പരീക്ഷാ ജയപരാജയങ്ങള്‍ എങ്ങനെയൊക്കെ?
ഇത്തവണ കേരളത്തില്‍ എസ്.എസ്.എല്‍.സി വിജയം 98.82 ശതമാനമാണ്. ഒരു ശതമാനവും ചില്ലറയും കൂടിയായാല്‍ നൂറ് ആയി. സി.ബി.എസ്.ഇ പത്താംതരം പരീക്ഷാ ഫലം എസ്.എസ്.എല്‍.സി ഫലത്തേയും കടത്തിവെട്ടുന്ന തരത്തിലാണ്. ഇങ്ങനെ പോയാല്‍ ആസന്ന ഭാവിയില്‍ എസ്.എസ്.എല്‍.സി ഫലം നൂറു ശതമാനമാവാന്‍ ഏറെ വൈകേണ്ടി വരികയില്ല. അതുവച്ചായിരിക്കും വിദ്യാഭ്യാസമന്ത്രിയുടെ പ്രകടനം വിലയിരുത്തുക. എല്‍.ഡി.എഫ് ആയാലും യു.ഡി.എഫ് ആയാലും ഇക്കാര്യത്തില്‍ ഒരേ പോലെ തന്നെ. പരീക്ഷാ ഫലം പെരുപ്പിച്ചുകാണിച്ചുകൊണ്ട് വിദ്യാഭ്യാസനിലവാരം ഉയര്‍ന്നു എന്ന് വരുത്തിത്തീര്‍ക്കുകയാണ് ചെയ്യുന്നത്. അതായത് വളരെ ലളിതമായ കണക്കുകള്‍ കൂട്ടാനോ അക്ഷരങ്ങള്‍ കൂട്ടിവായിക്കാനോ മലയാളത്തിലായാലും ഇംഗ്ലീഷിലായാലും അക്ഷരത്തെറ്റില്ലാതെ രണ്ടു വാക്ക് എഴുതാനോ കഴിയാത്ത എ പ്ലസുകാര്‍ കേരളത്തിന്റെ മെച്ചപ്പെട്ട വിദ്യാഭ്യാസനിലവാരത്തിന്റെ പ്രതിരൂപങ്ങളായി അവശേഷിക്കുന്നു എന്നതാണ് പരീക്ഷ എന്ന ഈ ആഭാസ പ്രകടനത്തിന്റെ ആത്യന്തികഫലം. ഇങ്ങനെയൊരു തലമുറയെ നിര്‍മിക്കുന്നതു വഴി നമ്മുടെ സര്‍ക്കാരും വിദ്യാഭ്യാസ വിചക്ഷണരും സൃഷ്ടിക്കുന്ന ദുരന്തങ്ങള്‍ ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ?
തിരിച്ചുപോകാന്‍ കഴിയാത്ത ഒരു അപകട യാത്രയിലേക്കാണ് നാം നമ്മുടെ കുട്ടികളെ തള്ളിവിട്ടിട്ടുള്ളത്. സകലമാന പേര്‍ക്കും മാര്‍ക്കുകള്‍ വാരിക്കോരിക്കൊടുത്തു വിജയിപ്പിക്കുന്ന ഈ ഏര്‍പ്പാട് ഏതെങ്കിലും കാലത്ത് അവസാനിച്ചു എന്നിരിക്കട്ടെ, അതോടെ സൃഷ്ടിക്കപ്പെടുന്ന പരാജിതരുടെ ദുര്‍വിധിയുടെ ഉത്തരവാദിത്വം ആരാണ് ഏറ്റെടുക്കുക? ഒട്ടും നിലവാരമില്ലാത്ത ഇപ്പോഴത്തെ വിജയികള്‍ നേരിടേണ്ടിവരുന്ന നിലവാരത്തകര്‍ച്ചയുടെ പരിണതികള്‍ക്ക് ആരാണ് ഉത്തരം പറയേണ്ടി വരുക? തൊണ്ണൂറ്റിയെട്ട് ശതമാനത്തിന്റെ മേനിപറയാന്‍ പത്രസമ്മേളനം നടത്തുന്ന മന്ത്രിയുടെ പക്കല്‍ വല്ല ഉത്തരവുമുണ്ടോ?
ഏതു മനശ്ശാസ്ത്രത്തിന്റെ പേരില്‍ നല്‍കുന്നതായാലും വാരിക്കോരി നല്‍കുന്ന മാര്‍ക്കുകള്‍ വിദ്യാര്‍ഥികളില്‍ ഉളവാക്കുന്ന ആത്മവിശ്വാസം വളരെ വലുതാണ്. എണ്‍പതും തൊണ്ണൂറും അതിലപ്പുറവും മാര്‍ക്ക് നേടി ജയിക്കുന്ന കുട്ടികള്‍ക്ക് തങ്ങളെക്കുറിച്ച്, തങ്ങളുടെ മികവിനെക്കുറിച്ച്, തങ്ങളുടെ മിടുക്കിനെക്കുറിച്ച് വലിയ അഭിമാനമായിരിക്കും. താന്‍ മോശമല്ല എന്ന് ഓരോ കുട്ടിക്കും തോന്നും. ഈ തോന്നല്‍ അസംബന്ധമാണെന്ന് പുതിയൊരു കോഴ്‌സില്‍ ചേരാന്‍ അപേക്ഷ കൊടുക്കുന്ന നിമിഷം ആ കുട്ടിക്ക് ബോധ്യപ്പെടും. തൊണ്ണൂറും അതിലപ്പുറവും മാര്‍ക്ക് വാങ്ങി പത്താം തരം ജയിക്കുന്ന കുട്ടിക്ക് പ്ലസ് വണ്‍ സീറ്റ് കിട്ടുന്നില്ല. ഇതേ നിലവാരത്തില്‍ പ്ലസ് ടു ജയിച്ചതിന്റെ പേരില്‍ അഭിമാനപുളകിതനാവുന്ന വിദ്യാര്‍ഥിക്ക് ബിരുദ കോഴ്‌സിന് സീറ്റു കിട്ടുന്നില്ല. അതോടെ എല്ലാ ആത്മവിശ്വാസവും സോപ്പു കുമിള പോലെ തകരുകയാണ്. സര്‍ക്കാരും വിദ്യാഭ്യാസ വിചക്ഷണരും ചേര്‍ന്നു സൃഷ്ടിച്ചെടുത്ത മികവിനെക്കുറിച്ചുള്ള അയഥാര്‍ഥമായ ഭ്രമകല്‍പനകള്‍ക്ക് അത്ര കുറഞ്ഞ നിലനില്‍പേയുള്ളൂ.
പിഴവിന്റെ അടിസ്ഥാനം
റാങ്കും മാര്‍ക്കും നല്‍കുന്ന രീതി അവസാനിപ്പിച്ച് മാര്‍ക്കിടലില്‍ ഉദാരതയും ഗ്രേഡിങ്ങുമൊക്കെ ആരംഭിച്ചതിന്റെ പ്രാഥമികമായ മനശ്ശാസ്ത്ര കാരണങ്ങളിലൊന്ന് വിദ്യാര്‍ഥികളുടെ മാനസിക സംഘര്‍ഷങ്ങളും അച്ഛനമ്മമാരുടെ അനാവശ്യ ഉത്ക്കണ്ഠകളും വാശിയുണ്ടാക്കുന്ന സാമൂഹ്യ പ്രത്യാഘാതങ്ങളുമാണ്. അതിനു കൊടുക്കുന്ന വലിയ വിലയാണ് വിദ്യാര്‍ഥികളുടെ നിലവാരമില്ലായ്മ. അവരുടെ അധമബോധം മറ്റൊന്ന്. ഈ നിലവാരമില്ലായ്മ സര്‍വകലാശാലാ തലത്തിലേക്കും വ്യാപിച്ചതായി കാണാം. നാക് അക്രഡിറ്റേഷനും മറ്റും വിദ്യാര്‍ഥികളുടെ ക്ലാസും റാങ്കും മാനദണ്ഡമാവുമ്പോള്‍ വാരിക്കോരി മാര്‍ക്ക് ദാനംചെയ്യാന്‍ സര്‍വകലാശാലകളും നിര്‍ബന്ധിതമാവുന്നു. ചുരുക്കത്തില്‍ നിലവാരമില്ലാത്ത വിദ്യാര്‍ഥികളാണ് സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നത്. അവരുടെ മാര്‍ക്കിന് യാതൊരു വിപണിയുമില്ല.
പൊതുവിദ്യാഭ്യാസം മെച്ചപ്പെട്ടുവോ?
എസ്.എസ്.എല്‍.സി / പ്ലസ് ടു പരീക്ഷകളിലെ മികച്ച വിജയം എടുത്തുകാണിച്ച് പൊതുവിദ്യാഭ്യാസം മെച്ചപ്പെട്ടതിന്റെ അടയാളമാണത് എന്ന് പലരും പറയാറുണ്ട്. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കൂടുതല്‍ വിദ്യാര്‍ഥികള്‍ വരുന്നത് അഭിമാനത്തോടെ മന്ത്രിമാരും നേതാക്കന്മാരും മറ്റും ഉയര്‍ത്തിക്കാട്ടാറുണ്ട്. വലിയൊരളവോളം അതു ശരി തന്നെ. സ്‌കൂളുകളിലെ ആന്തരിക സംവിധാനങ്ങള്‍ മെച്ചപ്പെട്ടിട്ടുണ്ട്. എസ്.എസ്.എ. ഫണ്ട്, എം.എല്‍.എ / എം.പി. ഫണ്ടുകള്‍, സ്വകാര്യ സ്ഥാപനങ്ങളുടെ സി.എസ്.ആര്‍, പി.ടി.എകളുടെ സാമ്പത്തികപങ്കാളിത്തം തുടങ്ങിയ പല വഴികളിലൂടെയും സ്‌കൂള്‍ കെട്ടിടങ്ങളുടെ സ്ഥിതി വളരെയധികം മെച്ചപ്പെട്ടു. ലൈബ്രറികളും ലാബുകളും സുസജ്ജമായി, പഠന നിലവാരം മെച്ചപ്പെടുത്താനുള്ള പല മുന്‍കൈകളും രൂപപ്പെട്ടു. ഉച്ച ഭക്ഷണവും പുസ്തകവും യൂണിഫോമും പഠന സഹായികളും സര്‍ക്കാര്‍ നല്‍കുന്നു. നമ്മുടെ അടിസ്ഥാന വിദ്യാഭ്യാസം ഒരു പരിധിവരെയെങ്കിലും ആഗോള നിലവാരത്തിലെത്തി എന്നാണ് പൊതുവെ അഭിമാനം. അതിന്റെ ഫലമെന്നോണം സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലേക്ക് സാമാന്യം നല്ല തള്ളിക്കയറ്റമുണ്ട് താനും. പക്ഷേ ഈ ആഗോള നിലവാരം അക്കാദമിക് രംഗത്ത് എത്രയുണ്ടെന്ന ഗൗരവപൂര്‍വമായ പരിശോധനകള്‍ എത്രത്തോളം ഉണ്ടാവുന്നുണ്ട്? പൊതുവിദ്യാഭ്യാസരംഗത്ത് സമൂഹത്തിന്റെയും ഇന്‍വെസ്റ്റ്‌മെന്റ് അഥവാ മൂലധന നിക്ഷേപം അതുല്‍പാദിക്കുന്ന പഠനനിലവാരമെന്ന ആഭ്യന്തരമിച്ചവുമായി (ശിലേൃിമഹ ടൗൃുഹൗ)െ എത്രത്തോളം പൊരുത്തപ്പെട്ടുപോവുന്നുണ്ട്? ഇതാലോചിക്കുമ്പോഴാണ് നമ്മുടെ ആഗോള നിലവാരം മിഥ്യയാണെന്നു ബോധ്യപ്പെടുക. കൊട്ടക്കണക്കിന് മാര്‍ക്കുകളുമായി അന്ധാളിച്ചു നില്‍ക്കാനാണ് നമ്മുടെ വിദ്യാര്‍ഥികളുടെ വിധി.
പൊതുവിദ്യാഭ്യാസത്തിനു വേണ്ടിയുള്ള നമ്മുടെ മുതല്‍മുടക്ക് എത്രത്തോളം സര്‍ക്കാര്‍ മേഖലക്ക് ഗുണം ചെയ്യുന്നു എന്ന കാര്യവും ആലോചിക്കേണ്ടതാണ്. സ്‌കൂളുകളുടെ ഗുണനിലവാരം ഉയര്‍ത്താനുള്ള സര്‍ക്കാര്‍ മുന്‍കൈകള്‍ വലിയൊരളവോളം സ്വകാര്യസ്ഥാപനങ്ങള്‍ക്കും ലഭിക്കുന്നു. എസ്.എസ്.എ ഫണ്ടു പോലെയുള്ള സാമ്പത്തികമായ ആനുകൂല്യങ്ങളും പഠന പരിശീലനങ്ങള്‍ പോലെയുള്ള ഗുണനിലവാരമുയര്‍ത്താനുള്ള പദ്ധതികളുമെല്ലാമുണ്ട്. ഇതിന്റെ ഗുണഭോക്താക്കള്‍ ആരാണ്? സംസ്ഥാന സിലബസ് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന പൊതു / എയ്ഡഡ് സ്‌കൂളുകളില്‍ കുട്ടികള്‍ വര്‍ധിക്കുന്നതിന് മേല്‍പറഞ്ഞ ഘടകങ്ങള്‍ കാരണമാണ്. ഫലമോ, സ്വകാര്യ മാനേജ്‌മെന്റുകള്‍ക്കാണ് ഗുണം. പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സംഭവിക്കുന്ന അണ്‍ എയ്ഡഡ് വിരുദ്ധനീക്കങ്ങള്‍ പലപ്പോഴും വിദ്യാഭ്യാസക്കച്ചവടത്തെ പ്രോത്സാഹിപ്പിക്കുന്നതായി കാണാം. മാര്‍ക്കു ദാനം പലപ്പോഴും സ്വകാര്യ വിദ്യാഭ്യാസത്തിനാണ് ഗുണകരമാവുന്നത്. ഇതിനെ മറികടന്ന് കൂടുതല്‍ മാര്‍ക്ക് ദാനത്തിന്ന് സി.ബി.എസ്.ഇയും ശ്രമിച്ചാല്‍ നിലവാരത്തകര്‍ച്ച സാര്‍വലൗകികമാവും.
പ്ലസ് ടു പരീക്ഷയില്‍ മാര്‍ക്കു വാരിക്കോരി നല്‍കുന്നതു സ്വകാര്യ മേഖലക്ക് മറ്റൊരര്‍ഥത്തില്‍ ഗുണം ചെയ്യുന്നുണ്ട്. സര്‍ക്കാര്‍ എയ്ഡഡ് കോളജുകള്‍ക്ക് ഉയര്‍ന്ന മാര്‍ക്കുകാരെപ്പോലും ഉള്‍ക്കൊളാനാവുകയില്ല. ഇക്കൊല്ലം കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ അന്യസംസ്ഥാനങ്ങളിലേക്ക് കുട്ടികള്‍ പോകാനുമിടയില്ല. അതിന്റെ ഗുണഭോക്താക്കള്‍ തീര്‍ച്ചയായും അണ്‍ എയ്ഡഡ് പാരലല്‍ കോളജുകളാവും. വാരിക്കോരി മാര്‍ക്ക് നല്‍കുന്നതിന്റെ ഈ പ്രത്യാഘാതവും വേണ്ട രീതിയില്‍ മനസ്സിലാക്കപ്പെട്ടിട്ടില്ല.
മാതൃഭാഷയുടെ ഗതി
പൊതുവിദ്യാഭ്യാസ മേഖല മെച്ചപ്പെടുന്നതോടെ മാതൃഭാഷാ പഠനം മെച്ചപ്പെടുമെന്നാണ് സാമാന്യ ധാരണ. മാതൃഭാഷയായിരിക്കണം പഠനമാധ്യമം എന്ന കാര്യത്തിലും കേരളത്തിന്റെ വിദ്യാഭ്യാസ നയം രൂപപ്പെടുത്തുന്നവര്‍ക്ക് നിര്‍ബന്ധമുണ്ട്. പക്ഷേ, പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മാതൃഭാഷക്ക് എത്രത്തോളം സ്വീകാര്യതയുണ്ട്. ഇപ്പോള്‍ കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെല്ലാം, അവ സര്‍ക്കാര്‍ സ്‌കൂളുകളായാലും ശരി സ്വകാര്യസ്‌കൂളുകളായാലും ശരി ഇംഗ്ലീഷ് മീഡിയത്തോടാണ് രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും താല്‍പര്യം. ചുരുക്കം ക്ലാസുകളില്‍ മാത്രമേ മലയാള മാധ്യമത്തില്‍ പഠനമുള്ളൂ. പ്രധാനമായും അന്യദേശത്തൊഴിലാളികളുടെ കുട്ടികളും ആദിവാസികളുടെ കുട്ടികളും മറ്റുമാണ് മലയാളം മീഡിയക്കാര്‍. അല്ലാത്ത കുട്ടികള്‍ ഒട്ടുമുക്കാലും ഇംഗ്ലീഷാണ് പഠന മാധ്യമമായി തെരഞ്ഞെടുക്കുന്നത്. ഇങ്ങനെ പോയാല്‍ ആസന്ന ഭാവിയില്‍ ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ മാത്രമേ കേരളത്തിലെ സ്‌കൂളുകളില്‍ ഉണ്ടാവുകയുള്ളൂ. അതായത്, മലയാളം മാതൃഭാഷ അല്ലാത്ത അന്യദേശത്തൊഴിലാളികളുടേയും ആദിവാസികളുടേയും കുട്ടികള്‍ മാത്രം മലയാളത്തില്‍ പഠിക്കുന്നു. മലയാളികള്‍ മലയാളം ഉപേക്ഷിക്കുന്നു. മലയാള ഭാഷാ സംരക്ഷണത്തിന് ഇറങ്ങിത്തിരിക്കുകയും സത്യഗ്രഹമിരിക്കുകയും ചെയ്യുന്നവര്‍ ഇതൊന്നും കാണുന്നില്ലെന്നതാണ് കഷ്ടം.
ഒരു കാര്യം തീര്‍ച്ച, ഓരോ വര്‍ഷവും വിജയശതമാനം ഉയരുന്നതിന്റെ അര്‍ഥം ഓരോ വര്‍ഷവും പഠനനിലവാരം ഉയരുന്നു എന്നല്ല. മാര്‍ക്കുകള്‍ വാരിക്കോരിനല്‍കി വിജയ ശതമാനം പെരുപ്പിക്കുമ്പോള്‍ നാം ഒരു തലമുറയുടെ അതിജീവന ശേഷി തകര്‍ക്കുകയാണ്. ഇത് തിരിച്ചറിയാന്‍ ഒരുപക്ഷേ അക്ഷരങ്ങള്‍ കൂട്ടിവായിക്കാനറിയാത്ത എ പ്ലസുകാര്‍ക്ക് സാധിക്കണമെന്നില്ല. അതു ക്ഷമിക്കാം. പക്ഷേ അവരെ വഴിയാധാരമാക്കുന്നവരോട് ക്ഷമിക്കാമോ?
വാല്‍ക്കഷണം: എന്റെ നാട്ടിലെ ഒരു സ്‌കൂളില്‍ എട്ടാം ക്ലാസിലേക്കു പ്രവേശനം കിട്ടാന്‍ ഒരു അഡ്മിഷന്‍ ടെസ്റ്റുണ്ട്. അത് ശരിയല്ലല്ലോ എന്ന് ചോദിച്ചപ്പോള്‍ ഹെഡ് മാസ്റ്റര്‍ പറഞ്ഞ മറുപടി ഇങ്ങനെ: 'ആ ടെസ്റ്റ് എങ്ങനെയാണെന്നറിയാമോ? കുട്ടി ജയിച്ചുവന്ന ഏഴാം ക്ലാസിലെ മലയാളം പുസ്തകത്തില്‍നിന്ന് ഒരു ഖണ്ഡിക വായിക്കുക. വല്ലവിധേനയും തെറ്റോട് കൂടിയെങ്കിലും കുട്ടിക്ക് വായിച്ചൊപ്പിക്കാന്‍ കഴിഞ്ഞാല്‍ സീറ്റുറപ്പ്. നമ്മുടെ കുട്ടികളുടെ നിലവാരം എത്ര ഭദ്രം!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."