ജില്ലയിലെ പ്രഥമ സൈക്കിള്‍വീഥി നിര്‍മാണം പ്രഖ്യാപനത്തിലൊതുങ്ങി
പുത്തൂര്‍: 2016 ജൂണില്‍ പ്രഖ്യാപിച്ചതാണ് നൂറടി റോഡില്‍ ജില്ലയിലെ ആദ്യ സൈക്കിള്‍വീഥി. പ്രഭാതസവാരിക്ക് ഏറെ ആശ്രയിക്കുന്നവര്‍ പ്രതീക്ഷയോടെയാണ് സൈക്കിള്‍ വീഥിയെന്ന ആശയം കേട്ടത്.
പക്ഷേ പ്രഖ്യാപനം കഴിഞ്ഞ് ഒരു വര്‍ഷം തികയാനായിട്ടും പ്രാരംഭഘട്ട നടപടികള്‍ പോലും പൂര്‍ത്തിയായിട്ടില്ല.
അമൃത് (അടല്‍ മിഷന്‍ ഫോര്‍ റിജുവനേഷന്‍ ആന്‍ഡ് അര്‍ബന്‍ ട്രാന്‍സ്ഫര്‍മേഷന്‍) പദ്ധതിയില്‍ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭിച്ച ആറ് പദ്ധതികളിലൊന്നാണിത്. കല്‍വാക്കുളം തോട് പുനരുദ്ധാരണം, കോട്ടമൈതാനം നവീകരണം, രമാദേവി നഗര്‍ പാര്‍ക്ക്, ഈശ്വര്‍ ഗാര്‍ഡന്‍ പാര്‍ക്ക്, മുനിസിപ്പാലിറ്റി ട്രാഫിക് പാര്‍ക്ക് നവീകരണം എന്നിവയാണ് മറ്റ് അഞ്ച് പദ്ധതികള്‍.
നൂറടി റോഡ് മുക്കൈ പുഴവരെ സൗന്ദര്യവത്കരിക്കാനും പദ്ധതിയിട്ടിരുന്നു. ആറ് പദ്ധതികള്‍ക്കും കൂടി ആറുകോടി രൂപ അനുവദിച്ചു കിട്ടിയെന്നാണ് അന്ന് ചെയര്‍ പേഴ്‌സണ്‍ അറിയിച്ചത്. പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മിക്കുന്ന പ്രവൃത്തികളുടെ ഉദ്ഘാടനവും നടത്തി.
ഇവ 2017-18 സാമ്പത്തികവര്‍ഷം അവസാനിക്കും മുമ്പ് പൂര്‍ത്തിയാക്കേണ്ടവയാണ്. ജില്ലയില്‍ ആദ്യത്തെ സൈക്കിള്‍ വീഥിയ്ക്കും നടപ്പാതക്കുമായി മൂന്നു കോടിയാണ് നീക്കി വച്ചത്.
വിക്‌ടോറിയ കോളജ് മുതല്‍ മന്തക്കാട് ജങ്ഷന്‍ വരെയുള്ള നൂറടി റോഡിലാണ് സൈക്കിള്‍ വീഥി വരുന്നത്.
പ്രഭാതസവാരിക്കാര്‍ മാത്രമല്ല, മലമ്പുഴയിലേക്ക് വരുന്ന സഞ്ചാരികളും നൂറടിപ്പാത വഴിയാണ് പോവാറ്. നിരവധി വാഹനങ്ങള്‍ കടന്നുപോകുന്നതിനാല്‍ കാല്‍നടയാത്രക്കാര്‍ ഏറെ സൂക്ഷിക്കണം.
എന്നാല്‍ നൂറടിറോഡില്‍ സൈക്കിള്‍ വീഥിയും നടപ്പാതയും നിര്‍മിക്കുന്നതിന് വിശദപദ്ധതിവിവരം തയ്യാറാക്കുകയാണെന്നും വിശദപദ്ധതിവിവരം തയ്യാറാക്കാന്‍ ഏജന്‍സികളെ ലഭിക്കാഞ്ഞതാണ് പദ്ധതി വൈകാന്‍ കാരണമെന്നുമാണ് നഗരസഭയുടെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."