ബി.ജെ.പി സര്‍ക്കാര്‍ അയോധ്യയില്‍ ക്ഷേത്രങ്ങള്‍ തകര്‍ത്തു
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിക്ക് ചുറ്റുമുള്ള തര്‍ക്കമില്ലാത്ത 67.7 ഏക്കര്‍ ഭൂമി ഉടമസ്ഥര്‍ക്ക് തിരിച്ചുനല്‍കാന്‍ അനുമതി ആവശ്യപ്പെട്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഹരജിയെ എതിര്‍ത്ത് ബാബരി കേസിലെ ഹിന്ദുപക്ഷത്തു നിന്നുള്ള കക്ഷികളിലൊന്നായ പണ്ഡിതസഭയായ നിര്‍മോഹി അഖാറ. സര്‍ക്കാര്‍ നീക്കത്തെ ചോദ്യം ചെയ്ത് നിര്‍മോഹി അഖാറ സുപ്രിംകോടതിയെ സമീപിച്ചു. 1991ല്‍ തര്‍ക്കമുള്ള 2.77 ഏക്കര്‍ ഭൂമി അന്നത്തെ ഉത്തര്‍പ്രദേശിലെ ബി.ജെ.പി സര്‍ക്കാര്‍ ഏറ്റെടുത്ത ശേഷം അഖാറക്ക് കീഴിലുള്ള നിരവധി ക്ഷേത്രങ്ങള്‍ തകത്തു. സീതാ കൂപ് ക്ഷേത്രം, ദ്വാരക ദാസ് ക്ഷേത്രം, ഷാലിഗ്രാം ക്ഷേത്രം, വിജയ് രാഘവ് സാക്ഷി ഗോപാല്‍ ക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങള്‍ അന്നത്തെ കല്ല്യാണ്‍ സിങ് സര്‍ക്കാര്‍ തകര്‍ത്തു. പലതവണ ആവശ്യപ്പെട്ടിട്ടും അത് പുനര്‍നിര്‍മിക്കാന്‍ തയാറായില്ല. ഭൂമിയുടെ ഉടമസ്ഥാവകാശം തിരിച്ചുപിടിക്കാന്‍ അന്ന് കോടതിയെ സമീപിച്ചെങ്കിലും കേന്ദ്രസര്‍ക്കാര്‍ നേരിട്ട് നിയമം കൊണ്ടുവന്ന് ഭൂമി സര്‍ക്കാരിന്റെ കീഴിലാക്കുകയാണുണ്ടായതെന്ന് നിര്‍മോഹി അഖാറ പറയുന്നു.
കേന്ദ്ര സര്‍ക്കാര്‍ നീക്കം വിശ്വഹിന്ദു പരിഷത്തിന്റെ നിയന്ത്രണത്തിലുള്ള രാമജന്മഭൂമി ന്യാസിന് ഭൂമി കൈമാറാനാണെന്ന് ഹരജിയില്‍ ആരോപിക്കുന്നു. ഏറ്റെടുത്ത ഭൂമിയില്‍ നിന്ന് രാംകഥാ പാര്‍ക്ക് നിര്‍മ്മിക്കാനെന്ന പേരില്‍ കല്ല്യാണ്‍ സിങ് സര്‍ക്കാര്‍ രാമജന്മഭൂമി ന്യാസിന് ഭൂമി കൈമാറിയിട്ടുണ്ടായിരുന്നു. ഇതടക്കമുള്ള ഭൂമിയാണ് കേന്ദ്ര സര്‍ക്കാര്‍ മടക്കിനല്‍കാന്‍ ശ്രമിക്കുന്നതെന്നും നിര്‍മോഹി അഖാറ സുപ്രിംകോടതിയില്‍ ബോധിപ്പിച്ചു. രാമജന്മഭൂമി ന്യാസ് കൃത്രിമമായി രൂപീകരിച്ച സംഘടനയാണ്. സര്‍ക്കാര്‍ കൈമാറാന്‍ ഉദ്ദേശിക്കുന്ന ഭൂമിയില്‍ നിര്‍മോഹി അഖാറയുടെ ഉടമസ്ഥതയിലുള്ള ഭൂമിയുമുള്ളതിനാല്‍ ഭൂമി കൈമാറുന്നതിനോട് യോജിക്കാനാവില്ലെന്നും അറാഖ ഹരജിയില്‍ ചൂണ്ടിക്കാട്ടി.
1993ല്‍ പാര്‍ലമെന്റ് പാസാക്കിയ അയോധ്യ നിയമപ്രകാരം സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയില്‍ ബാബരി മസ്ജിദ് നിലനിന്നതല്ലാത്ത മിച്ചഭൂമി യഥാര്‍ഥ അവകാശികള്‍ക്ക് തിരിച്ചുനല്‍കണമെന്നും അതിനായി 2003ലെ വിധിയില്‍ തിരുത്തല്‍ കൊണ്ടുവരണമെന്നുമാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ജനുവരി 29ന് വീണ്ടും സുപ്രിംകോടതിയെ സമീപിച്ചിരുന്നു. രാമക്ഷേത്ര നിര്‍മാണത്തിനായി വാദിക്കുന്ന രാമ ജന്മഭൂമി ന്യാസാണ് ആകെയുള്ള 67 ഏക്കര്‍ ഭൂമിയില്‍ 42 ഏക്കറിന്റെ ഉടമസ്ഥര്‍. ഭൂമിയുടെ വലിയൊരു ശതമാനം സംഘ്പരിവാര്‍ ശക്തികളുടെ കൈവശമെത്തും. ഈ നീക്കത്തെയാണ് നിര്‍മോഹി അഖാറ എതിര്‍ക്കുന്നത്. വിശ്വഹിന്ദു പരിഷത്തിന്റെ കീഴിലുള്ള ട്രസ്റ്റാണ് രാമ ജന്മഭൂമി ന്യാസ്.
നേരത്തെ സമാന ആവശ്യം ഉന്നയിച്ച് സമര്‍പ്പിക്കപ്പെട്ട ഹരജികള്‍ സുപ്രിംകോടതി നിരാകരിച്ചിരുന്നു. അലഹബാദ് ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന ബാബരി മസ്ജിദ് രാമ ജന്മഭൂമി ഉടമസ്ഥാവകാശ തര്‍ക്കത്തില്‍ തീര്‍പ്പായ ശേഷം മാത്രമേ അനുബന്ധ ഭൂമിയുടെ മേല്‍ തീരുമാനം കൈകൊള്ളാന്‍ പാടുള്ളൂ എന്ന് ജസ്റ്റിസ് രാജേന്ദ്ര ബാബു അധ്യക്ഷനായ ബെഞ്ച് 2003ലെ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. മുസ്‌ലിം കക്ഷികള്‍ക്കനുകൂലമായാണ് ഉടമസ്ഥാവകാശ തര്‍ക്ക കേസില്‍ വിധി വരുന്നതെങ്കില്‍ എതിര്‍ കക്ഷികളുടെ കീഴിലുള്ള ഭൂമിയിലൂടെ പള്ളിയിലേക്ക് പ്രവേശനം നിഷേധിക്കപ്പെടാനുള്ള സാധ്യത പരിഗണിച്ച് അന്തിമ വിധി വന്നതിന് ശേഷമേ മിച്ചഭൂമിയില്‍ തീരുമാനമെടുക്കാന്‍ പാടുള്ളൂ എന്ന 1994ലെ ഇസ്മാഈല്‍ ഫാറൂഖി വിധിന്യായത്തിന്റെ അടിസ്ഥാനത്തിലാണ് ഉടമസ്ഥര്‍ക്ക് ഭൂമി മടക്കിനല്‍കാതിരുന്നത്.
ഹൈക്കോടതി വിധി വന്ന സ്ഥിതിക്ക് ഉത്തരവില്‍ തിരുത്തല്‍ വരുത്തണമെന്ന് വാദിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. 2010ല്‍ അലഹാബാദ് ഹൈക്കോടതി തര്‍ക്കഭൂമി മൂന്നായി വിഭജിച്ച് ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും നിലവില്‍ സുപ്രിംകോടതിയുടെ പരിഗണനയിലാണ് കേസ്. പ്രശ്‌നപരിഹാരത്തിന് സുപ്രിംകോടതി നിയോഗിച്ച മൂന്നംഗ മധ്യസ്ഥസംഘം ചര്‍ച്ച നടത്തിവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."