ഹോട്ടലുകളില്‍ മാലിന്യസംസ്‌കരണ സംവിധാനമില്ല; നടപടിയെടുക്കാതെ അധികൃതര്‍
കോട്ടയം: ജില്ലയില്‍ ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നത് മാലിന്യ സംസ്‌കരണ സംവിധാനങ്ങളില്ലാതെ. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ അധികൃതരും തയാറാകുന്നില്ല. ദിനംപ്രതി ഗ്രാമപ്രദേശങ്ങളിലെ റോഡുകളിലും തോടുകളിലും മാലിന്യം തള്ളുന്ന ഹോട്ടലുകള്‍ക്കെതിരെ വന്‍പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.
മാലിന്യങ്ങള്‍ തള്ളുന്നത് സമീപപ്രദേശത്തേക്കും ഓടയിലേക്കുമാണെന്നിരിക്കെ ഹോട്ടലുകളില്‍ പരിശോധന നടത്തുന്ന ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. പലപ്പോഴും റെയ്ഡുകള്‍ പ്രഹസനമാകുന്നുവെന്നതിന്റെ വ്യക്തമായ തെളിവാണിതെന്ന് ഭക്ഷ്യോപദേശക വിജിലന്‍സ് സമിതിയംഗം എബി ഐപ്പ് പറഞ്ഞു.
സ്റ്റാര്‍ പദവിയുണ്ടെന്ന് അവകാശപ്പെടുന്ന ഹോട്ടലുകളാണ് ജില്ലയില്‍ മാലിന്യം തോടുകളിലും മറ്റും തള്ളുന്നതില്‍ മുന്‍പന്തിയില്‍. വന്‍കിട ഹോട്ടലുകളില്‍ പോലും മാലിന്യം സംസ്‌കരണ സംവിധാനമില്ലാത്തത് അധികൃതര്‍ മൗനം പാലിക്കുന്നതിനാലാണെന്ന ആരോപണവും ശക്തം.
ഹോട്ടലുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുമ്പോള്‍ മാലിന്യം സംസ്‌കരിക്കാനുള്ള സാഹചര്യങ്ങളുണ്ടായിരിക്കണമെന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും എല്ലാം അട്ടിമറിക്കുന്ന കാഴ്ച്ചയാണ് പിന്നീട് കാണാന്‍ കഴിയുന്നത്. ഹോട്ടല്‍ മാലിന്യങ്ങളെല്ലാം തന്നെ സമീപത്തു കൂടെ ഒഴുകുന്ന ഓടയിലൂടെ ഒഴിക്കിവിടുകയാണ് നഗരത്തിലെ വിവിധ ഹോട്ടലുകള്‍ ചെയ്യുന്നത്. സാമ്പത്തിക ലാഭത്തിനായി മാലിന്യങ്ങള്‍ ഓടയിലൂടെ ഒഴുക്കുമ്പോള്‍ മലിനമാകുന്നത് സമീപ പ്രദേശങ്ങളും.
കൂടാതെ, നിരവധി രോഗങ്ങള്‍ക്കും ഇവ കാരണമാകുന്നുണ്ട്. എന്നാല്‍ ഇവയൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ് പലപ്പോഴും അധികൃതര്‍. ഹോട്ടല്‍ പരിശോധന നടത്തുന്ന നഗരസഭ പലപ്പോഴും പഴകിയ ഭക്ഷണ സാധനങ്ങള്‍ സ്റ്റാര്‍ ഹോട്ടലുകളില്‍ നിന്ന് പിടിച്ചെടുക്കാറുണ്ടെങ്കിലും മാലിന്യ സംസ്‌കരണത്തെ കുറിച്ച് ഒന്നും ചോദിക്കാറില്ലെന്നതാണ് വാസ്തവം. പല ഹോട്ടലുകളും ഉയര്‍ന്ന വിലയീടാക്കി ഉപഭോക്താവിനെ പിഴിയുമ്പോഴാണ് പണലാഭത്തിനായി മാലിന്യം പൊതു വഴിയില്‍ തള്ളുന്നത് .
ഇത്തരത്തില്‍ മാലിന്യങ്ങള്‍ തള്ളുമ്പോള്‍ നടപടി സ്വീകരിക്കേണ്ട പൊലൂഷന്‍ വകുപ്പിന്റെ നിസംഗതയും സംശയത്തിന് ഇടയാക്കുന്നുണ്ട്.
ഉദ്യോഗസ്ഥ-ഹോട്ടല്‍ ഉടമകള്‍ തമ്മിലുള്ള ബന്ധമാണ് നടപടി സ്വീകരിക്കാത്തതിന് പിന്നിലെന്ന ആരോപണവും ഉയരുന്നു. ഈ സാഹചര്യത്തില്‍ മാലിന്യം നിക്ഷേപിക്കുന്നവരില്‍ നിന്ന് വന്‍തുക പിഴയായി ഈടാക്കണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്. ഇത്തരത്തില്‍ ഉയര്‍ന്ന പിഴയീടാക്കിയെങ്കില്‍ മാത്രമേ മാലിന്യ നിക്ഷേപത്തില്‍ നിന്ന് ഹോട്ടല്‍ ഉടമകള്‍ പിന്‍മാറുകയുള്ളുവെന്ന് എബി ഐപ്പ് പറഞ്ഞു. നഗരത്തിലെ ഓടകള്‍ മാലിന്യക്കൂമ്പാരമായി മാറുമ്പോഴും താനൊന്നും കണ്ടില്ലെന്ന ഭാവത്തിലാണ് നഗരസഭാ അധികൃതരും. മാലിന്യങ്ങള്‍ വഴിയില്‍ തള്ളുന്നതോടെ എികളുടെ ഇടത്താവളമായി നഗരത്തിലെ ഓടകളും മാറി. രോഗങ്ങള്‍ തടയാന്‍ ആരോഗ്യവകുപ്പ് വിവധ പരിപാടികള്‍ നടത്താറുണ്ടെങ്കിലും ഇവയൊന്നും ഫലം കാണാതെ പോകുന്നതിന്റെ കാരണവും അശാസ്ത്രീയമായ മാലിന്യ സംസ്‌കരണമാണ്. ഓടകളും തോടുകളും മറ്റും മാലിന്യങ്ങള്‍ കൊണ്ട് നിറയുമ്പോള്‍ ഹോട്ടലുകള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ ആരും തയാറാകുന്നില്ലെന്നതാണ് സത്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."