തിരൂര്‍ ജില്ലാ ആശുപത്രി വികസനം: പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ തീരുമാനം
തിരൂര്‍: ജില്ലാ ആശുപത്രിയില്‍ രോഗികള്‍ക്കാവശ്യമായ കൂടുതല്‍ സൗകര്യങ്ങള്‍ എത്രയും വേഗം സജ്ജീകരിക്കാന്‍ പദ്ധതി പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ തീരുമാനം. സി. മമ്മൂട്ടി എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ തുടങ്ങിയ ജനപ്രതിനിധികളുടേയും വിവിധ വകുപ്പുതല മേധാവികളുടേയും പങ്കാളിത്തത്തില്‍ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന സംയുക്ത യോഗത്തിലാണ് തീരുമാനം.
അമ്മയും കുഞ്ഞും ബ്ലോക്കിന്റെ ഉദ്ഘാടനത്തിനു മുന്‍പായി ഓപ്പറേഷന്‍ തിയേറ്റര്‍, വിവിധ ഉപകരണങ്ങള്‍ സജ്ജീകരിക്കല്‍ തുടങ്ങിയ പ്രവൃത്തികള്‍ ഈ മാസം 31ന് മുന്‍പായി പൂര്‍ത്തീകരിക്കാനും ഓഗസ്റ്റില്‍ തന്നെ ജനങ്ങള്‍ക്ക് തുറന്ന് കൊടുക്കുന്നതിനും തീരുമാനിച്ചു. പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ കരാറുകാരായ ബി.എസ്.എന്‍.എല്ലിന് നിര്‍ദേശം നല്‍കി.
ഓങ്കോളജി സ്‌പെഷാലിറ്റി ബ്ലോക്കിന്റെ പൈലിങ് പ്രവൃത്തി 90 ശതമാനവും പൂര്‍ത്തീകരിച്ച സാഹചര്യത്തില്‍ പണി തുടര്‍ന്നു മുന്നോട്ട് കൊണ്ടുപോകാന്‍ ആവശ്യമായ കെട്ടിടം പൊളിച്ചു നീക്കാനും പ്രസവ വാര്‍ഡും കുട്ടികളുടെ വാര്‍ഡും അമ്മയും കുഞ്ഞും ബ്ലോക്കിലേക്ക് മാറ്റാനും തീരുമാനിച്ചു. ആശുപത്രിയിലേക്കുള്ള വൈദ്യുതി വിതരണത്തിന് വന്‍കിട ട്രാന്‍സ്‌ഫോര്‍മറിന് പുറമെ നിലവിലുള്ള വൈദ്യുതി സംവിധാനം കുറ്റമറ്റതാക്കുന്നതിന് 80 ലക്ഷം രൂപയുടെ പദ്ധതിക്കും അംഗീകാരം നല്‍കി.
ജില്ലാ ആശുപത്രി കെട്ടിടങ്ങളുടെ താല്‍ക്കാലിക നമ്പറിന് പകരം സ്ഥിരം നമ്പര്‍ നല്‍കുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവില്‍ ആവശ്യമായ ഭേദഗതി നിര്‍ദേശിക്കാനും തീരുമാനിച്ചു.
നിലവിലുള്ള ആറ് നില കെട്ടിടത്തിലേക്ക് എം.എല്‍.എ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് സ്ഥാപിക്കുന്ന വലിയ ലിഫ്റ്റിന്റെയും റാമ്പിന്റെയും പ്രവൃത്തി എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കാന്‍ യോഗം നിര്‍ദേശം നല്‍കി. ആശുപത്രിയില്‍ പുതുതായി സ്ഥാപിക്കുന്ന കാത്ത് ലാബിന്റെയും യോഗത്തിലെടുത്ത തീരുമാനങ്ങളുടേയും പുരോഗതി വിലയിരുത്തുന്നതിന്നും മറ്റു വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി കൂടുതല്‍ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചു ചേര്‍ത്ത് 25ന് വീണ്ടും യോഗം ചേരാനും തീരുമാനിച്ചു. കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സി.മമ്മൂട്ടി എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, ജില്ലാ പഞ്ചായത്തംഗം വെട്ടം ആലിക്കോയ, നഗരസഭാ കൗണ്‍സിലര്‍മാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പ്രീതി മേനോന്‍, ഡോ. ഉസ്മാന്‍ കുട്ടി, ഡി.പി.എം ഷിബുലാല്‍, ജില്ലാ ടൗണ്‍ പ്ലാനിങ്ങ് ഓഫിസര്‍, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍, ഫയര്‍ ആന്‍ഡ് സേഫ്റ്റി തുടങ്ങി വിവിധ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."