നാളെ ലക്ഷദ്വീപ് ബൂത്തിലേക്ക്
കൊച്ചി: ഒന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന നാളെ രാജ്യത്തെ ഏറ്റവും ചെറിയ ലോക്സഭാ മണ്ഡലമായ ലക്ഷദ്വീപും ബൂത്തിലേക്ക്. കോണ്‍ഗ്രസും എന്‍.സി.പിയും മുഖ്യ എതിരാളികളായ ലക്ഷദ്വീപില്‍ വാശിയേറിയ പരസ്യപ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്നലെ വൈകിട്ട് അഞ്ചിന് കൊട്ടിക്കലാശമായി.
ഇന്നത്തെ അവസാനഘട്ട നിശബ്ദ പ്രചാരണത്തിനു ശേഷം ദ്വീപിലെ വോട്ടര്‍മാര്‍ നാളെ വിധിയെഴുതും. ജനവാസമേഖലയായ പത്തു ദ്വീപുകളിലും ഇന്നലെ കൊട്ടിക്കലാശത്തോടെ പ്രചാരണത്തിനു കൊടിയിറങ്ങി. ഏറ്റവും കുറവ് വോട്ടര്‍മാര്‍ വിധി നിര്‍ണയിക്കുന്ന മണ്ഡലം എന്ന നിലയില്‍ ശ്രദ്ധേയമായ ദ്വീപില്‍ അന്തിമ വോട്ടര്‍പട്ടിക പുറത്തിറങ്ങിയപ്പോള്‍ 55,057 വോട്ടര്‍മാരാണ് ആകെയുള്ളത്. ആന്ത്രോത്ത് ദ്വീപിലാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍. 10,212 പേര്. കുറവ് ഏറ്റവും ചെറിയ ദ്വീപായ ബിത്രയിലണ്. 255 വോട്ടര്‍മാര്‍.
51 പോളിങ് സ്റ്റേഷനുകളാണ് പത്തു ദ്വീപുകളിലായി ക്രമീകരിച്ചിട്ടുള്ളത്. ആന്ത്രോത്തിലും മിനിക്കോയിലും കവരത്തിയിലും എട്ടു വീതം ബൂത്തുകളാണുള്ളത്. ബിത്രയില്‍ ഒരു ബൂത്ത് മാത്രമാണുള്ളത്. നേരത്തെയുണ്ടായിരുന്ന ബൂത്തുകള്‍ക്കു പുറമെ കവരത്തിയിലും കട്മത്തിലും രണ്ട് ഓക്സിലറി ബൂത്തുകള്‍ കൂടി തെരഞ്ഞെടുപ്പ് കമ്മിഷന് അനുവദിച്ചതോടെയാണ് പോളിങ് സ്റ്റേഷനുകളുടെ എണ്ണം 51 ആയി ഉയര്‍ന്നത്.
ലക്ഷദ്വീപ് പൊലിസിനു പുറമേ കേരള ആമ്ഡ് ഫോഴ്സ്, ഇന്ത്യ റിസര്‍വ് ബറ്റാലിയന്, സി.ആര്.പി.എഫ് എന്നിവരുള്‍പ്പെടുന്ന 860 സേനാംഗങ്ങളെ പത്തു ദ്വീപുകളിലായി സുരക്ഷാക്രമീകരണങ്ങള്‍ക്ക് വിന്യസിച്ചിട്ടുണ്ട്. ജില്ലാകലക്ടര്‍ വിജേന്ദര്‍ സിങ് റാവത്താണ് മുഖ്യ വരണാധികാരി.
കുറഞ്ഞ കാലയളവില്‍ ഗൃഹസന്ദര്‍ശനവും പ്രചാരണ സമ്മേളനങ്ങളും കൊണ്ട് ആവേശത്തിലായ ദ്വീപ് രാഷ്ട്രീയത്തില്‍ ഏറെയും ചര്‍ച്ചചെയ്യപ്പെട്ടത് പ്രാദേശിക വികസനമായിരുന്നു. മുഖ്യ എതിരാളികളായ സിറ്റിങ് എം.പി എന്‍.സി.പിയുടെ പി.പി മുഹമ്മദ് ഫൈസലും കോണ്‍ഗ്രസിന്റെ മുന്‍ എം.പി ഹംദുല്ല സഈദും ഉള്‍പ്പെടെ ആറു സ്ഥാനാര്‍ഥികളാണ് ഇത്തവണ ജനവിധി തേടുന്നത്. പതിനാറാം ലോക്സഭയിലേക്കു നടന്ന തെരഞ്ഞെടുപ്പിലും പ്രധാന മത്സരം അന്നത്തെ എം.പി ഹംദുല്ലയും എന്‍.സി.പിയുടെ പി.പി മുഹമ്മദ് ഫൈസലും തമ്മിലായിരുന്നു. 1,535 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മുഹമ്മദ് ഫൈസല്‍ വിജയിച്ചത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ വികസനനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് എന്‍.സി.പി വോട്ട് തേടുമ്പോള്‍ മുന്‍കാല പ്രവര്‍ത്തനങ്ങളും സിറ്റിങ് എം.പിയുടെ വികസനകാര്യത്തിലെ പോരായ്മകളും നിരത്തിയാണ് ഹംദുല്ല അതിനെ നേരിടുന്നത്. മുഖ്യ എതിരാളികളായ ഇരുവരും ആന്ത്രോത്ത് ദ്വീപുകാരാണെന്നതാണ് മറ്റൊരു പ്രത്യേകത.
ഇന്നലെ പരസ്യപ്രചാരണത്തിന്റെ അവസാന ദിവസം സ്ഥാനാര്‍ഥികളെല്ലാം അവരവരുടെ ദ്വീപുകളിലായിരുന്നു. പരമ്പരാഗതമായി ആന്ത്രോത്ത് ദ്വീപില്‍ കോണ്‍ഗ്രസിന്റെ ലീഡ് ഉയര്‍ന്നതാണെങ്കില്‍ കല്‍പ്പേനി എന്‍.സി.പി യുടെ സ്വാധീനമേഖലയാണ്. ഈ ദ്വീപുകള്‍ക്കു പുറമെ, കവരത്തി, അമേനി, അഗത്തി, മിനിക്കോയ് എന്നീ ദ്വീപുകളിലെ ലീഡ് നിലയുടെ അടിസ്ഥാനത്തിലായിരിക്കും ഇരു പാര്‍ട്ടികളുടെയും വിജയ സാധ്യതകള്‍ തെളിയുക.
പുതിയ വോട്ടര്‍മാരായ യുവാക്കളുടെ നിലപാട് പരമ്പരാഗത രാഷ്ട്രീയ ബലാബലത്തില്‍ എത്രത്തോളം മാറ്റം വരുത്തുമെന്നത് വളരെ നിര്‍ണായകമാണ്. കോണ്‍ഗ്രസിന്റെയും എന്‍.സി.പിയുടെയും സ്ഥാനാര്‍ഥികള്‍ക്ക് പുറമേ കല്പേനി സ്വദേശിയായ ഡോ.മുഹമ്മദ് സാദിഖ് (ജനതാദള്‍- യു), അഗത്തി സ്വദേശി ഷെരീഫ് ഖാന് (സി.പി.എം), കവരത്തി സ്വദേശി അബ്ദുല്‍ ഖാദര്‍ (ബി.ജെ.പി), കില്‍ത്താന്‍ സ്വദേശി എം.എം അലി അക്ബര്‍ (സി.പി.ഐ) എന്നിവരാണ് മറ്റു സ്ഥാനാര്‍ഥികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."