മാനവികതയുടെ നിറകണ്‍ ചിരി
തായ്‌ലന്‍ഡിലെ താം ലുവാങ് ഗുഹയില്‍ അകപ്പെട്ട 12 കുട്ടികളെയും അവരുടെ ഫുട്‌ബോള്‍ പരിശീലകനെയും 18 ദിവസത്തിനുശേഷം സുരക്ഷിതമായി പുറത്തെത്തിച്ചെന്ന വാര്‍ത്ത എന്തെന്നില്ലാത്ത ആശ്വാസത്തോടെയാണു ലോകം ശ്രവിച്ചത്. നീന്തല്‍വിദഗ്ധരും മെഡിക്കല്‍ സംഘവും ഗുഹാവിദഗ്ധരും സൈനികരുമുള്‍പ്പെടുന്ന വന്‍ ദൗത്യസംഘമാണു ദുരന്തമായി മാറുമായിരുന്ന ഗുഹാസംഭവത്തെ ശുഭപര്യവസായിയാക്കിയത്.
ജൂണ്‍ 23 നായിരുന്നു ഫുട്‌ബോള്‍ പരിശീലനം കഴിഞ്ഞിറങ്ങിയ കുട്ടികളും പരിശീലകനും ഗുഹ കാണുന്നതിനായി അകത്തുകയറിയത്. പിന്നീടുണ്ടായ കനത്ത മഴയില്‍ ഗുഹയില്‍ വെള്ളം കയറുകയും ഗുഹാമുഖം ചെളിയും മണ്ണും നിറഞ്ഞു ഭാഗികമായി അടയുകയും ചെയ്തു. കുട്ടികളുടെ ബൂട്ടും സൈക്കിളും ഗുഹയ്ക്കു പുറത്തു കണ്ടാണ് ഇവര്‍ അകത്തു കുടുങ്ങിയ കാര്യം നാട്ടുകാര്‍ അറിഞ്ഞത്. ഇതോടെ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറുകയായിരുന്നു താം ലുവാങ്.
വിദേശരാജ്യങ്ങളില്‍ നിന്നു വിദഗ്ധര്‍ സഹായഹസ്തവുമായി കുതിച്ചെത്തി. സ്‌പേസ് എക്‌സ് കമ്പനിയുടെ സ്ഥാപകന്‍ ഇലോണ്‍ മസ്‌ക് പുതിയൊരു പേടകം തന്നെ രക്ഷാപ്രവര്‍ത്തനത്തിനായി രൂപകല്‍പ്പനചെയ്ത് സ്വന്തം സാങ്കേതിക വിദഗ്ധരെ തായ്‌ലന്‍ഡിലേക്ക് അയച്ചു. തായ്‌ലന്‍ഡ് ഗവണ്‍മെന്റും സന്ദര്‍ഭത്തിനൊത്തുയര്‍ന്നു. മാനവികതയുടെ, പാരസ്പര്യത്തിന്റെ, നിശ്ചയദാര്‍ഡ്യത്തിന്റെ, സേവനസന്നദ്ധതയുടെ, നിസ്വാര്‍ത്ഥതയുടെ, പരസ്പരാദരവിന്റെ, അസുലഭനിമിഷങ്ങളാണ് പിന്നീടവിടെ കണ്ടത്. തുടര്‍ച്ചയായി മഴ പെയ്തത് കാരണം രക്ഷാദൗത്യം അപ്പോഴേക്കും തീര്‍ത്തും അപകടകരവും ദുഷ്‌ക്കരവുമായി കഴിഞ്ഞിരുന്നു. പക്ഷെ മാനവികതയുടെ കൊടിക്കൂറയുമായി ഇറങ്ങിയവര്‍ക്ക് വിലപ്പെട്ട 13 മനുഷ്യജീവനുകള്‍ക്ക് മുന്നില്‍ മറ്റൊന്നും തടസ്സമായി തോന്നിയില്ല. സ്വന്തം ജീവന്‍ പണയം വച്ച് അവര്‍ ഗുഹയിലേക്കിറങ്ങി. ഇരുട്ട് മാത്രം കൂടെയുണ്ടായിരുന്ന ദിനരാത്രങ്ങള്‍ തളളിനീക്കി 9-ാം നാള്‍ ബ്രിട്ടീഷ് മുങ്ങല്‍ വിദഗ്ധരായ ജോണ്‍ വോളന്റയിനും റിച്ചാര്‍ഡ് സ്റ്റാന്‍ഡനും കുട്ടികള്‍ ദൂരെ ഒരു പാറക്കെട്ടില്‍ ഇരിക്കുന്നതായി കണ്ടെത്തി. ഗുഹാമുഗത്തില്‍ നിന്ന് 4 കിലോമീറ്റര്‍ അകലെയായിരുന്നു കുട്ടികള്‍. ക്ഷീണിതരെങ്കിലും അതിശയിപ്പിക്കുംവിധം പ്രസന്നമായിരുന്നു അവരുടെ മുഖങ്ങള്‍. രക്ഷാപ്രവര്‍ത്തകര്‍ക്ക് ആ തെളിഞ്ഞ മുഖങ്ങള്‍ നല്‍കിയ ഊര്‍ജം ചെറുതൊന്നുമായിരുന്നില്ല. തുടര്‍ന്നുളള പ്രവര്‍ത്തനങ്ങളെയത് എളുപ്പമാക്കി. സാധാരണ നിലയില്‍ 11 വയസ്സുളള ഒരു കുട്ടിക്ക് ഗുഹയിലൂടെയുളള ഡൈവിങ് സാധ്യമല്ല. വെളളം നിറഞ്ഞ ഗുഹയില്‍ മുന്നോട്ടുളള കാഴ്ച വ്യക്തമാകാതെ ഏറ്റവും അപകടകരമായ നിലയിലാണ് ഒരാള്‍ക്ക് മാത്രം സഞ്ചരിക്കാവുന്ന പാതയിലൂടെ കുട്ടികള്‍ നീങ്ങിയത്. രക്ഷാപ്രവര്‍ത്തകരുടെ കൈയില്‍ ഒരു ടോര്‍ച്ച് മാത്രം. അതിന്റെ വെളിച്ചംപോലും ഇടുങ്ങിയ വഴിയില്‍ എത്തിയതുമില്ല. എന്നിട്ടും അവര്‍ മുന്നോട്ടു നീങ്ങി. മൂന്നാഴ്ചയോളം ഗുഹയില്‍, ഇരുട്ടില്‍ അകപ്പെട്ടിട്ടും കുടുംബാംഗങ്ങളുമായി അകന്ന് കഴിഞ്ഞിട്ടും അവരില്‍ കണ്ട ശാന്തത ആരെയും അതിശയിപ്പിക്കുന്നതായിരുന്നു. ഒരുപക്ഷെ ദൈവത്തിന്റെ അപാരമായ കാരുണ്യം അവരില്‍ ശാന്തി വര്‍ഷിച്ചതാകാം. എന്തായാലും ഇപ്പോള്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഇവരുടെ ശാരീരിക - മാനസിക നില തികച്ചും തൃപ്തികരമാണെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്.
സന്തോഷകരമായ വാര്‍ത്ത പങ്കിടാന്‍ പക്ഷെ സമന്‍ഗുനന്‍ ഇല്ലാതെപോയത് വലിയ വേദനയായി. തായ്‌ലന്‍ഡ് നാവികസേനയില്‍ നിന്ന് വിരമിച്ച ഈ 38 കാരന്‍ ഗുഹയില്‍ അകപ്പെട്ടവരെ രക്ഷിക്കാന്‍ വേണ്ടിയാണ് വീണ്ടും തന്റെ ജോലിയില്‍ തിരിച്ചെത്തിയത്. ഗുഹയിലുള്ളവര്‍ക്ക് ആവശ്യമായ ഓക്‌സിജന്‍ സിലിണ്ടര്‍ എത്തിച്ച ശേഷം മടങ്ങും വഴി ബോധരഹിതനായി മരണത്തിന് കീഴടങ്ങുകയായിരുന്നു. സമന്‍ ഇനിയില്ലെന്ന് ഓര്‍ക്കുമ്പോള്‍ വിഷമമുണ്ടെങ്കിലും അദ്ദേഹത്തെ ഓര്‍ത്ത് അഭിമാനിക്കുകയാണെന്ന ഭാര്യ വാലിപൂണിന്റെ വാക്കുകള്‍ തന്നെയാണ് ലോകത്തിനും പറയാനുളളത്.
അപ്രതീക്ഷിത ദുരന്തത്തില്‍ അകപ്പെടുമ്പോള്‍ മാനവികതയുടെ കൂട്ടായ്മ രക്ഷക്കെത്തുന്നതിന്റെ ത്രസിപ്പിക്കുന്ന അനുഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. 2010 ഉത്തര ചിലിയിലെ അറ്റക്കാമ പ്രവിശ്യയില്‍ സാന്‍ജോസ് ഖനിയില്‍ കുടുങ്ങിപ്പോയ 33 പേരെ 69 ദിവസത്തിനു ശേഷം രക്ഷിച്ചത് ഇത്തരം ഒരു ഒത്തൊരുമയിലൂടെയായിരുന്നു. ഖനിയിലേക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ തുരങ്കം നിര്‍മിച്ചാണ് അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. നിരപരാധികളെ ചുട്ടുകൊല്ലാന്‍ പുതിയ പോര്‍മുഖങ്ങള്‍ തുറക്കുന്നതിന് സമ്പത്തും സമയവും ധൂര്‍ത്തടിച്ച് മത്സരിക്കുന്ന രാജ്യങ്ങള്‍ക്ക് സ്‌നേഹത്തിന്റെ, സഹകരണത്തിന്റെ, സൃഷ്ടിയുടെ തിരിച്ചറിവ് ബോധ്യപ്പെടാന്‍ ഇത്തരം സംഭവങ്ങള്‍ നിമിത്തം ആയെങ്കിലെന്ന് പ്രാര്‍ഥിക്കാനെ മനുഷ്യസ്‌നേഹികള്‍ക്ക് കഴിയൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."