ലക്ഷം രൂപയില്‍ താഴെയുള്ള സ്റ്റാമ്പുകള്‍ക്ക് ഇ-സ്റ്റാമ്പിങ് ആലോചനയില്‍: മുഖ്യമന്ത്രി
തിരുവനന്തപുരം: ഒരു ലക്ഷം രൂപയില്‍ താഴെയുള്ള സ്റ്റാമ്പുകള്‍ ഇ-സ്റ്റാമ്പിങ്ങിലൂടെ നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്നു ജില്ലകളില്‍ സബ് രജിസ്ട്രാര്‍ ഓഫിസുകള്‍ക്കായി നിര്‍മിച്ച കെട്ടിടങ്ങളുടെ പ്രവര്‍ത്തനോദ്ഘാടനവും രണ്ടു ജില്ലകളിലെ പുതിയ കെട്ടിടങ്ങളുടെ നിര്‍മാണോദ്ഘാടനവും വിഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജനങ്ങള്‍ക്ക് തടസമില്ലാതെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് എല്ലാ സബ് രജിസ്ട്രാര്‍ ഓഫിസുകളിലും ബി.എസ്.എന്‍.എല്ലിന്റെ ഒപ്റ്റിക് ഫൈബര്‍ കണക്ഷനുകള്‍ നല്‍കും. ആധാര രജിസ്‌ട്രേഷന്‍ നടപടികള്‍ ലളിതവും സുതാര്യവുമാക്കി രജിസ്‌ട്രേഷന്‍ ഓഫിസുകളെ കൂടുതല്‍ ജനസൗഹൃദമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇടുക്കിയില്‍ രണ്ടിടത്തും ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ ഓരോ ഓഫിസിനുമുള്ള കെട്ടിടങ്ങളാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. വയനാട്ടിലെ മാനന്തവാടി, തൃശൂരിലെ തൃപ്രയാര്‍ എന്നിവിടങ്ങളിലാണ് പുതിയ കെട്ടിടങ്ങളുടെ നിര്‍മാണം ആരംഭിക്കുന്നത്. കോഴിക്കോട് നടുവണ്ണൂരില്‍ 98 ലക്ഷം രൂപയും ഇടുക്കി തോപ്രാംകുടിയില്‍ ഒരു കോടി 28 ലക്ഷവും ഉടുമ്പന്‍ചോലയില്‍ ഒരു കോടി 31 ലക്ഷവും ആലപ്പുഴയിലെ മാരാരിക്കുളത്ത് രണ്ടു കോടി രൂപയും ചെലവിട്ടാണ് കെട്ടിടങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് ആകെയുള്ള 315 സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ 107 എണ്ണം നിലവില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നവയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."