ചുണ്ടിനും കപ്പിനുമിടയില്‍ നഷ്ടപ്പെട്ട മുഖ്യമന്ത്രിപദം
കോട്ടയം: അവസരങ്ങളുടെ കലയാണ് രാഷ്ട്രീയമെങ്കില്‍ വന്നുചേര്‍ന്നതും നഷ്ടപ്പെട്ടതുമായ അവസരങ്ങളുടെ കഥയാണ് കെ.എം മാണിയുടേത്. വലിയ ആഗ്രഹങ്ങളിലൊന്നായിരുന്നു കേരള മുഖ്യമന്ത്രി പദം. ചുണ്ടിനും കപ്പിനുമിടയില്‍ ഈ മോഹം തട്ടിത്തെറിപ്പിച്ചത് താന്‍കൂടി വെള്ളവും വളവുമിട്ട് വളര്‍ത്തിയ മുന്നണിക്കുള്ളില്‍ നിന്ന്.
2014ല്‍ ഇടതുപക്ഷത്തിന്റെ പിന്തുണയോടെ മാണിയെ മുഖ്യമന്ത്രി പദവിയിലേറ്റാനുള്ള നീക്കം ഏതാണ്ട് ലക്ഷ്യത്തിലെത്താനായപ്പോഴാണ് ബാര്‍കോഴ ആരോപണം എല്ലാം തട്ടിത്തെറിപ്പിച്ചത്. ബാര്‍കോഴ ആരോപണം കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ ആസൂത്രണത്തില്‍ രൂപപ്പെട്ടതാണെന്ന് കെ.എം മാണിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ഉറച്ചു വിശ്വസിച്ചു. പ്രതിപക്ഷ ബഹളങ്ങള്‍ക്കിടെ തന്റെ 13-ാം ബജറ്റ് അവതരിപ്പിച്ച ശേഷം അധികം വൈകാതെ 2015 ഒക്ടോബറില്‍ അദ്ദേഹം ധനമന്ത്രി സ്ഥാനം രാജിവച്ചു.
ബാര്‍കോഴയില്‍ മാണി കുടുങ്ങിയതോടെ കോണ്‍ഗ്രസ് സന്തോഷിച്ചു. മുന്നണി വിടാന്‍ കാരണങ്ങളന്വേഷിച്ച് പലതവണ കോണ്‍ഗ്രസുമായി മാണി ഉടക്കിയിരുന്നു. പിന്നീട് യു.ഡി.എഫ് ബന്ധം ഉപേക്ഷിച്ച് കേരള രാഷ്ട്രീയത്തില്‍ കേരളാ കോണ്‍ഗ്രസ് (എം) ഒറ്റയാനായി നിലകൊണ്ടു. ഏതു തെരഞ്ഞെടുപ്പിനെയും ഒറ്റക്ക് നേരിടാനുള്ള കരുത്ത് തന്റെ പാര്‍ട്ടിക്കുണ്ടെന്നായിരുന്നു മാണിയുടെ നിലപാട്.
1979ലാണ് കേരളാ കോണ്‍ഗ്രസ് (എം) എന്ന പേരില്‍ മാണി സ്വന്തം പാര്‍ട്ടി രൂപീകരിച്ചത്. പക്ഷേ, അതുവരെ ഉറ്റ അനുനായിയായി കൂടെനിന്ന പി.ജെ ജോസഫ് മാണിയെ വിട്ടുപിരിഞ്ഞു. മാണി വിഭാഗത്തിന്റെ ആകെയുള്ള 20 എം.എല്‍.എമാരില്‍ ആറുപേരും അന്ന് ജോസഫിനൊപ്പം പാര്‍ട്ടിവിട്ടു. ആര്‍. ബാലകൃഷ്ണപിള്ളയും ഇതിനോടകം പാര്‍ട്ടിവിട്ട് ജനതാ പാര്‍ട്ടിക്കൊപ്പം ചേര്‍ന്നിരുന്നു. അതേവര്‍ഷം പി.കെ വാസുദേവന്‍നായര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചപ്പോള്‍ മാണിയുടെ പേര് മുഖ്യമന്ത്രിപദത്തിലേക്ക് ഉയര്‍ന്നുവന്നിരുന്നു. പക്ഷേ അന്നും മാണിക്ക് മുഖ്യമന്ത്രിപദം നഷ്ടമായി. പകരം സി.എച്ച് മുഹമ്മദ് കോയ കേരള മുഖ്യമന്ത്രിയായി അധികാരമേറ്റു. എന്നാല്‍, സത്യപ്രതിജ്ഞ ചെയ്ത് 51ാം ദിവസം മാണി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതോടെ സി.എച്ച് മന്ത്രിസഭ താഴെ വീണു. കേരളത്തില്‍ രാഷ്ട്രപതിഭരണം നിലവില്‍വന്നു.
1980ല്‍ അടുത്ത തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ കോണ്‍ഗ്രസുമായുള്ള ബന്ധം വിട്ട് മാണി ഇടതുമുന്നണിയിലെത്തിയിരുന്നു. പാലായില്‍നിന്ന് വീണ്ടും ജയിച്ച മാണി നായനാര്‍ മന്ത്രിസഭയില്‍ ധനകാര്യ-നിയമ മന്ത്രിയായി അധികാരമേറ്റു. പിന്നീട് കെ.കരുണാകരന്‍ അധികാരത്തില്‍ വന്നപ്പോള്‍ ഒപ്പം ചേര്‍ന്ന മാണി ആ മന്ത്രിസഭയിലും ധനകാര്യ-നിയമമന്ത്രിയായി. ഈ സമയത്ത് ജോസഫ് വിഭാഗം യു.ഡി.എഫിലായിരുന്നു.
1982ല്‍ മാണി വീണ്ടും യു.ഡി.എഫിലെത്തി. ഇടയ്ക്ക് മാണിയുമായി വഴിപിരിഞ്ഞ് പുറത്തുപോയ ആര്‍. ബാലകൃഷ്ണപിള്ളയും ഈ ഘട്ടത്തില്‍ യു.ഡി.എഫിലെത്തിയതോടെ ഇരുകൂട്ടരും ലയിച്ചു. ആ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ കെ.കരുണാകരന്‍ വീണ്ടും അധികാരത്തില്‍ തിരിച്ചെത്തിയപ്പോള്‍ മാണി വീണ്ടും ധനകാര്യ-നിയമമന്ത്രി സ്ഥാനത്ത് തിരിച്ചെത്തി.
കേന്ദ്രത്തില്‍ വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ മന്ത്രിസഭയിലേക്കും മാണിയെതേടി ക്ഷണമെത്തിയിരുന്നുവെങ്കിലും ചരടുവലികളില്‍ അവസരം തട്ടിത്തെറിപ്പിക്കപ്പെട്ടു. ആ അവസരം പി.സി തോമസിനെ തേടിയെത്തുകയായിരുന്നു. എന്നാല്‍, മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ ഭരണകാലത്ത് സംസ്ഥാന ധനമന്ത്രിമാരുടെ കൗണ്‍സില്‍ അധ്യക്ഷ പദവി കെ.എം മാണിക്ക് ലഭിച്ചു.
എന്‍.ഡി.എയിലേക്കുള്ള ക്ഷണപത്രമായി ആ പദവി വ്യാഖ്യാനിക്കപ്പെട്ടെങ്കിലും ഉമ്മന്‍ ചാണ്ടിയുടെയും മുസ്്‌ലിം ലീഗിന്റെയും കൈപിടിച്ച് അദ്ദേഹം തന്റെ രാഷ്ട്രീയ തറവാട്ടിലേക്ക് മടങ്ങിയെത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."