പട്ടിത്തറയില്‍നിന്നൊരു 'കോ-മാ-ലീ' യാത്ര
ജംഷീര്‍ പള്ളിക്കുളം
പാലക്കാട്: പട്ടിത്തറ ഗ്രാമ പഞ്ചായത്തിലെ കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ പഞ്ചായത്ത് അംഗങ്ങളും മെംബര്‍സ്ഥാനം നഷ്ടപെടാതിരിക്കാനുള്ള നെട്ടോട്ടത്തിലാണ്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയ നോട്ടിസിന് കൃത്യമായ മറുപടി നല്‍കിയില്ലെങ്കില്‍ എല്ലാവരുടെയും (കോണ്‍ഗ്രസ്, മാര്‍കിസ്റ്റ്, ലീഗ്) മെംബര്‍ സ്ഥാനം അസാധുവാകും. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ നാമനിര്‍ദേശ പത്രിക സ്വീകരിക്കുന്നതില്‍ അന്നത്തെ തെരഞ്ഞടുപ്പ് ഭരണാധികാരിയുടെ കൈപ്പിഴയാണ് കാരണം.
ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്തില്‍ പത്ത് സി.പി.എം മെംബര്‍മാരും, ആറ് കോണ്‍ഗ്രസ് മെംബര്‍മാരും രണ്ട് ലീഗ് മെംബര്‍മാരുമാണുള്ളത്. 2015 നവംബറില്‍ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിനായി ഒക്ടോബര്‍ മാസംതന്നെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചിരുന്നു. എന്നാല്‍ ഓരോ സ്ഥാനാര്‍ഥിയുടെയും വിശദവിവരങ്ങള്‍ സമര്‍പ്പിക്കുന്നതില്‍ വീഴ്ചയുണ്ടായതാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചിരിക്കുന്നത്. ലോകായുക്തയിലും ജില്ലാ വരണാധികാരിയുടെ മുന്നിലും തലസ്ഥാനത്തുമായി മുഴുവന്‍ സമയവും ഇപ്പോള്‍ ഓട്ടത്തിലാണ്. ഇവിടെ ഇടതു വലതു വ്യത്യാസമില്ലാതെ ഒന്നിച്ചുള്ള പോക്ക് ജനങ്ങള്‍ക്കിടയിലും ചര്‍ച്ചയാകുന്നുണ്ട്.
സ്വത്തുവിവരങ്ങള്‍ അടങ്ങിയ രേഖകളുണ്ടോ എന്നുള്ള പരിശോധനയില്‍ വീഴ്ചയുണ്ടായതാണ്് വിഷയം ഇത്ര സങ്കീര്‍ണമാക്കിയത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ചൂടിനിടയില്‍ പ്രദേശത്തെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ കഴിയാതെ ഇവരെല്ലാം ഇന്നലെ തിരുവനന്തപുരത്തേക്ക് യാത്ര പോയതായാണ് അറിവ്. തെരഞ്ഞെടുക്കപ്പെട്ട ആകെയുള്ള 18 മെംബര്‍മാരില്‍ പത്തുപേര്‍ സ്ത്രീകളാണ്. സത്യപ്രതിജ്ഞ കഴിഞ്ഞ്് 1,245 ദിവസം പിന്നിടുമ്പോഴണ് തെരഞ്ഞടുപ്പ് വരണാധികാരിയുടെ കൈപ്പിഴ നിയമപരമായി മറികടന്ന് മെംബര്‍സ്ഥാനം ഉറപ്പിക്കാന്‍ അവസാനശ്രമം നടക്കുന്നത്.
തെരഞ്ഞെടുപ്പിന് സമര്‍പ്പിക്കേണ്ടതായ ഫോം ഇന്റര്‍നെറ്റില്‍നിന്ന് എടുത്തത് പഴയ മോഡല്‍ ആയിപോയതാണെന്നും അതില്‍ സ്വത്തുവിവരങ്ങള്‍ നല്‍കേണ്ട ഫോം ഇല്ലാത്തത് ശ്രദ്ധയില്‍ വന്നില്ലെന്നും പിഴവ് പരിഹരിക്കാനുള്ള എല്ലാനടപടികളും എടുത്തതായും പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."