2064 ഓടെ ലോക ജനസംഖ്യ കുറയുമെന്ന് പഠനം
ഇന്ത്യയിലെയും ചൈനയിലെയും ജനസംഖ്യ കുറയും, ആഫ്രിക്കയിലും പശ്ചിമേഷ്യയിലും കൂടും
വാഷിങ്ടണ്‍: ഇന്ത്യയിലും ചൈനയിലുമുള്‍പ്പെടെ ആഗോള ജനസംഖ്യ 2064നു ശേഷം വലിയ രീതിയില്‍ കുറയുമെന്ന് പഠനം. 2064ല്‍ ആഗോള ജനസംഖ്യ 9.7 ബില്യണാവുമെന്നും അതിനു ശേഷം 2100ല്‍ ജനസംഖ്യ ക്രമാതീതമായി കുറയുമെന്നും വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്‌സ് ആന്റ് ഇവാലുവേഷനിലെ ഗവേഷകര്‍ നടത്തിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ജോലിചെയ്യുന്ന സ്ത്രീകളുടെ എണ്ണം കൂടുന്നതും ദമ്പതികള്‍ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ തേടുന്നതുമാണ് ഇതിന് പ്രധാന കാരണമായി പറയുന്നത്.
ഏഷ്യയിലും യൂറോപ്പിലുമാണ് ജനസംഖ്യാ ഇടിവ് കൂടുതലായി ഉണ്ടാവുക. അതേസമയം ആഫ്രിക്കയിലും പശ്ചിമേഷ്യയിലും കൂടും. 2100ഓടു കൂടി ആഗോള ജനസംഖ്യയുടെ വലിയൊരു ഭാഗവും ആഫ്രിക്കയില്‍ നിന്നായിരിക്കുമെന്നാണ് ഗവേഷണം നയിച്ച ഡോ. ക്രിസ്റ്റഫര്‍ മുറേ പറയുന്നത്.
നിലവില്‍ കൂടിയ ജനസംഖ്യയുള്ള ചൈനയില്‍ ഇപ്പോള്‍ തന്നെ യുവജനങ്ങളുടെ എണ്ണം കുറയുന്നതിന്റെ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്ന് മുറേ പറയുന്നു. ഇത്തരത്തില്‍ ജനസംഖ്യ ഇടിയുന്നത് രാജ്യങ്ങളുടെ സാമ്പത്തിക മേഖലയെയും തൊഴില്‍ മേഖലയെയും ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയില്‍ ജനസംഖ്യ 762 ദശലക്ഷത്തില്‍ നിന്ന് 580 ദശലക്ഷമായി കുറയും.
2100ല്‍ 65 വയസ്സിനു മുകളിലുള്ളവര്‍ 2.37 ബില്യണ്‍ ആയിരിക്കും. 20 വയസ്സില്‍ താഴെയുള്ളവരുടെ എണ്ണം 1.7 ബില്യണും. ജനസംഖ്യ ക്രമാതീതമായി കുറയുന്ന രാജ്യങ്ങളെ തുണയ്ക്കാന്‍ പോവുന്നത് കുടിയേറ്റമായിരിക്കുമെന്നും പഠനം പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."