതിയായ റഷീദിന്റെ ഫ്ളാറ്റില്‍ 2016 മാര്‍ച്ച് മൂന്നിനാണു കൊലപാതകം നടന്നത്. ജോലി ലഭിക്കാന്‍ പണം നല്കിയതു സംബന്ധിച്ച തര്‍ക്കവും റഷീദിന്റെ കാമുകിയെക്കുറിച്ചുള്ള ചോദ്യവുമാണ് സതീശനെ കൊലപ്പെടുത്താന്‍ പ്രകോപനമായതെന്ന് പൊലിസ് കുറ്റപത്രത്തില്‍ ആരോപിച്ചിരുന്നു. വെസ്റ്റ് സി.ഐ ആയിരുന്ന എ.സി.പി വി.കെ രാജുവാണ് കേസ് അന്വേഷിച്ചത്. 2017 ഡിസംബറില്‍ വിസ്താരം ആരംഭിച്ചു. പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചതോടെ പിന്നീട് വിചാരണ തടസപ്പെട്ടു. ശേഷം 2018 ഡിസംബറിലാണു വിചാരണ പുനരാരംഭിച്ചത്. കേസില്‍ ആകെ 72 സാക്ഷികളെ വിസ്തരിച്ചു. വിധിപ്രസ്താവം കേള്‍ക്കാന്‍ കൊല്ലപ്പെട്ട സതീശന്റെ അച്ഛനും സഹോദരിയും കോടതിയില്‍ എത്തിയിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. വിനു വര്‍ഗീസ് കാച്ചപ്പള്ളി, അഭിഭാഷകരായ സജി ഫ്രാന്‍സിസ് ചുങ്കത്ത്, ജോഷി പുതുശേരി എന്നിവര്‍ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."