ബിഷപ് ഫ്രാങ്കോയ്ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചു
കോട്ടയം: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ കന്യാസ്ത്രീ നല്കിയ പീഡനക്കേസില്‍ പൊലിസ് പാലാ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. മാനഭംഗം, പ്രകൃതിവിരുദ്ധ പീഡനം ഉള്‍പ്പെടെ 5 വകുപ്പുകളാണു ബിഷപ്പിനെതിരേ ചുമത്തിയിട്ടുള്ളത്.
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെ 83 സാക്ഷികളുടെ മൊഴികളും 10 പേരുടെ രഹസ്യമൊഴികളും അടങ്ങുന്ന കുറ്റപത്രം വൈക്കം ഡിവൈ.എസ്.പി കെ. സുഭാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പാലാ കോടതിയില്‍ സമര്‍പ്പിച്ചത്. ജീവപര്യന്തം തടവ് വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ ചുമത്തിയിട്ടുള്ളത്.
ഒന്‍പത് മാസം നീണ്ട അന്വേഷണത്തിനൊടുവിലാണു 2000 പേജ് അടങ്ങുന്ന കുറ്റപത്രം കോടതി മുന്‍പാകെ എത്തുന്നത്. അധികാരം ദുരുപയോഗം ചെയ്ത് ലൈംഗിക പീഡനത്തിനു പുറമെ ഭീഷണിപ്പെടുത്തല്‍, അന്യായമായി തടഞ്ഞുവയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളും ബിഷപ്പിനെതിരേയുണ്ട്. ബിഷപ്പിന്റെ അറസ്റ്റിനുശേഷം കന്യാസ്ത്രീകള്‍ക്ക് നേരിടേണ്ടിവന്ന ദുരനുഭവങ്ങളും സ്ഥലംമാറ്റ ഉത്തരവുകളും കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. പരാതിക്കാരിയുടേതുള്‍പ്പെടെ 10 പേരുടെ രഹസ്യമൊഴികളും അന്വേഷണസംഘം തെളിവായി സമര്‍പ്പിച്ചു.
2017 ജൂണ്‍ 27നാണ് കുറവിലങ്ങാട്ടെ മഠത്തില്‍ വച്ച് ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ പീഡിപ്പിച്ചെന്ന പരാതിയുമായി കന്യാസ്ത്രീ പൊലിസിനെ സമീപിച്ചത്. കൃത്യമായ സാക്ഷിമൊഴികളും തെളിവുകളുമുണ്ടായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാന്‍ വൈകിയത് പൊലിസിനെതിരേ ആരോപണങ്ങളുയര്‍ത്തിയിരുന്നു. തുടര്‍ന്ന് കന്യാസ്ത്രീക്ക് നീതിയാവശ്യപ്പെട്ട് കുറവിലങ്ങാട് മഠത്തിലെ അഞ്ചു കന്യാസ്ത്രീകള്‍ എറണാകുളം വഞ്ചി സ്ക്വയറില്‍ തെരുവ് സമരം തുടങ്ങി.
ദേശീയ ശ്രദ്ധയാകര്‍ഷിച്ച ഈ സമരത്തിനൊടുവിലായിരുന്നു ബിഷപ്പിനെ പൊലിസ് അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."