ഇസ്‌ലാം ഭീതി പരത്തുന്ന ദേശാഭിമാനി
ഒരുതുള്ളി രാജ്യസ്‌നേഹം ചേര്‍ത്താല്‍ ഇന്ത്യയിലെന്തും ചെലവാകുമെന്ന സോഷ്യല്‍മീഡിയ തമാശയുണ്ട്. എന്നതുപോലെ, പോപ്പുലര്‍ഫ്രണ്ട് എന്ന മേമ്പൊടി ചേര്‍ത്താല്‍ മുസ്‌ലിംകള്‍ക്കെതിരേ എന്തുപ്രചാരണവും ആളുകള്‍ വിശ്വസിക്കുമെന്നായിരിക്കുന്നു കാര്യങ്ങള്‍. ഈ പ്രചാരണത്തില്‍ സംഘ്പരിവാറിനും അവരുടെ ജിഹ്വകള്‍ക്കുമൊപ്പം സി.പി.എമ്മും ദേശാഭിമാനിയും ചേരുമ്പോള്‍ അപകടത്തിന്റെ വ്യാപ്തി വര്‍ധിക്കുകയാണ്.
ഏതോ ഒരു ഹിന്ദുത്വ വെബ്‌പോര്‍ട്ടലില്‍ നിന്നുകിട്ടിയ വ്യാജ റിപ്പോര്‍ട്ട് അംഗീകൃത സോഴ്‌സായി ഉദ്ധരിച്ചു കേരളകൗമുദി ലൗജിഹാദ് പ്രചാരണത്തിനു തുടക്കമിട്ടതുപോലെയാണു കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ 'ഇസ്‌ലാമിക പുഞ്ചിരി' എന്ന വിധത്തില്‍ ദേശാഭിമാനി കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച വാര്‍ത്ത.
മുസ്‌ലിം യുവാക്കള്‍ ഹിന്ദു- ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ പ്രണയിക്കുകയും പിന്നീടു മതംമാറ്റുകയും ചെയ്യുന്നുണ്ടെന്നും അതിന് അവര്‍ക്കു ബൈക്കും പണവും മൊബൈല്‍ഫോണും ലഭിക്കുന്നണ്ടെന്നുമായിരുന്നു ലൗജിഹാദ് പ്രചാരണത്തിന്റെ കാതല്‍. ആ വാര്‍ത്ത പിന്നീട് വളരെ 'പ്രൊഫഷന'ലായി മനോരമ ഏറ്റുപിടിച്ചു. തുടര്‍ന്ന്, മാതൃഭൂമിയും ദീപികയും ഏറ്റെടുത്തു. അതോടെ മുസ്‌ലിംയുവാക്കളുടെ പ്രണയക്കെണിയില്‍ വീഴരുതെന്ന് എസ്.എന്‍.ഡി.പി യോഗവും കത്തോലിക്കാ സഭയും പ്രസ്താവനയിറക്കി.
സംഘ്പരിവാര്‍ പ്രചാരണം ഏറ്റുപിടിച്ച്, കേരളത്തെ ഇരുപതു വര്‍ഷം കൊണ്ട് ഇസ്‌ലാമിക രാജ്യമാക്കാനാണു ശ്രമമെന്ന് അന്നത്തെ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. ഒടുവില്‍ ലൗജിഹാദെന്നത് സംഘ്പരിവാര്‍ പ്രചാരണം മാത്രമാണെന്നും കേരളത്തില്‍ അത്തരത്തിലൊരു സംഘമോ നീക്കമോ ഇല്ലെന്നും ഹൈക്കോടതിയും സര്‍ക്കാരും വ്യക്തമാക്കി. അപ്പോഴേയ്ക്ക്, ആ പ്രചാരണത്തിന്റെ ഫലമായി സമുദായങ്ങള്‍ക്കിടയില്‍ രൂപപ്പെട്ട മതിലിന്റെ വലിപ്പവും അതു പുറത്തുവിട്ട വിഷവും വളരെ വലുതായിത്തീര്‍ന്നിരുന്നു.
ലൗജിഹാദ് സംബന്ധിച്ച ചര്‍ച്ചകളിലൊക്കെയും പ്രത്യക്ഷത്തില്‍ പോപ്പുലര്‍ഫ്രണ്ടായിരുന്നു പ്രതിസ്ഥാനത്തെങ്കിലും ഇരകളായതു മൊത്തം മുസ്‌ലിംകളായിരുന്നു. കാംപസ് പ്രണയങ്ങളില്‍പ്പോലും വര്‍ഗീയതയുടെ നിറംവരുത്താനും സംഘ്പരിവാര്‍ ഇടപെടാനും തുടങ്ങി. മറ്റു മതത്തില്‍പ്പെട്ടയാളെ വിവാഹം കഴിച്ച അവിശ്വാസികളായ മുസ്‌ലിംകളുടെ നടപടികളും സംശയിക്കക്കപ്പെട്ടു.
ചാനലുകളില്‍ സി.പി.എം പ്രതിനിധിയായി വരാറുള്ള മതരഹിതനായ അഡ്വ. എ.എ റഹിമിന്റെ മിശ്രവിവാഹത്തെപ്പോലും സോഷ്യല്‍മീഡിയയില്‍ സംഘ്പരിവാര്‍ ലൗജിഹാദിന്റെ പട്ടികയിലാണു പെടുത്തിയത്. വിവാഹത്തിനു മുന്‍പു മതംമാറിയ ഹാദിയയുടെ കേസ് സംബന്ധിച്ച വാര്‍ത്തകളിലെല്ലാം ലൗജിഹാദെന്ന പദമാണു ദേശീയമാധ്യമങ്ങള്‍ ഉപയോഗിച്ചത്.
രാജസ്ഥാനില്‍ ബംഗാളി തൊഴിലാളിയായ അഫ്‌റജുലിനെ ക്രൂരമായി ആക്രമിച്ച് അവശനാക്കിയശേഷം ചുട്ടുകൊന്ന ശംഭുലാല്‍ വരെ പറഞ്ഞത്, ഹിന്ദു കുട്ടികളെ ലൗജിഹാദികളില്‍നിന്നു രക്ഷിക്കാനാണ് ഇങ്ങനെ ചെയ്തതെന്നാണ്. ഹിന്ദുത്വവാദികളുടെ വ്യാജറിപ്പോര്‍ട്ട് കൗമുദിയും മനോരമയും മാതൃഭൂമിയും ഏറ്റുപിടിച്ചതിന്റെ പരിണിതഫലമാണിതെല്ലാം.
സംഘ്പരിവാറിന്റെ ലൗജിഹാദ് എന്ന വിഷലിപ്ത അജന്‍ഡ വിജയിപ്പിച്ച് ഇസ്‌ലാംഭീതിയിലാണ്ട മാധ്യമങ്ങള്‍ക്കും ആളുകള്‍ക്കും മുന്‍പിലേക്കാണ് 'ഇസ്‌ലാമിക പുഞ്ചിരി'യെന്ന പുതിയ വിഭവം ദേശാഭിമാനി ഇട്ടുകൊടുത്തിരിക്കുന്നത്. വര്‍ഗീയവിഭജനത്തിനിടയാക്കുന്ന റിപ്പോര്‍ട്ട് ലൗജിഹാദ് വിശ്വസിച്ച സമൂഹത്തിലേയ്ക്കു കടത്തിവിട്ടാലുള്ള അപകടത്തിന്റെ വ്യാപ്തിയറിയാത്ത പത്രമല്ല ദേശാഭിമാനി. മെഡിക്കല്‍ കോളജില്‍ രോഗികളുമായി ഇടപഴകുമ്പോള്‍ 'ഇസ്‌ലാമിക് പുഞ്ചിരി' മുഖത്തു വിടരണമെന്നു ലഘുലേഖ വഴി പോപ്പുലര്‍ ഫ്രണ്ട് മുസ്‌ലിംവിദ്യാര്‍ഥികളോട് ആവശ്യപ്പെടുന്നുണ്ടെന്നാണു ദേശാഭിമാനി റിപ്പോര്‍ട്ടില്‍ പറയുന്നത്.
അതിന്റെ അപകടം പ്രത്യക്ഷത്തില്‍ കാണുന്ന തരത്തിലല്ല. റിപ്പോര്‍ട്ട് പോപ്പുലര്‍ ഫ്രണ്ടിനെ ലക്ഷ്യംവച്ചാണെന്നേ തോന്നൂ. എന്നാല്‍, കാംപസ് ഫ്രണ്ടും പോപ്പുലര്‍ഫ്രണ്ടും മെഡിക്കല്‍ കോളജില്‍ മതപരിവര്‍ത്തനത്തിനു ശ്രമിക്കുകയാണെന്നു പറഞ്ഞുവച്ച ശേഷം 35-40 വര്‍ഷങ്ങള്‍ക്കു മുന്‍പു കോളജിലെ ഒരു ഡോക്ടര്‍ ഇസ്‌ലാംമതം സ്വീകരിച്ചതുള്‍പ്പെടെയുള്ള സംഭവങ്ങള്‍, കഴിഞ്ഞദിവസം നടന്നതുപോലെ, ദേശാഭിമാനി പറഞ്ഞുവയ്ക്കുന്നു.
പോപ്പുലര്‍ഫ്രണ്ട് ഉണ്ടാവുന്നതിനും 15 വര്‍ഷം മുന്‍പുണ്ടായതാണു ഡോക്ടറുടെ മതംമാറ്റം. സ്വന്തം ഇഷ്ടപ്രകാരം നടന്ന മതംമാറ്റമാണതെന്ന് എല്ലാവര്‍ക്കുമറിയാം. 'എല്ലാവര്‍ക്കും അറിയാവുന്ന ഒരു സംഭവം പ്രത്യേകസാഹചര്യങ്ങളില്‍ ഓര്‍മിപ്പിക്കുന്നതിനു പിന്നില്‍ അജന്‍ഡയുണ്ടെന്ന' വിജയന്‍ മാഷിന്റെ നിരീക്ഷണം ഇവിടെ പ്രസക്തമാണ്. ന്യൂനപക്ഷ സംരക്ഷകരെന്ന് അവകാശപ്പെടുന്ന പാര്‍ട്ടിയുടെ മുഖപത്രത്തിന് ആ അജന്‍ഡയുടെ ആവശ്യമെന്തെന്നതാണു പിടികിട്ടാത്തത്.
കേരളത്തിലെ മുസ്‌ലിംകള്‍ പഴയകാലത്തെ പിന്നാക്കാവസ്ഥയില്‍ നിന്ന് സ്വപ്രയത്‌നത്താല്‍ പതുക്കെ ചിറകടിച്ചുയര്‍ന്നു കൊണ്ടിരിക്കുകയാണ്. സിവില്‍സര്‍വിസ്, പ്രൊഫഷനല്‍ കോഴ്‌സുകളിലെ റാങ്ക് പട്ടികയില്‍ മുസ്‌ലിംപേരുകള്‍ സ്ഥിരമായി വന്നുകൊണ്ടിരുന്നു. ഇതില്‍ ചൊറിച്ചിലുള്ള ഒരുവിഭാഗമുണ്ടിവിടെ. മുസ്‌ലിംകള്‍ കോപ്പിയടിച്ചാണു റാങ്ക് നേടുന്നതെന്ന വി.എസ് അച്യുതാനന്ദന്റെ അഭിപ്രായപ്രകടനം ഒരുദാഹരണം മാത്രം.
ഇതിനിടെയാണു പോപ്പുലര്‍ ഫ്രണ്ടിന്റെ പേരു പറഞ്ഞു മെഡിക്കല്‍ കോളജിലെ മുഴുവന്‍ മുസ്‌ലിംവിദ്യാര്‍ഥികളെയും ലക്ഷ്യംവച്ചുള്ള ദേശാഭിമാനി ലേഖനത്തിന്റെ വരവ്. മെഡിക്കല്‍, എന്‍ജിനീയറിങ് ഉള്‍പ്പെടെയുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെത്തുന്ന മുസ്‌ലിംവിദ്യാര്‍ഥികളുടെ നിഷ്‌കളങ്കചിരിയില്‍ പോലും അപകടം പതുങ്ങിയിരിക്കുന്നുവെന്നു ദേശാഭിമാനി വായനക്കാര്‍ക്ക് തോന്നാനേ ആ റിപ്പോര്‍ട്ട് സഹായിക്കൂ.
മതം ഒരു വിഷയമേയല്ലാത്ത സി.പി.എമ്മിനു മതംമാറ്റം പരിഗണനാവിഷയമാവേണ്ടതില്ല. എന്നിട്ടും, പതിറ്റാണ്ടുകള്‍ക്കു മുന്‍പു നടന്ന സംഭവം ഇപ്പോള്‍ ദേശാഭിമാനി എടുത്തുകാണിക്കുന്നതിലെ അജന്‍ഡ കാണാതിരുന്നുകൂടാ. സംഘ്പരിവാര്‍ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നതു പോലുള്ള തറനിലവാരത്തിലുള്ള ഒരാശയം ദേശാഭിമാനി ഏറ്റെടുത്തതിനു പിന്നാലെ മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ചു തീവ്രവാദം ശക്തിപ്രാപിക്കുന്നുവെന്ന് എക്‌സ്‌ക്ലൂസീവായി ജനം ടി.വി പിറ്റേന്ന് സംപ്രേഷണംചെയ്തു.
കഴിഞ്ഞദിവസം ദേശാഭിമാനി പ്രസിദ്ധീകരിച്ച മുസ്‌ലിംവിരുദ്ധ വാര്‍ത്ത ഇന്നലെ ജനം ടി.വി ഏറ്റുപിടിച്ചുവെന്നതിന്റെ അര്‍ഥമെന്താണ്. വിഷയം മുസ്‌ലിംകളെ സംബന്ധിച്ചാവുമ്പോള്‍ ദേശാഭിമാനിയുടെയും ജനം ടി.വിയുടെയും സ്വരം എങ്ങിനെ ഒരുപോലെയായി എന്നതാണു പിടികിട്ടാത്ത രണ്ടാമത്തെ ചോദ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."