സാഹചര്യം ഗുരുതരം; ഓഗസ്റ്റോടെ ഓരോ ജില്ലയിലും 5,000 രോഗികളുണ്ടായേക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കൂടുതല്‍ ആശങ്കാജനകമായി പടരുമെന്ന് മന്ത്രിസഭായോഗത്തിന്റെ വിലയിരുത്തല്‍. ഓഗസ്റ്റോടെ ഓരോ ജില്ലയിലും 5,000ത്തോളം രോഗികളുണ്ടായേക്കും. ആ സാഹചര്യം മുന്നില്‍കണ്ട് പ്രതിരോധപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
ആശങ്കാജനകമായ സാഹചര്യം മുന്നില്‍കണ്ട് ഓരോ പഞ്ചായത്തിലും കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളൊരുക്കും. ഇവിടെ ആവശ്യത്തിന് ആരോഗ്യപ്രവര്‍ത്തകരെ നിയോഗിക്കും. സെന്ററുകളൊരുക്കാനുള്ള കെട്ടിടങ്ങള്‍ കണ്ടെത്താന്‍ അതാതു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. തദ്ദേശ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മതസ്ഥാപനങ്ങള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവ കണ്ടെത്തി സൗകര്യമൊരുക്കണം. ഇതിനുള്ള ചെലവ് തദ്ദേശ സ്ഥാപനങ്ങളുടെ തനതു ഫണ്ടില്‍ നിന്ന് എടുക്കാമെന്നും മന്ത്രിസഭ നിര്‍ദേശിച്ചു.
ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള തിരുവനന്തപുരത്ത് സ്ഥിതി അതീവ ഗുരുതരമാണെന്നും മന്ത്രിസഭ വിലയിരുത്തി. പൂന്തുറയ്ക്കും ചെല്ലാനത്തിനും പുറമെ കൂടുതല്‍ തീരമേഖലകളിലേക്ക് കൊവിഡ് വ്യാപിച്ചേക്കാമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ യോഗത്തില്‍ പറഞ്ഞു.
11 ജില്ലകളിലും ക്ലസ്റ്ററുകള്‍ രൂപപ്പെട്ടെന്ന് ആരോഗ്യ മന്ത്രി യോഗത്തില്‍ ചൂണ്ടിക്കാട്ടി. ഉറവിടമില്ലാത്ത കേസുകളും ക്ലസ്റ്ററുകളും കൂടുന്നതോടെ സമൂഹവ്യാപന ആശങ്ക ശക്തമാകുന്നുവെന്നും യോഗം വിലയിരുത്തി. പ്രാദേശികമായി പടര്‍ന്ന 50ലധികം കേസുകള്‍ വരുന്നതോടെ രൂപം കൊള്ളുന്ന ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്ററാണ് ഇതില്‍ ഏറ്റവും അപകടകരം. നിലവില്‍ പൊന്നാനിയും പൂന്തുറയും ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്ററാണ്. പൂന്തുറയില്‍ സമൂഹവ്യാപനത്തിന്റെ തൊട്ടുമുന്‍പത്തെ ഘട്ടമായ സൂപ്പര്‍ സ്‌പ്രെഡ് സംഭവിച്ചുകഴിഞ്ഞു. 50ലധികം പേരിലേക്ക് രോഗം പടര്‍ന്ന തൂണേരിയും ഈ നിലയില്‍ തുടര്‍ന്നാല്‍ ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്ററായേക്കും. ജവാന്‍മാരില്‍ രോഗം പടര്‍ന്നുപിടിച്ച കണ്ണൂരിലെ സി.ഐ.എസ്.എഫ് ക്യാംപ്, ഡി.എസ്.സി ക്യാംപ്, ആലപ്പുഴ നൂറനാട് ഐ.ടി.ബി.പി എന്നിവ ക്ലോസ്ഡ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകളാണ്. ആശുപത്രികളിലും ഫ്‌ളാറ്റുകളിലും ഓഫിസുകളിലും രോഗം പടര്‍ന്നുപിടിച്ച ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്ലസ്റ്ററായി മൂന്നു സ്ഥലങ്ങള്‍ സംസ്ഥാനത്ത് രൂപപ്പെട്ടെന്നും മന്ത്രിസഭ വിലയിരുത്തി.
12 ക്ലസ്റ്ററുകളെ കണ്ടെയ്ന്‍മെന്റ് നടപടികളിലൂടെ ഇതിനോടകം ഇല്ലാതാക്കാന്‍ കഴിഞ്ഞെന്നും മന്ത്രിസഭ വിലയിരുത്തി. വയനാട്, കാസര്‍കോട് ജില്ലകളാണ് ഇങ്ങനെ പൂര്‍ണമായും ക്ലസ്റ്റര്‍ മുക്തമായത്. ദിവസേനയുള്ള സമ്പര്‍ക്കവ്യാപനം ഇതിനോടകം 50 ശതമാനം പിന്നിട്ടതിനാല്‍ ക്ലസ്റ്ററുകളുടെ എണ്ണവും കൂടാനാണ് സാധ്യത. അങ്ങനെയെങ്കില്‍ കാത്തിരിക്കുന്നത് സമൂഹവ്യാപനമെന്ന ഭയപ്പെട്ട അപകടമാകുമെന്നും മന്ത്രിസഭാ യോഗം ആശങ്ക രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."