പരാതിയുമായി കോളനിക്കാര്‍ വീണ്ടും കലക്ടറുടെ മുന്നില്‍
മലപ്പുറം: ചോക്കാട് ചിങ്കക്കല്ല് ആദിവാസി കോളനിയില്‍ വീട് നിര്‍മാണം തടഞ്ഞ നിലമ്പൂര്‍ സൗത്ത് ഡി.എഫ്.ഒയുടെ നടപടിക്കെതിരേ കോളനിക്കാര്‍ പരാതിയുമായി കലക്ടറെ സമീപിച്ചു. 2016ല്‍ മുന്‍ ഡി.എഫ്.ഒയുടെ അനുമതി പ്രകാരം വീട് നിര്‍മാണം ആരംഭിച്ച കോളനിക്കാരോട് പുതുതായി സ്ഥലത്തെത്തിയ ഡി.എഫ്.ഒ നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തരവിറക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് കോളനിവാസികള്‍ പരാതിയുമായി ജില്ലാകലക്ടറെ കാണാന്‍ ജില്ലാ ആസ്ഥാനത്തെത്തിയത്. പ്രശ്‌നത്തില്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഉടന്‍ തന്നെ വിഷയത്തില്‍ നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു.
നിലവില്‍ 14 കുടുംബങ്ങളാണ് പ്രദേശത്ത് താമസിക്കുന്നത്. ഇതില്‍ നാല് കുടുംബങ്ങള്‍ താത്കാലിക ഷെഡ് കെട്ടിയാണ് താമസം. കനത്ത മഴയില്‍ ചോര്‍ന്ന് ഓലിക്കുന്ന കൂരയില്‍ വന്യ ജീവികളുടെ ആക്രമണവും പേടിച്ചാണ് കുടുംബങ്ങള്‍ പ്രദേശത്ത് ജീവിതം തള്ളി നീക്കുന്നത്.
ഈ സാഹചര്യം മനസിലാക്കിയാണ് മുന്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസര്‍ സജികുമാര്‍ ചിങ്കക്കല്ല് പുഴയോരത്ത്‌നിന്നു 20 മീറ്റര്‍ അകലെ വനമേഖലയില്‍ വീട് വയ്ക്കാന്‍ അനുമതി നല്‍കിയത്. തുടര്‍ന്ന് കോളനിവാസികളായ സരോജിനി, കുറുമ്പി, ഗീത, കൊറ്റിവെള്ളന്‍ എന്നിവര്‍ ഐ.ടി.ഡി.പി യുടെ സാമ്പത്തിക സഹായത്തോടെ വീട് നിര്‍മാണം ആരംഭിച്ചു. ഇതിനിടെയാണ് പുതുതായി ചുമതലയേറ്റ ഡി.എഫ് .ഒ നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിറക്കിയത്.
ഇതോടെ ആദിവാസികള്‍ ദുരിതത്തിലായി. കോളനിയില്‍ രണ്ട് വീടുകളുടെ ജോലികള്‍ അവസാന ഘട്ടത്തിലും രണ്ട് വീടുകളുടെ തറയുടെ ജോലികള്‍ പൂര്‍ത്തിയായതുമാണ്. എന്നാല്‍ ഇവയെല്ലാം പൊളിച്ച് സ്ഥലത്ത്‌നിന്ന് മാറി താമസിക്കണമെന്നാണ് ഡി.എഫ്.ഒ കോളനിക്കാരോട് ആവശ്യപ്പെട്ടത്. തുടര്‍ന്ന് കോളനിക്കാര്‍ ഐ.ടി.ഡി.പി ഓഫിസിലും ഡി.എഫ് ഒക്കും നിവേദനം നല്‍കിയിരുന്നെങ്കിലും നടപടിയായില്ല. തുടര്‍ന്ന് കഴിഞ്ഞ ജൂണ്‍ നാലിന് ആദിവാസികള്‍ നേരിട്ടെത്തി ജില്ലാകലക്ടര്‍ക്ക് പരാതി സമര്‍പ്പിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ കലക്ടര്‍ ഡി.എഫ്.ഒയോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ പ്രശ്‌നത്തില്‍ പരിഹാരമുണ്ടാകാത്തതിനെ തുടര്‍ന്നാണ് വീണ്ടും ആദിവാസികള്‍ കലക്ടറെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."