പുല്ലൂര്‍ സര്‍വിസ് സഹകരണ ബാങ്കിലെ അഡ്മിനിസ്‌ട്രേറ്റിവ് ഭരണം ഹൈക്കോടതി റദ്ദാക്കി
കാഞ്ഞങ്ങാട്: പുല്ലൂര്‍ സര്‍വിസ് സഹകരണ ബാങ്കിലെ അഡ്മിനിസ്‌ട്രേറ്റിവ് ഭരണം ഹൈക്കോടതി റദ്ദാക്കി. ബാങ്കിന്റെ ഭരണം നേരത്തെയുണ്ടായിരുന്ന ഭരണസമിതി വിട്ടുകൊടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ബാങ്ക് വൈസ് പ്രസിഡന്റ് ഓട്ടപ്പടയിലെ കെ.പി ഗംഗാധരന്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
കഴിഞ്ഞ ഓഗസ്റ്റില്‍ കോണ്‍ഗ്രസ് ഭരണസമിതിക്കകത്തുണ്ടായിരുന്ന തര്‍ക്കങ്ങളെ തുടര്‍ന്ന് മുഴുവന്‍ ഭരണസമിതി അംഗങ്ങളോടും രാജിവെക്കാന്‍ ഡി.സി.സി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മുന്‍ ബാങ്ക് പ്രസിഡന്റും ഡി.സി.സി സെക്രട്ടറിയുമായ വിനോദ് കുമാര്‍ പള്ളയില്‍ വീട്, നാരായണി, കെ.വി ഗംഗാധരന്‍ എന്നിവര്‍ രാജി വച്ചെങ്കിലും മറ്റ് അംഗങ്ങള്‍ രാജിവെക്കാന്‍ തയാറാവാതെ ബാങ്കിന്റെ അമ്പലത്തറ ബാങ്കില്‍ അടിയന്തര യോഗം ചേര്‍ന്ന് ഇവരുടെ രാജിക്കത്ത് അംഗീകരിച്ച് പുതുതായി രണ്ടംഗങ്ങളെ തെരഞ്ഞെടുക്കുകയും ചെയ്തു. അംഗങ്ങള്‍ രാജിവച്ചതിനാല്‍ ക്വാറം തികയാതെയാണ് യോഗം നടന്നതെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ പുല്ലൂര്‍ ബാങ്ക് ഭരണസമിതിയെ പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയത്. അഡ്മിനിസ്‌ട്രേറ്റിവ് ഭരണത്തിലൂടെ പുതിയ അംഗങ്ങളെ ചേര്‍ത്ത് കോണ്‍ഗ്രസിന്റെ വിവിധ വിമത അംഗങ്ങളുമായി ചേര്‍ന്ന് ബാങ്ക് ഭരണം പിടിച്ചെടുക്കാനായിരുന്നു സി.പി.എം നേതൃത്വത്തിന്റെ നീക്കം. എന്നാല്‍ ഹൈക്കോടതി വിധി സി.പി.എമ്മിന്റെ നീക്കത്തിന് കനത്ത തിരിച്ചടിയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."