അന്ധരെ സഹായിക്കാന്‍ വോയ്‌സ് ബാങ്കൊരുക്കി വിദ്യാര്‍ഥികള്‍
കിഴിശ്ശേരി: കാഴ്ചയില്ലായ്മയെ കേള്‍വി കൊണ്ടു മറികടക്കാന്‍ അന്ധരെ സഹായിക്കാന്‍ വോയ്‌സ് ബാങ്കൊരുക്കി വിദ്യാര്‍ഥികള്‍. കൊണ്ടോട്ടി ഗവ.
കോളജിലെ എന്‍.എസ്.എസ് വിദ്യാര്‍ഥികളാണ് കാഴ്ചയുടെലോകം അന്യമായവര്‍ക്ക് പാഠപുസ്തകങ്ങളും മറ്റു പ്രസിദ്ധീകരണങ്ങളും കേട്ടുപഠിക്കാന്‍ അവസരം ഒരുക്കുന്നത്. വോയിസ് ബാങ്ക് എന്ന പദ്ധതിയിലൂടെ സാഹിത്യ കൃതികളും പാഠപുസ്തകങ്ങളും വിദ്യാര്‍ഥികള്‍ വായിച്ച് ലാപ് ടോപ്പിന്റെയും വോയിസ് റെക്കോഡറിന്റെയും സഹായത്തോടെ റെക്കോഡ് ചെയ്ത് സി.ഡിയിലാക്കി കാഴ്ചപരിമിതര്‍ക്ക് നല്‍കുകയാണ് ചെയ്യുന്നത്. ഇതിനായി വംശനാശഭീഷണി നേരിടുന്ന ജീവികള്‍, കംപ്യൂട്ടര്‍, നാറാണത്ത് ഭ്രാന്തന്‍, സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍, ഭൂമിയുടെ അവകാശികള്‍, വിചാരസാഹിതി, നമ്മുടെ ഈ ഭൂമി, കൊണ്ടികി, സ്വാമി വിവേകാനന്ദന്‍ സോഷ്യലിസ്റ്റോ?, മലയാള കവികള്‍ എന്നീ പത്തോളം പുസ്തകങ്ങളുടെ ഓഡിയോ റെക്കോര്‍ഡിങ് ഇതിനകം പൂര്‍ത്തിയായി.
അര്‍ച്ചന, ആതിര, മുഫീദ, അനശ്വര, ദൃശ്യ, മനീഷ, ജിനിഷ, ശ്രീജിഷ്ണ, നൗറിന്‍ എന്നീ പത്ത് വിദ്യാര്‍ഥികളുടെ ശബ്ദങ്ങളിലാണ് വോയ്‌സ് ബാങ്ക് ഒരുങ്ങിയിരിക്കുന്നത്. കുടാതെ അന്ധവിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ സഹായിക്കുന്നതിനായി സ്‌ക്രൈബ് ബാങ്ക് രൂപികരിക്കാനുള്ള ഒരുക്കത്തിലാണ് ഈ വിദ്യാര്‍ഥി കൂട്ടായ്മ.
വോയ്‌സ് ബാങ്കിന്റെ പ്രകാശനവും സ്‌ക്രൈബ് ബാങ്കിന്റെ പ്രഖ്യാപനവും ഇന്ന് രാവിലെ 9 ന് കോളജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ടി .വി ഇബ്രാഹിം എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
പ്രിന്‍സിപ്പല്‍ ഡോ. എ.കെ അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷനാവും. കേരള ബ്ലൈന്‍ഡ് ഫെഡറേഷന്‍ പ്രസിഡന്റ് എം.സുധീര്‍ മുഖ്യ പ്രഭാഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."