നാലരവയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പിതാവ് അറസ്റ്റില്‍
തൊടുപുഴ: ഏഴുവയസുകാരന്‍ അമ്മയുടെ സുഹൃത്തിന്റെ മര്‍ദനമേറ്റ് മരിച്ചതിന്റെ മുറിവുണങ്ങും മുന്‍പേ ഇടുക്കിയില്‍ നാലരവയസുകാരനെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍. ഇടുക്കി ജില്ലാ ആസ്ഥാനത്താണ് മനഃസാക്ഷിയെ മരവിപ്പിക്കുന്ന സംഭവം അരങ്ങേറിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം കുട്ടിക്ക് പുറം വേദനയാണെന്ന് പറഞ്ഞതിനെ തുടര്‍ന്ന് വിശദമായി ചോദിച്ചപ്പോഴാണ് പിതാവ് ഉപദ്രവിച്ചിരുന്നതായി കുട്ടി മുത്തശ്ശിയോടും ബന്ധുക്കളോടും പറയുന്നത്. തുടര്‍ന്ന് തിങ്കളാഴ്ച വൈകുന്നേരം മുത്തശ്ശി കുട്ടിയുമായി ഇടുക്കി മെഡിക്കല്‍ കോളജില്‍ ചികിത്സക്കെത്തി. കുട്ടിക്കെതിരേ പ്രകൃതിവിരുദ്ധ പീഡനശ്രമം നടന്നതായി മനസിലാക്കിയ ഡോക്ടര്‍മാര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിക്കുകയായിരുന്നു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ രാത്രി തന്നെ ഇടുക്കി പൊലിസിന് റിപ്പോര്‍ട്ട് കൈമാറി. നാളുകളായി അച്ഛന്‍ ഉപദ്രവിച്ചിരുന്നതായി കുട്ടി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോട് പറഞ്ഞു.
നാലരവയസുകാരന്റെ അമ്മ വിദേശത്താണ്. അമ്മൂമ്മയോടൊപ്പമാണ് കുട്ടി കഴിയുന്നത്. ചൈല്‍ഡ് ലൈനിന്റെ റിപ്പോര്‍ട്ടിന്റെയും കുട്ടിയുടെ മുത്തശ്ശിയുടെ പരാതിയുടെയും അടിസ്ഥാനത്തില്‍ പിതാവിനെതിരേ ഇടുക്കി പൊലിസ് കേസെടുത്തു. ഇടുക്കി സി.ഐ രാജന്‍ കെ. അരമനയുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
നിര്‍മാണത്തൊഴിലാളിയായ ഇയാള്‍ മദ്യപിച്ച് വീട്ടിലെത്തി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലിസ് വ്യക്തമാക്കി. ആവശ്യമെങ്കില്‍ കുട്ടിയെ ഏറ്റെടുത്ത് സുരക്ഷിത സ്ഥലത്തേക്ക് മാറ്റുമെന്നും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."