എന്‍ജിനീയറിങ് പ്രവേശന പരീക്ഷ നാളെ; ചോദ്യക്കടലാസുകള്‍ കേന്ദ്രങ്ങളിലെത്തി
പരീക്ഷാ കേന്ദ്രങ്ങളില്‍ ഇന്ന് അണുനശീകരണം
തിരുവനന്തപുരം: ഈ വര്‍ഷത്തെ എന്‍ജിനീയറിങ്, ഫാര്‍മസി കോഴ്‌സുകള്‍ക്കായുള്ള കീം 2020 പ്രവേശന പരീക്ഷ നാളെ നടക്കും. പരീക്ഷയ്ക്കുള്ള ചോദ്യക്കടലാസുകള്‍ ഇതിനോടകം പരീക്ഷാ കേന്ദ്രങ്ങളിലെത്തിച്ചിട്ടുണ്ട്. അതേസമയം ഇന്ന് പരീക്ഷാ കേന്ദ്രങ്ങളില്‍ ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ അണുനശീകരണം നടത്തും. പരീക്ഷയ്ക്ക് ശേഷവും എല്ലാ പരീക്ഷാകേന്ദ്രങ്ങളും ഫയര്‍ഫോഴ്‌സ് അണുവിമുക്തമാക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഡല്‍ഹി, മുംബൈ, ദുബൈ എന്നിവിടങ്ങളിലുമായി 1,10,250 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതും. ഏപ്രില്‍ 20, 21 തിയതികളില്‍ നിശ്ചയിച്ചിരുന്ന പരീക്ഷയാണ് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജൂലൈ 16ലേക്ക് മാറ്റിവച്ചത്.
കണ്ടൈയ്ന്‍മെന്റ് സോണുകള്‍, ഹോട്ട്‌സ്‌പോട്ടുകള്‍, ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ മേഖലകള്‍ എന്നിവിടങ്ങളിലെല്ലാം കൊവിഡ് വ്യാപനം തടയുന്നതിനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചാവും പരീക്ഷ നടത്തുക. വിദ്യാര്‍ഥികളുടെ പൂര്‍ണ സുരക്ഷ ഉറപ്പാക്കിയും രക്ഷകര്‍ത്താക്കളുടെ ആശങ്കയകറ്റിയും കുറ്റമറ്റ രീതിയില്‍ പ്രവേശന പരീക്ഷ നടത്തുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഒരുക്കങ്ങള്‍ ഇങ്ങനെ: പരീക്ഷാ കേന്ദ്രങ്ങള്‍ക്ക് സമീപവും ബസ് സ്റ്റോപ്പുകളിലും തിരക്ക് ഒഴിവാക്കുന്നതിനും സാമൂഹിക അകലം ഉറപ്പാക്കുന്നതിനും പൊലിസ് ക്രമീകരണങ്ങളൊരുക്കും. സുരക്ഷാക്രമീകരണങ്ങള്‍ക്കായി 3000ത്തോളം സന്നദ്ധസേനാ പ്രവര്‍ത്തകരുടെ സേവനം വിനിയോഗിക്കും.
ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്നവര്‍ക്കും ക്വാറന്റൈനിലുള്ള വിദ്യാര്‍ഥികള്‍ക്കും പ്രത്യേക മുറി തയാറാക്കും. യാത്രാ സൗകര്യമൊരുക്കാന്‍ കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വിസ് നടത്തും. പരീക്ഷാ കേന്ദ്രങ്ങളിലേക്ക് രാവിലെയും വൈകിട്ടും സ്‌പെഷല്‍ സര്‍വിസുണ്ടാവും. രാവിലെയും ഉച്ചക്കുമായി പരീക്ഷ നടക്കുന്നതിനാല്‍ വിദ്യാര്‍ഥികള്‍ ഉച്ചഭക്ഷണവും വെള്ളവും കരുതണം.
തിരുവനന്തപുരം ജില്ലയിലെ സൂപ്പര്‍ സ്‌പ്രെഡ് മേഖലയിലെ 70 വിദ്യാര്‍ഥികള്‍ക്ക് വലിയതുറ സെന്റ് ആന്റണീസ് എച്ച്.എസ്.എസില്‍ പരീക്ഷയെഴുതാം. ഡല്‍ഹി കേന്ദ്രത്തിന് അവസാന നിമിഷംവരെ അനുമതി ലഭിച്ചില്ല. അതിനാല്‍ ഫരീദാബാദ് ജെ.സി ബോസ് യൂനിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി പരീക്ഷാ കേന്ദ്രമാക്കിയിട്ടുണ്ട്. ഇതര സംസ്ഥാന വിദ്യാര്‍ഥികള്‍ക്ക് ഇ-ജാഗ്രതാ പോര്‍ട്ടലിലൂടെ ഷോര്‍ട്ട് വിസിറ്റ് പാസ് നല്‍കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. സംശയനിവാരണത്തിന്: 04712525300.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."