പാലക്കാട് കോര്‍ട്ട് കോപ്ലക്‌സ് യാഥാര്‍ത്ഥ്യമാക്കും: മന്ത്രി എ.കെ ബാലന്‍
പാലക്കാട്: കോടതികള്‍ക്ക് തനതായ ഒരു കേന്ദ്രം എന്ന നിലയില്‍ മീഡിയേഷന്‍ സെന്റര്‍ ഉള്‍പ്പെടെ പാലക്കാട് കോര്‍ട്ട് കോപ്ലക്‌സ് യാഥാര്‍ത്ഥ്യമാക്കാന്‍ പരിശ്രമിക്കുമെന്ന് പട്ടികജാതി, പട്ടികവര്‍ഗ്ഗ, നിയമ സാംസ്‌ക്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍.
പാലക്കാട് ബാര്‍ അസ്സോസിയേഷന്‍ ഹാളില്‍ നടന്ന ജില്ലയിലെ മണ്‍മറഞ്ഞുപോയ രണ്ട് പ്രമുഖ അഭിഭാഷകരുടെ ഫോട്ടോ അനാഛാദനം ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
അഭിഭാഷക ക്ഷേമത്തിന് പ്രാധാന്യം കൊടുത്ത് കൊണ്ട് പ്രവര്‍ത്തിക്കുമെന്നും കോടതികളുടെ പശ്ചാത്തല സൗകര്യ വികസനത്തിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പരിപാടിയില്‍ അറിയിച്ചു.
അഭിഭാഷകവൃത്തിയിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് ആദ്യഘട്ടത്തില്‍ നല്‍കുന്ന വാര്‍ഷിക സ്റ്റൈപ്പന്റ് എല്ലാ അഭിഭാഷക വിഭാഗത്തിനും നല്‍കാനുളള നടപടി സ്വീകരിക്കും. നിലവില്‍ ദുര്‍ബല വിഭാഗങ്ങള്‍ക്ക് മാത്രമാണ് സ്റ്റൈപ്പന്റ് ലഭിക്കുന്നത്. പ്രാക്ടീസ് നിര്‍ത്തുന്ന അഭിഭാഷകര്‍ക്ക് അഭിഭാഷക ക്ഷേമനിധിയില്‍ നിന്ന് ലഭ്യമാകുന്ന തുക അഞ്ച് ലക്ഷത്തില്‍ നിന്ന് 10 ലക്ഷമാക്കി വര്‍ദ്ധിപ്പിക്കും.
പ്രോസിക്യൂഷന്‍ രംഗത്ത് കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കും. നിലവില്‍ അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികകളാണ് ഈ രംഗത്ത് ഉളളത്. കോടതികളില്‍ വിധി പകര്‍പ്പുകളും, രേഖകളും ലഭ്യമാകാനുളള കാലതാമസം ഒഴിവാക്കാനുളള അന്തരീക്ഷം സംജാതമാകണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സീനിയര്‍ അഡ്വക്കേറ്റായിരുന്ന പി.എന്‍.കൃഷ്ണന്‍കുട്ടി അച്ഛന്റെ ചിത്രം ഹൈക്കോടതി ജഡ്ജി ചേറ്റൂര്‍ ശങ്കരന്‍ നായരും കെ.വി.കൃഷ്ണന്‍കുട്ടിനായരുടെ ചിത്രം മുന്‍ ഹൈക്കോടതി ജഡ്ജി എം.എന്‍.കൃഷ്ണനും അനാഛാദനം ചെയ്തു.
ഒ.രാജഗോപാല്‍ എം.എല്‍.എ വിശിഷ്ടാതിഥിയായി സംസാരിച്ചു. പരിപാടിയില്‍ ജില്ലാ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.കെ.കെ.സുധീര്‍, ജില്ലാ സെഷന്‍സ് ജഡ്ജ് ടി.വി.അനില്‍കുമാര്‍, ഹൈക്കോടതി ജഡ്ജിമാരായ കെ.ടി.ശങ്കരന്‍, പി.എന്‍.രവീന്ദ്രന്‍, വി.ചിദംബരേഷ്, സീനിയര്‍ അഡ്വക്കേറ്റ് സുഗുണപാലന്‍, അഡ്വ.ടി.ഗിരി എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."