റെയില്‍വേ ഗേറ്റ് അടച്ചു: വഴി തിരിച്ച് വിട്ട വാഹനങ്ങളില്‍ നിന്ന് നിര്‍ബ്ബന്ധിത ടോള്‍ ഈടാക്കിയതായി പരാതി
മട്ടാഞ്ചേരി: വാത്തുരുത്തി റെയില്‍വേ ഗേറ്റ് അറ്റകുറ്റ പണികള്‍ക്കായി അടച്ചതിനെ തുടര്‍ന്ന് ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ ട്രാഫിക് പൊലിസ് വഴി തിരിച്ച് വിട്ട വാഹനങ്ങളില്‍ നിന്ന് തുറമുഖ ട്രസ്റ്റ് നിര്‍ബ്ബന്ധിത ടോള്‍ ഈടാക്കിയതായി ആക്ഷേപം.പോര്‍ട്ടിന്റെ റോഡ് ഉപയോഗിക്കുന്നതിനായി വാഹനങ്ങളില്‍ നിന്ന് ടോള്‍ ഈടാക്കാറുണ്ടെങ്കിലും റെയില്‍വേയുടെ അറ്റകുറ്റ പണികള്‍ക്കായി ഗേറ്റ് അടച്ച പശ്ചാത്തലത്തില്‍ ടോള്‍ ഈടാക്കിയ നടപടി യാത്രക്കാര്‍ക്ക് ദുരിതമായി.
സ്വകാര്യ ബസ്സും കാറും ഓട്ടോറിക്ഷയും ഉള്‍പ്പെടെയുള്ള മുഴുവന്‍ വാഹനങ്ങളില്‍ നിന്നും തുറമുഖ ട്രസ്റ്റ് ടോള്‍ ഈടാക്കി.നിലവില്‍ ഏഴ് കിലോമീറ്റര്‍ ചുറ്റി സഞ്ചരിച്ച് വേണം ഇപ്പോള്‍ നഗരത്തിലെത്താന്‍.സമയ നഷ്ടവും ഇന്ധന നഷ്ടത്തിനും പുറമേ ടോളിന്റെ പേരിലുള്ള പിടിച്ച് പറിയും യാത്രക്കാര്‍ തുടര്‍ന്നുള്ള രണ്ട് ദിവസം കൂടി സഹിക്കേണ്ട അവസ്ഥയാണ്.പശ്ചിമകൊച്ചിയില്‍ പൈപ്പിടല്‍ ജോലികള്‍ക്കായി റോഡിന് കുഴിയെടുത്തതിന്റെ പേരിലുള്ള ദുരിതം തുടരുന്നതിനിടയിലാണ് റെയില്‍വേ ഗേറ്റ് അടച്ചതിന്റെ പേരിലുള്ള പുതിയ പുകില്.
വ്യാഴായ്ച വൈകിട്ട് ആറ് മണിവരെ ഗേറ്റ് അടച്ചിടുമെന്നാണ് റെയില്‍വേ അറിയിച്ചിട്ടുള്ളതെങ്കിലും അറ്റകുറ്റ പണികള്‍ അതിനുള്ളില്‍ തീരുമോയെന്നാണ് ആശങ്ക.ഒരു മാസത്തിനകം പൈപ്പിടല്‍ ജോലികള്‍ പൂര്‍ത്തീകരിക്കുമെന്ന് പറഞ്ഞ് തുടങ്ങിയിട്ട് ഇപ്പോള്‍ രണ്ടര മാസം കഴിഞ്ഞിട്ടും തീരാത്ത അവസ്ഥയാണ്.
എന്‍ട്രന്‍സ് പരീക്ഷ എഴുതാന്‍ പോയവരില്‍ പലര്‍ക്കും സമയത്തിന് ഇത് മൂലം എത്താന്‍ കഴിഞ്ഞില്ലെന്നും പരാതിയുണ്ട്.റെയില്‍വേ അറ്റകുറ്റ പണികള്‍ക്കായി ഗേറ്റ് അടച്ചതിന്റെ പേരില്‍ നിര്‍ബ്ബന്ധിത ടോള്‍ ഈടാക്കുന്ന അധികൃതരുടെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് ബസ്സുടമാ സംഘം നേതാവ് രാമ പടിയാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."