ഫ്‌ളാറ്റ് ബുക്ക് ചെയ്തത് മുഖ്യമന്ത്രിയുടെ മുന്‍ ഐ.ടി ഫെലോ
തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന കൂടുതല്‍ പേര്‍ കസ്റ്റംസ് കുരുക്കിലേക്ക്.
സ്വപ്നയുടെ ഭര്‍ത്താവ് ജയശങ്കറിന്റെ പേരില്‍, മുഖ്യമന്ത്രിയുടെ ഓഫിസ് സ്ഥിതി ചെയ്യുന്ന സെക്രട്ടേറിയറ്റിന്റെ നോര്‍ത്ത് ഗേറ്റിനടുത്തുള്ള ശിവശങ്കറിന്റെ ഫ്‌ളാറ്റിനു സമീപത്തായി ഫ്‌ളാറ്റ് ബുക്ക് ചെയ്തത് മുഖ്യമന്ത്രിയുടെ മുന്‍ ഐ.ടി. ഫെലോ അരുണ്‍ ബാലചന്ദ്രന്‍.
ഇവിടെ വച്ചാണ് സ്വര്‍ണക്കടത്തിന്റെ ആസൂത്രണം നടന്നതെന്നും സ്വര്‍ണം പിടിക്കുന്ന ദിവസം സ്വപ്നയും സന്ദീപും ഇവിടെ ഉണ്ടായിരുന്നുവെന്നും കസ്റ്റംസ് കണ്ടെത്തിയിരുന്നു. വിവരം പുറത്തു വന്നതിനു പിന്നാലെ നിലപാട് വ്യക്തമാക്കി അരുണ്‍ ബാലചന്ദ്രനും രംഗത്തെത്തി.
ശിവശങ്കര്‍ പറഞ്ഞതനുസരിച്ചാണ് താന്‍ ഇവിടെ ഫ്‌ളാറ്റ് ബുക്ക് ചെയ്തതെന്ന് അരുണ്‍ പറഞ്ഞു. സുഹൃത്തിനും കുടുംബത്തിനും വേണ്ടിയാണെന്നാണ് ശിവശങ്കര്‍ പറഞ്ഞത്. എല്ലാത്തിനും രേഖയുണ്ടെന്നും അരുണ്‍ ബാലചന്ദ്രന്‍ വ്യക്തമാക്കി. ഐ.ടി വകുപ്പിനു കീഴിലുള്ള ഹൈ പവര്‍ ഡിജിറ്റല്‍ അഡൈ്വസറി കമ്മിറ്റിയുടെ മാര്‍ക്കറ്റിങ് ആന്‍ഡ് ഓപറേഷന്‍സ് ഡയരക്ടറാണ് അരുണ്‍ ബാലചന്ദ്രന്‍.
ടെക്‌നോ പാര്‍ക്കില്‍ കൂടുതല്‍ ഐ.ടി സംരംഭങ്ങള്‍ കൊണ്ടുവരുന്നതിനും നിക്ഷേപം ആകര്‍ഷിക്കുന്നതിനുമായിരുന്നു ഉയര്‍ന്ന ശമ്പളത്തോടെയുള്ള അരുണ്‍ ബാലചന്ദ്രന്റെ നിയമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."