എസ്.എഫ്.ഐക്കെതിരായ പരാമര്‍ശം: പി. രാജുവില്‍ നിന്ന് വിശദീകരണം തേടാന്‍ സി.പി.ഐ
തിരുവനന്തപുരം: എസ്.എഫ്.ഐയുടെ ജനാധിപത്യ വിരുദ്ധതയെ ചോദ്യം ചെയ്ത സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജുവിനോട് വിശദീകരണം തേടാന്‍ സി.പി.ഐ സംസ്ഥാന കമ്മിറ്റി. ഇന്നലെ നടന്ന സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടിവിലാണ് തീരുമാനം.
കോളജില്‍ ആധിപത്യമുള്ള സംഘടനകള്‍ മറ്റു വിദ്യാര്‍ഥി സംഘടനകള്‍ക്ക് പ്രവര്‍ത്തനസ്വാതന്ത്ര്യം ഉറപ്പു വരുത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും കലാലയത്തില്‍ ആധിപത്യമുള്ള വിദ്യാര്‍ഥി സംഘടന മറ്റു പ്രസ്ഥാനങ്ങള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കാത്തത് ജനാധിപത്യ വിരുദ്ധമാണെന്നുമായിരുന്നു പി.രാജുവിന്റെ പരാമര്‍ശം.
രാജുവിന്റെ നിലപാടിനെ തള്ളി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നേരത്തെ രംഗത്ത് വന്നിരുന്നു. പി.രാജുവിന്റെ പ്രസ്താവന അനവസരത്തില്‍ ഉള്ളതാണെന്നും പാര്‍ട്ടി നിലപാട് വ്യത്യസ്തമാണെന്നും കാനം പ്രതികരിച്ചു. പ്രസ്താവന സി.പി.ഐയുടെ ഔദ്യോഗിക നിലപാടല്ല. കൊല നടത്തിയ തീവ്രവാദികള്‍ക്കെതിരേ ജനവികാരം ഉയരുകയാണ്. ഇത്തരം പ്രസ്താവനകള്‍ കുറ്റക്കാരെ സഹായിക്കാനേ ഉതകൂ കാനം പറഞ്ഞു.
പി. രാജുവിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി എം. സ്വരാജ് എം.എല്‍.എയും രംഗത്ത് വന്നിരുന്നു. കേരളത്തിലെ കാംപസുകളിലെ ഇത്തരം സാഹചര്യങ്ങള്‍ സംബന്ധിച്ച് സംവാദം നടത്താന്‍ തയാറാണെന്നും ചരിത്രവസ്തുതകള്‍ പരിശോധിക്കാമെന്നും കൊലയാളികള്‍ക്കൊപ്പം കാംപസുകള്‍ നില്‍ക്കില്ലെന്നും പി. രാജു ഉന്നയിച്ച പ്രശ്‌നങ്ങള്‍ അസംബന്ധമാണെന്നും സ്വരാജ് വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."