സ്വവര്‍ഗരതി: കോടതിക്ക് തീരുമാനമെടുക്കാമെന്ന് സര്‍ക്കാര്‍
ന്യൂഡല്‍ഹി: ഉഭയസമ്മതത്തോടെ സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാകുമെന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377 ാം വകുപ്പ് സംബന്ധിച്ച് സുപ്രിംകോടതിക്കു തീരുമാനമെടുക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍. 377ാം വകുപ്പ് സംബന്ധിച്ച് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് മുന്‍പാകെയുള്ള ഒരുകൂട്ടം ഹരജികളെ എതിര്‍ക്കില്ലെന്നും കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു.
സ്വവര്‍ഗരതിയെ എതിര്‍ക്കണമെന്ന് സംഘപരിവാര്‍ സംഘടനകള്‍ ആവശ്യപ്പെട്ടുവരുന്നതിനിടെ ഇതുസംബന്ധിച്ച് നിലപാടെടുക്കുന്നതില്‍ ബി.ജെ.പിക്കുള്ളില്‍ അഭിപ്രായവ്യത്യാസം നിലനില്‍ക്കെയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ കോടതിയെ ചുമതലപ്പെടുത്തിയത്.
സ്വവര്‍ഗരതി നിയമവിധേയമാക്കുമെന്ന സൂചന നല്‍കിയ കോടതി പ്രായ പൂര്‍ത്തിയായവര്‍ പരസ്പര സമ്മതത്തോടെ ലിംഗഭേദമില്ലാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ക്രിമിനല്‍ കുറ്റമല്ലാതാക്കുമെന്ന് വാക്കാല്‍ പറയുകകയുംചെയ്തു.
കേസില്‍ വാദംകേള്‍ക്കുന്ന രണ്ടാംദിവസമായ ഇന്നലെ പ്രധാനമായും എന്താണ് മൗലികാവകാശം സ്വവര്‍ഗം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്ത്? സ്വവര്‍ഗം എന്നതിന്റെ പ്രായേമാഗികത എന്ത്? എന്നീ മൂന്നു കാര്യങ്ങളാണ് കോടതി പരിഗണിച്ചത്.
അതേസമയം ഇഷ്ടമുള്ള പങ്കാളിയെ തിരഞ്ഞെടുക്കാന്‍ ജനങ്ങള്‍ക്ക് അധികാരമുണ്ടെന്ന ഹാദിയാ കേസ് വിധി ഉദ്ധരിച്ചുള്ള ജസ്റ്റിസ് ചന്ദ്രചൂഡിന്റെ പരാമര്‍ശത്തോട് ചില വിയോജിപ്പുകള്‍ ഉണ്ടെന്ന് കേന്ദ്രം അറിയിച്ചു. ഇതിന്റെ പേരില്‍ സ്വന്തം സഹോദരിയെ വിവാഹം കഴിക്കാനാവില്ലെന്നും 1955ലെ ഹിന്ദു വിവാഹ നിയമം ഉദ്ധരിച്ച് മേത്ത പറഞ്ഞു. എന്നാല്‍ അത്തരം വിവാഹം അസാധുവാണെന്ന് ചീഫ് ജസ്റ്റിസ് മറുപടി നല്‍കി. ഹാദിയയും ഷെഫിന്‍ ജഹാനും തമ്മിലുള്ള വിവാഹം സംബന്ധിച്ച വിധിയില്‍ വ്യക്തത വേണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
ലൈംഗിക ന്യൂനപക്ഷ വിഭാഗങ്ങളുടെ വിവാഹം, വിവാഹമോചനം, ദത്തെടുക്കല്‍ എന്നിവയെ കുറിച്ച് ഇപ്പോള്‍ തീരുമാനം എടുക്കരുതെന്നും അക്കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ച കോടതി ഇപ്പോള്‍ 377ാംവകുപ്പിന്റെ സാധുത മാത്രമെ പരിഗണിക്കുന്നുള്ളൂവെന്നും അറിയിച്ചു. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ലൈംഗിക വേഴ്ച കുറ്റകരമാക്കുമോ എന്ന് വ്യക്തത വരുത്തണമെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു.
ലൈംഗീക വൈകൃതങ്ങള്‍ അല്ല കോടതി പരിഗണിക്കുന്നതെന്നും സ്വവര്‍ഗ പങ്കാളികളെ പൊലിസ് അറസ്റ്റ് ചെയ്യാതിരിക്കാനായി 377 ാംവകുപ്പ് മാത്രമാണ് പരിശോധിക്കുന്നതെന്നും ഡി.വൈ ചന്ദ്രചൂഡ് പ്രതികരിച്ചു. ഭരണഘടനയിലെ മൗലികാവകാശം സംബന്ധിച്ച 14, 21 പ്രകാരം സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ട്.
മൗലികാവകാശം അനുസരിച്ച് ബന്ധങ്ങള്‍ സംരക്ഷിക്കണം. ഇത്തരം ആളുകള്‍ക്ക് സദാചാരവാദികളുടെ ശല്യം സഹിക്കാന്‍ ഇടവരരുതെന്നും അദ്ദേഹം വ്യക്തമാക്കി. കേസില്‍ ഇന്നും വാദം തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."